Connect with us

Articles

പിണറായി അധികാരമേല്‍ക്കുമ്പോള്‍

Published

|

Last Updated

ഏറെ പ്രതീക്ഷകളോടെയും വര്‍ധിത ഊര്‍ജത്തോടെയുമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ജനങ്ങളുടെ പ്രതീക്ഷ സഫലമാകുമെന്ന സൂചന സമ്മാനിച്ചു കൊണ്ടാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ആദ്യ ദിനം തന്നെ പൂര്‍ത്തിയാക്കിയത്. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് സാമ്പത്തിക പിന്നാക്കാവസ്ഥ മറികടന്ന് സുശക്തവും സുദൃഢവുമായ ഖജനാവും നാളേക്കുള്ള കരുതലും തന്നെയായിരിക്കും സര്‍ക്കാറിന് മുന്‍ഗണന നല്‍കേണ്ട മേഖല. ഈ ഒരു ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് പഞ്ചവത്സര പദ്ധതികള്‍ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നത്.
പ്രഥമ പരിഗണന നല്‍കേണ്ടത് സാമ്പത്തിക മേഖലക്ക് തന്നെയാണെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. യു ഡി എഫ് ഭരണത്തിന്റെ അവസാന നാളുകളില്‍ സാമ്പത്തിക നില അത്യന്തം ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത് . വിവിധ ഏജന്‍സികളില്‍ നിന്ന് കടമെടുത്തും കൊടുത്തുതീര്‍ക്കാനുള്ള ഫണ്ടുകളും പദ്ധതി വിഹിതവുമെല്ലാം നല്‍കാതെ മാറ്റിവെച്ചുമാണ് സര്‍ക്കാര്‍ ദൈനംദിന ചെലവുകള്‍ക്ക് പണം കണ്ടെത്തിയത്. കേരളത്തില്‍ ഓരോ സര്‍ക്കാറുകളും കാലാവധി തീരാനാകുന്ന വേളയില്‍ ഖജനാവിന്റെ ഭദ്രത ഉറപ്പ് വരുത്താതെ കരുതല്‍ പെരുമ്പറയടിച്ച് പണം ചെലവിടുകയാണ് ചെയ്യുന്നത്. മാറിവരുന്ന സര്‍ക്കാറുകള്‍ക്ക് തുടക്കത്തില്‍ തന്നെ അമിത സാമ്പത്തിക ഭാരം താങ്ങേണ്ടിവരുന്നതും ഖജനാവിനെ പുഷ്ടിപ്പെടുത്താനുള്ള നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരുന്നതും ഇതു കൊണ്ടു തന്നെയാണ്. ഇക്കാര്യം ബോധ്യമുള്ളതു കൊണ്ടാണ് ഇപ്പോള്‍ ധനകാര്യമന്ത്രിയായി ചുമതലയേറ്റ ടി എം തോമസ് ഐസക്കിന് സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് മുന്‍കൂട്ടി പറയേണ്ടിവരുന്നതും സര്‍ക്കാര്‍ ധവളപത്രം ഇറക്കാന്‍ നിര്‍ബന്ധിതമാകുന്നതും.
ധനകാര്യ വിദഗ്ധനായ ഐസക്കിന് വകുപ്പിലെ സാമ്പത്തിക ക്രയ വിക്രയം പരിശോധിച്ചാല്‍ മാത്രമേ സാമ്പത്തിക കടക്കെണിയുടെ ഉള്ളുകള്ളികളെ കുറിച്ചും ആഴത്തെ കുറിച്ചും വ്യക്തമാകുകയുള്ളൂ. അകത്തുകയറി പരിശോധിച്ചാല്‍ ഐസക്കിന് അഭിപ്രായം മാറ്റിപ്പറയേണ്ടിവരുമെന്ന മുന്‍ സര്‍ക്കാറിനെ നയിച്ച ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ ഫലത്തില്‍ ദുസ്സൂചനയായി കണ്ടാല്‍ മതി.
മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതിലാണ് പിണറായി സര്‍ക്കാര്‍ ദീര്‍ഘദര്‍ശിത്വം പ്രകടിപ്പിക്കേണ്ടത്. ഇക്കാര്യത്തില്‍ പിണറായിയുടെ ഭരണ വൈദഗ്ധ്യമാണ് കേരളം അനുഭവിച്ചറിയുക. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കൊടുത്തു തീര്‍ക്കാനായി കേരളത്തിന്റെ വരുമാനത്തിന്റെ മുഖ്യപങ്കും വിനിയോഗിക്കണമെന്നിരിക്കെ പദ്ധതി നടത്തിപ്പിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി പണം കണ്ടെത്തുകയെന്നതാണ് സര്‍ക്കാറിന് മുമ്പിലെ പ്രധാന വെല്ലുവിളി . ഇതിനായി നികുതി വര്‍ധിപ്പിക്കുയോ പൊതുജന സേവനങ്ങള്‍ക്കുള്ള തുക കൂട്ടുകയോ ചെയ്യാനാവില്ലെന്ന സന്ദേശം സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. നികുതി കാര്യക്ഷമമായി പിരിച്ചെടുക്കുകയും പാഴ്‌ച്ചെലവുകള്‍ നിയന്ത്രിച്ചും നികുതി വെട്ടിപ്പ് തടയാന്‍ വാളയാര്‍ മോഡല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയും ഖജനാവിനെ സമ്പുഷ്ടമാക്കുകയയെന്നതാണ് സര്‍ക്കാറിന്റെ ദൗത്യമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. .
ആദ്യ ദിനത്തില്‍ തന്നെ പ്രതീക്ഷാനിര്‍ഭരമായ നടപടികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. പ്രഥമ മന്ത്രിസഭാ യോഗത്തില്‍ തന്നെ ജനോപകാര പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്താനുള്ള ശ്രമം സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായി. വിലക്കയറ്റമാണ് സംസ്ഥാനത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന പ്രധാനപ്രശ്‌നം. സാധാരണക്കാരന്റെ ജീവിത നിലവാരം നാള്‍ക്കുനാള്‍ ഉയരുകയാണ്. തൊഴിലില്ലായ്മയും സാമ്പത്തിക ഞെടുക്കവും സാധാരണക്കാരെ വരിഞ്ഞ് മുറുക്കിക്കൊണ്ടിരിക്കുന്നു .അവശ്യ സാധനങ്ങള്‍ക്ക് വാണം പോലെ വിലകുതിച്ചുയരുകയാണ്. പകച്ചു നില്‍ക്കാനല്ലാതെ സാധാരണക്കാരനു മുമ്പില്‍ മറ്റ് മാര്‍ഗങ്ങളൊന്നും തെളിയുന്നില്ല. ഇടത്തരക്കാരും പാവപ്പെട്ടവരും ആശ്രയിക്കാറുള്ള സപ്ലൈക്കോയും മാവേലി സ്റ്റോറുകളും സബ്‌സിഡി സാധനങ്ങളില്ലാതെ വരണ്ടു കിടക്കുകയാണ്. റേഷന്‍ കടകളിലാകട്ടെ അരിയും ഗോതമ്പും ചുരുങ്ങി പോകുന്നു . കുതിച്ചുയരുന്ന പൊതുവിപണിയെ തന്നെ എല്ലാവര്‍ക്കും ആശ്രയിക്കേണ്ടിവരുന്നു.
ഇത്തരമൊരു പ്രതിസന്ധി നിലനില്‍ക്കവേ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഇറങ്ങിപ്പുറപ്പെടുമെന്ന വ്യക്തമായ സൂചന സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. വിലക്കയറ്റം തടയാന്‍ അടിയന്തര നടപടിസ്വീകരിക്കും. ഇതിനായി അനുവദിച്ച തുക ഇരട്ടിയാക്കും. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താന്‍ നടപടികള്‍ കൊക്കൊള്ളും. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ നവീകരിക്കും.തുടങ്ങിയ തീരുമാനങ്ങള്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഉണ്ടായിരിക്കെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്കും പൊതുജനം നേരിടുന്ന വെല്ലുവിളികള്‍ക്കും മുമ്പില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ കണ്ണടക്കില്ലെന്ന വ്യക്തമായ സന്ദേശം നല്‍കിക്കഴിഞ്ഞിരിക്കയാണ്.
എല്‍ ഡി എഫ് വരും എല്ലാം ശരിയാവും എന്ന ഇടതുമുന്നണിയുടെ കൊതിപ്പിക്കുന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യം ജനം ഏറ്റെടുത്ത സാഹചര്യത്തില്‍ കേരളത്തിലെ സങ്കീര്‍ണമായ സ്ഥിതിഗതികളെ ശരിയാക്കാതെ സര്‍ക്കാറിന് മുമ്പോട്ട് പോകാനാകില്ല. നല്ലദിനങ്ങള്‍ സമ്മാനിക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് സര്‍ക്കാര്‍ കാലെടുത്തു വെക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിച്ചു കൊടുക്കുകയെന്ന മാതൃകാപരമായ നടപടികള്‍ പ്രകടനപത്രികയിലെഴുതി ചേര്‍ത്ത ഇടതുമുന്നണി ഇത് പ്രാവര്‍ത്തികമാക്കാനുള്ളതാണെന്ന് ആദ്യ മന്ത്രിസഭാ യോഗ തീരുമാനത്തിലൂടെ തെളിയിക്കുകയും ചെയ്തിരിക്കയാണ്. കേരളത്തില്‍ സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ എക്കാലവും ഉത്കണ്ഠ പ്രകടിപ്പിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് ഇടതുപക്ഷം. അധികാരത്തിലേറിയാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ അമാന്തം കാണിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സാക്ഷര കേരളത്തിന് നാണക്കേടുണ്ടാക്കിയ ജിഷ എന്ന പെണ്‍കുട്ടിയുടെ ക്രൂര മര്‍ദനത്തെ കുറിച്ചന്വേഷിക്കാന്‍ എ ഡി ജി പി സന്ധ്യയെന്ന വനിതാ പോലീസുദ്യോഗസ്ഥയെ നിയോഗിച്ചു തന്നെ സര്‍ക്കാറിന്റെ ദൃഢചിത്തതക്ക് ഉദാഹരണമാണ്.
അഴിമതി രഹിത ഭരണം സംസ്ഥാനത്ത് കാഴ്ചവെക്കുമെന്നതാണ് പിണറായി വിജയന്റെ വാഗ്ദാനം. കേരളം വോട്ടു ചെയ്തതു തന്നെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെയായിരുന്നുവല്ലോ. ഈ സാഹചര്യത്തില്‍ അഴിമതിയുമായി സന്ധി ചെയ്യില്ലെന്ന വ്യക്തമായ കാഴ്ചപ്പാടോടെയാണ് പിണറായി മന്ത്രിമാരെ തിരഞ്ഞെടുത്തതും അവര്‍ക്ക് വകുപ്പ് വീതിച്ചു നല്‍കിയതും . അഴിമതി അരങ്ങുവാഴുന്ന പൊതുമരാമത്ത് വകുപ്പ് കറകളഞ്ഞ ജി സുധാകരനെ ഏല്‍പ്പിച്ചതു തന്നെ ഇതില്‍ നിന്ന് വ്യക്തം.
സംസ്ഥാനത്ത് പരിസ്ഥിതി സൗഹൃദ വികസനം നടപ്പാക്കുകയെന്നതാണ് സര്‍ക്കാറിന് മുമ്പിലെ മറ്റൊരു വെല്ലുവിളി. നവകേരള യാത്രയിലുടനീളം വികസന കാഴ്ചപ്പാട് മുന്നോട്ട് വെച്ച പിണറായി വിജയന് പരിസ്ഥിതി സൗഹൃദ വികസനം സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. കേരളത്തില്‍ വികസന പദ്ധതികള്‍ പലപ്പോഴും മുന്നോട്ട് വെക്കുമ്പോഴും പരിസ്ഥിതിക്ക് വിഘാതമാകുന്നവക്ക് തടസ്സമുന്നയിക്കാറുണ്ട്. എന്നാല്‍ ഈ വിമര്‍ശങ്ങളത്രയും വികസനവിരോധത്തിന്റെ പേരിലാണെന്ന് മുദ്രകുത്താറുമുണ്ട്. എന്നാല്‍ പരിസ്ഥിതിക്ക് ദോഷകരമാവുന്ന, മനുഷ്യന് ദ്രോഹമുണ്ടാക്കുന്ന വികസനങ്ങളെ എതിര്‍ക്കപ്പെടേണ്ടതാണ് എന്നിരിക്കെ ഇടത് സര്‍ക്കാറിന് ഇക്കാര്യത്തില്‍ പ്രത്യേകമായൊരു കാഴ്ചപ്പാട് രൂപപ്പെടുത്തേണ്ടതുണ്ട്.
ന്യൂനപക്ഷ ക്ഷേമ നടപടികള്‍ക്ക് ആക്കം കൂട്ടുകയെന്നതാണ് സര്‍ക്കാറിന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മറ്റൊരു മേഖല. ന്യൂനപക്ഷ ക്ഷേമ വകുപ്പ് തന്നെ ഇതിനായി പ്രവര്‍ത്തിക്കാനും ചുറുചുറുക്കുള്ള കെ ടി ജലീലിനെ ഈ വകുപ്പ് ഏല്‍പ്പിക്കുകയും ചെയ്യുക വഴി സര്‍ക്കാര്‍ ലക്ഷ്യം വ്യക്തമാക്കിക്കഴിഞ്ഞു. ഇടതു ഭരണ വേളയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അരക്ഷിതാവസ്ഥ ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. മദ്യ നയത്തിലാണ് ഇടതു സര്‍ക്കാര്‍ ചങ്കുറപ്പോടെയുള്ള നടപടി സ്വീകരിക്കേണ്ട്ത്. മദ്യനിരോധവും മദ്യവര്‍ജനവും തമ്മില്‍ വാഗ്വാദം ഉടലെടുക്കുകയും ബാര്‍ മുതലാളിമാര്‍ക്ക് കുഴലൂതുമെന്ന് ഇടതുമുന്നണിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തില്‍ മദ്യ വ്യാപനം തടയുക എന്ന ലക്ഷ്യം വെച്ചു കൊണ്ടുള്ള നയം സര്‍ക്കാറിന് ആവിഷ്‌കരിക്കേണ്ടി വരും,
എല്ലാവര്‍ക്കും വീട് എല്ലാവര്‍ക്കും ഭക്ഷണം, പ്രവാസി ക്ഷേമം, വിഷരഹിത പച്ചക്കറി വ്യാപനം , ന്യായവിലക്ക് അവശ്യമരുന്നുകള്‍. വനിതാ ക്ഷേമം സുരക്ഷിതത്വം എന്നിവയുടെ കാര്യത്തിലും സര്‍ക്കാരിന് മുന്നേറേണ്ടതുണ്ട്.

 

Latest