Connect with us

Gulf

റമസാനിലെ കര്‍മപദ്ധതികളുമായി സര്‍ക്കാറും സന്നദ്ധ സംഘടനകളും

Published

|

Last Updated

ദോഹ: റമസാന്‍ വ്രതാരംഭത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ പ്രത്യേക പരിപാടികളും റിലീഫ് പദ്ധതികളുമായി സര്‍ക്കാറും സന്നദ്ധ സംഘടനകളും. അഖല്ല് മിന്‍ അല്‍ വാജിബ് എന്ന പ്രമേയത്തിന്റെ കീഴില്‍ വിവിധ പരിപാടികള്‍ വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഖത്വറിലും മറ്റ് 15 രാഷ്ട്രങ്ങളിലുമായി 96 മില്യന്‍ ഖത്വര്‍ റിയാലിന്റെ സഹായങ്ങളും മറ്റു പദ്ധതികളും ഖത്വര്‍ റെഡ് ക്രസന്റ് സൊസൈറ്റി (ക്യു ആര്‍ സി എസ്) പ്രഖ്യാപിച്ചിട്ടുണ്ട്.
ആടു സബ്‌സിഡികള്‍, വിവിധ ഉത്പന്നങ്ങള്‍ക്ക് വില കുറക്കല്‍, ഇസ്‌ലാമികവും ഹലാലുമായ ജീവിതരീതി കെട്ടിപ്പടുക്കാന്‍ വിവിധ പ്രചാരണങ്ങളും ബോധവ്തകരണ പരിപാടികളും തുടങ്ങിയവ അടങ്ങിയതാണ് വാണിജ്യ മന്ത്രാലയത്തിന്റെ റമസാന്‍ പരിപാടികള്‍. മന്ത്രാലയത്തിന്റെ യു ട്യൂബ് ചാനലിലൂടെയാണ് ബോധവത്കരണം നടത്തുക. വില കുറച്ച് അവശ്യസാധനങ്ങള്‍ ലഭ്യമാക്കുക, അല്‍ ബറക കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സബിലിറ്റി പദ്ധതി, ഇഖ്തിസാദി ബേങ്ക് കാര്‍ഡ് ക്യാംപയിന്‍, ബേക്കറികളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കല്‍, സ്വര്‍ണാഭരണ വ്യവസായം നിയന്ത്രിക്കുക തുടങ്ങി നിരവധി പദ്ധതികളും മന്ത്രാലയം ആസൂത്രണം ചെയ്തിട്ടുണ്ട്. വിപണിയും വ്യവസായങ്ങളും കൃത്യമായി നിയന്ത്രിക്കുന്നതിന് പരിശോധന ശക്തമാക്കും. ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, യു ട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ മന്ത്രാലയത്തിന്റെ പ്രചാരണങ്ങള്‍ ലഭിക്കും. വാട്ട്‌സ്ആപ്പ് നമ്പര്‍: 66111400.
ഖത്വര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ റമസാന്‍ പദ്ധതികള്‍ 11 മില്യന്‍ ഖത്വര്‍ റിയാലിന്റെതും ബാക്കി 85 മില്യന്‍ റിയാല്‍ വര്‍ഷം മൊത്തമുള്ള പദ്ധതികള്‍ക്കുമാണ് വിനിയോഗിക്കുകയെന്ന് സെക്രട്ടറി ജനറല്‍ സ്വാലിഹ് ബിന്‍ അലി അല്‍ മുഹന്നദി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വീട്, ആരോഗ്യ സംരക്ഷണം, ഭക്ഷണം, ഭക്ഷണേതര സാധനങ്ങള്‍, വെള്ളം, ശൗചാലയം, വിദ്യാഭ്യാസം, കുടുംബധനസഹായം, ആരോഗ്യ- സാമൂഹിക ബോധവത്കരണം തുടങ്ങിയ മേഖലകളിലാണ് റെഡ് ക്രസന്റ് സൊസൈറ്റി പദ്ധതികള്‍ നടപ്പാക്കുക. റമസാന്‍ ഇഫ്താര്‍, ഈദ് വസ്ത്രങ്ങള്‍, ദിസ് ഈസ് മൈ വിഷ്, റിസൈറ്റ് ആന്‍ഡ് അസെന്റ് തുടങ്ങിയ രാജ്യത്തെ പദ്ധതികള്‍ 31.17 ലക്ഷം ഖത്വര്‍ റിയാല്‍ ചെലവിലാണ് നടത്തുക. സിറിയ, ലബനോന്‍, ഫലസ്തീന്‍, ജറുസലേം, ജോര്‍ദാന്‍, യമന്‍, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, സുഡാന്‍, സോമാലിയ, നൈജര്‍, ഛാഡ്, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, എത്യോപ്യ എന്നീ രാജ്യങ്ങളിലെ 126130 കുടുംബങ്ങള്‍ക്ക് 78.39 ലക്ഷം ഖത്വര്‍ റിയാല്‍ ചെലവില്‍ അന്താരാഷ്ട്ര ഇഫ്താര്‍ നടത്തും. പ്രാദേശികമായി 33 മില്യന്‍ റിയാല്‍ ചെലവില്‍ ആരോഗ്യ- സാമൂഹിക- പുനരധിവാസ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തും. 5.15 കോടി റിയാല്‍ ചെലവിലാണ് ഈ വര്‍ഷം അന്താരാഷ്ട്ര പദ്ധതികള്‍ നടത്തുക.

Latest