Connect with us

Kerala

സാമ്പത്തിക പ്രതിസന്ധി മുതല്‍ വിലക്കയറ്റം വരെ; സര്‍ക്കാറിന് മുന്നില്‍ വെല്ലുവിളികളേറെ

Published

|

Last Updated

തിരുവനന്തപുരം:ഇന്ന് അധികാരമേല്‍ക്കുന്ന പിണറായി സര്‍ക്കാറിന് മുന്നില്‍ വെല്ലുവിളികളേറെ. സാമ്പത്തിക പ്രതിസന്ധി തന്നെയാണ് മുഖ്യവെല്ലുവിളി. വിലക്കയറ്റം, കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ച, മാലിന്യ സംസ്‌കരണം തുടങ്ങി പരിഹാരം കാത്തുകിടക്കുന്ന മേഖലകള്‍ ഏറെയുണ്ട്. ഭരണമാറ്റത്തിന് വഴിതുറന്നതില്‍ പ്രധാനമായ അഴിമതി കേസുകളിലെ തുടര്‍നടപടികളെന്താകുമെന്നും കേരളം ഉറ്റുനോക്കുന്നു. ജിഷ കൊലക്കേസിലെ പ്രതിയെ പിടികൂടുകയെന്നതാണ് ആഭ്യന്തര വകുപ്പിന്റെ ആദ്യ വെല്ലുവിളി. നികുതി ചോര്‍ച്ചയുടെ വ്യാപ്തി വളരെ വലുതാണ്. വരുമാന വര്‍ധനക്കായി കെ എം മാണി ധനമന്ത്രിയായിരിക്കെ കൊണ്ടുവന്ന പരിഷ്‌കാരങ്ങളൊന്നും ഫലപ്രദമായിട്ടില്ല. ഖജനാവിനെക്കുറിച്ചുള്ള ധാരണ മനസ്സിലാക്കി തന്നെയാണ് സാമ്പത്തിക നില അറിയിക്കാന്‍ ധവളപത്രം ഇറക്കുമെന്ന് നിയുക്ത മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് പ്രഖ്യാപിച്ചതും.

പ്രതിസന്ധിയില്ലെന്ന് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിക്കുമ്പോഴും കഴിഞ്ഞ മാസത്തെ ശമ്പളവും പെന്‍ഷനും കൊടുത്തത് പൊതുവിപണിയില്‍ നിന്ന് കടമെടുത്താണ്. ബജറ്റിലെ ചെലവുകള്‍ക്ക് പണം കണ്ടത്തൊന്‍ വിഷമിച്ച സര്‍ക്കാര്‍ വാര്‍ഷിക പദ്ധതികളുടെ വിനിയോഗം പലപ്പോഴും പേരിന് മാത്രമാക്കിയിരുന്നു. മൂലധനച്ചെലവിന് വകയിരുത്തിയ പണംപോലും കാര്യമായി വിനിയോഗിക്കാനായില്ല. ട്രഷറി ബാലന്‍സിന് വേണ്ടി ഈ മാസം 1,500 കോടിയിലേറെ കടമെടുത്തിട്ടുണ്ട്. ശമ്പള പരിഷ്‌കരണം നടപ്പാക്കിയെങ്കിലും കുടിശ്ശിക നല്‍കിയിട്ടില്ല. ഇത് നാല് ഗഡുക്കളായി നല്‍കാനാണ് ഉത്തരവ്. വര്‍ധിപ്പിച്ച ശമ്പളം നല്‍കാന്‍ ആവശ്യമായ പണം കണ്ടെത്തേണ്ട ബാധ്യത ഇന്ന് അധികാരമേല്‍ക്കുന്ന സര്‍ക്കാറിനാണ്. നികുതി നിരക്ക് വര്‍ധിപ്പിക്കാതെ തന്നെ പ്രതിസന്ധി മറികടക്കുമെന്നാണ് നിയുക്ത മന്ത്രി വ്യക്തമാക്കുന്നത്.
അനാവശ്യ ചെലവുകള്‍ കുറക്കാനും നികുതി ചോര്‍ച്ച തടയാനും കുടിശ്ശിക പിരിക്കാനും നടപടികള്‍ വരും. നേരത്തേ തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോള്‍ ഈ രംഗങ്ങളില്‍ ഏറെ ശ്രദ്ധിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റാലുടന്‍ നിയമസഭയില്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കും.
ഈ വര്‍ഷത്തേക്ക് അവതരിപ്പിച്ച ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ല. പുതിയ സര്‍ക്കാര്‍ നയമനുസരിച്ച പദ്ധതികള്‍ വരും.
വൈദ്യുതി രംഗത്തെ പ്രതിസന്ധി, കാര്‍ഷിക മേഖലയിലെ വിലയിടിവ്, കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണ വില, കുടിശ്ശിക, സാമൂഹികക്ഷേമ പെന്‍ഷനുകളുടെ വിതരണം, പൊതു വിദ്യാഭ്യാസ രംഗത്തു പാഠപുസ്തക വിതരണം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവേശനം അടക്കമുള്ള കാര്യങ്ങളും വെല്ലുവിളി തന്നെ. കെ എസ് ആര്‍ ടി സി ഉള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ചയും അടിയന്തരമായി നേരിടേണ്ടേതുണ്ട്. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ പലതും അടഞ്ഞു കിടക്കുകയാണ്.

Latest