അസാമില്‍ സര്‍ബാനന്ദ മന്ത്രിസഭ അധികാരമേറ്റു

Posted on: May 25, 2016 12:01 am | Last updated: May 25, 2016 at 10:26 am

SARBANANDHAഗുവാഹതി: അസാമില്‍ സര്‍ബാനന്ദ സൊനോവളിന്റെ നേതൃത്വത്തിലുള്ള പുതിയ ബി ജെ പി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി ജെ പി പ്രസിഡന്റ് അമിത് ഷാ തുടങ്ങിയവരും വിവിധ കേന്ദ്ര മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രിമാരായ ശിവരാജ്‌സിംഗ് ചൗഹാന്‍ (മധ്യപ്രദേശ്), വസുന്ധരാരാജെ സിന്ധ്യ (രാജസ്ഥാന്‍), ആനന്ദിബെന്‍ പട്ടേല്‍ (ഗുജറാത്ത്), ദേവേന്ദ്ര ഫട്‌നാവിസ് (മഹാരാഷ്ട്ര), മനോഹര്‍ലാല്‍ ഖട്ടാര്‍ (ഹരിയാന), ചന്ദ്രബാബു നായിഡു (ആന്ധ്രാപ്രദേശ്), പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദല്‍ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.
പതിനഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചാണ് അസാമില്‍ ആദ്യമായി ബി ജെ പി അധികാരം പിടിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചാണ് വിജയശില്‍പ്പി സര്‍ബാനന്ദ സൊനോവാള്‍ മുഖ്യമന്ത്രിയാകുന്നത്. 126 അംഗ സഭയില്‍ ബി ജെ പിക്കും സഖ്യശക്തികള്‍ക്കുമായി 86 സീറ്റുകള്‍ ഉണ്ട്. അസം ഗണപരിഷത്ത്, ബോഡോ പീപ്പിള്‍സ് ഫ്രണ്ട് തുടങ്ങിയവയാണ് സഖ്യ കക്ഷികള്‍.
അസാമിനും മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സഹായം വര്‍ധിപ്പിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മേഖലയുടെ വികസനം ഉറപ്പ് വരുത്തുകയാണ് ആക്ട് ഈസ്റ്റ് നയത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.