Connect with us

National

ക്ഷമാപണവുമായി ജയലളിത

Published

|

Last Updated

ചെന്നൈ: വൈരം മറന്ന് സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രതിപക്ഷവുമായി ഒരുമിച്ചു നീങ്ങുമെന്ന് സൂചന നല്‍കി ജയലളിത. തന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പങ്കെടുത്ത ഡി എം കെ നേതാവ് സ്റ്റാലിന് നന്ദി അറിയിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് ശുഭ സൂചന നല്‍കുന്നത്. സ്റ്റാലിന് നന്ദിയും സന്തോഷവും അറിയിക്കുന്നുവെന്നും സംസ്ഥാനത്തിന്റെ പുരോഗതിക്കായി സ്റ്റാലിന്റെ പാര്‍ട്ടിക്കൊപ്പം നീങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ സ്റ്റാലിന് പിന്‍നിരയിലാണ് സീറ്റ് നല്‍കിയതെന്ന വിവാദം തണുപ്പിക്കുകയെന്ന ലക്ഷ്യവും ജയലളിതയുടെ പ്രസ്താവനക്കുണ്ട്. പിന്‍നിരയില്‍ സീറ്റ് ലഭിച്ചതില്‍ സ്റ്റാലിന് വിഷമം നേരിട്ടത്തില്‍ ക്ഷമാപണമെന്ന രീതിയിലും ജയലളിത പ്രതികരിച്ചു.
സ്റ്റാലിനേയും പാര്‍ട്ടിയേയും അപമാനിക്കലായിരുന്നില്ലെന്നും എം കെ സ്റ്റാലിന്‍ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ താന്‍ മുന്‍നിരയില്‍ തന്നെ സീറ്റ് നല്‍കുമായിരുന്നുവെന്നും ജയലളിത പറഞ്ഞു. പ്രോട്ടോകോള്‍ ഉദ്യോഗസ്ഥര്‍ കര്‍ശനമായി ചട്ടം പാലിച്ചതാണ് വിനയായതെന്നും അവര്‍ പ്രസ്താവനയില്‍ പറയുന്നു.
പിന്‍നിരയില്‍ സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പിതാവുമായ കരുണാനിധി പ്രതിഷേധിച്ചതിന് പിന്നാലെയാണ് ജയലളിതയുടെ പ്രസ്താവന. എ ഐ എ ഡി എം കെ സ്ഥാനാര്‍ഥിയായി പരാജയപ്പെട്ട നടന്‍ ശരത് കുമാറിന് മുന്‍നിരയില്‍ സീറ്റ് നല്‍കിയപ്പോഴാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവായ സ്റ്റാലിന് പിന്‍നിരയില്‍ സീറ്റ് നല്‍കിയിരുന്നത്. ജയലളിതക്ക് ആശംസകള്‍ അര്‍പ്പിച്ച് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

Latest