മമതയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

Posted on: May 25, 2016 6:00 am | Last updated: May 25, 2016 at 12:03 am

കൊല്‍ക്കത്ത: ശക്തമായ മുന്നേറ്റം നടത്തിയ പശ്ചിമ ബംഗാളില്‍ ഭരണത്തുടര്‍ച്ച നേടിയ മമത ബാനര്‍ജിയുടെ വിജയം അംഗീകരിക്കാനാകാതെ എതിരാളികള്‍. വെള്ളിയാഴ്ച നടക്കുന്ന മമതയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കൂട്ടത്തോടെ ബഹിഷ്‌കരിക്കാന്‍ ഇടത്, കോണ്‍ഗ്രസ്, ബി ജെ പി പാര്‍ട്ടികള്‍ ഒരുക്കം നടത്തുന്നതായാണ് വിവരം. തിരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് അനുയായികള്‍ ആക്രമണം അഴിച്ചുവിടുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മൂന്ന് പാര്‍ട്ടികളും ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച ബിര്‍ഭൂമിലുണ്ടായ തൃണമൂല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ, സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കേന്ദ്ര നേതൃത്വത്തോട് ബി ജെ പിയുടെ സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് മമതാ ബാനര്‍ജിയുടെ വസതിക്ക് മുന്നില്‍ ബി ജെ പി സംസ്ഥാന നേതാവ് ദിലീപ് ഘോഷിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു്.
വെള്ളിയാഴ്ച മമതാ ബാനര്‍ജിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരെ മമതാ ബാനര്‍ജി ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം അംഗീകരിച്ച് ചടങ്ങില്‍ നിന്ന് കേന്ദ്ര നേതൃത്വം വിട്ടുനില്‍ക്കുമോയെന്നത് സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.
38കാരനായ ഖോഖോന്‍ ശൈഖ് എന്ന തൊഴിലാളിയുടെ കൊലപാതകത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമമാണ് ബി ജെ പിയുടെയും ഇടത്, വലത് പാര്‍ട്ടികളും നടത്തുന്നത്. വെടിയേറ്റ് മരിച്ച ശൈഖിന്റെ കൊലപാതകത്തിന് പിന്നില്‍ തൃണമൂലാണെന്ന് ആരോപിച്ച് ആക്രമണം നടന്ന സ്ഥലത്തെ തൃണമൂല്‍ ഓഫീസ് തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. ഇതോടെ പ്രദേശത്ത് ആക്രമണ സംഭവങ്ങള്‍ വ്യാപിക്കുകയാണ്.
ആക്രമണം പടരുന്നതിന് പിന്നില്‍ ഭരണപക്ഷ പാര്‍ട്ടിയാണെന്ന് ചൂണ്ടിക്കാണിച്ച് ഇടത്, കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. തൊഴിലാളികള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ക്കുമെതിരെ ക്രൂരമായ ആക്രമണമാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ അഴിച്ചുവിടുന്നതെന്ന് ഇടതുപക്ഷത്തിലേയും കോണ്‍ഗ്രസിലെയും മുതിര്‍ന്ന നേതാക്കള്‍ ആരോപിക്കുന്നു. സംസ്ഥാനത്ത് ഭീകരാന്തരീക്ഷം രൂപപ്പെട്ടിരിക്കുകയാണെന്നും മുഴുവന്‍ എതിരാളികളെയും തുടച്ചു നീക്കുകയെന്ന ലക്ഷ്യമാണ് ഭരണപക്ഷത്തിനുള്ളതെന്നും ഇടത് നേതാവ് എസ് കെ മിശ്ര വ്യക്തമാക്കി. ഉന്മൂലന രാഷ്ട്രീയമാണ് മമത നടപ്പിലാക്കുന്നത്. അതിക്രൂരമായ ആക്രമണം സ്ത്രീകള്‍ക്ക് നേരെയും അഴിച്ചുവിടുന്നുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ബി ജെ പി നേതാവ് രൂപ ഗാംഗുലിക്കെതിരെയും ആക്രമണം നടന്നിരുന്നു. നാട് കത്തിയെരിയുമ്പോഴും മുഖ്യമന്ത്രിയായ മമത മൗനം പാലിക്കുകയാണെന്ന് ബി ജെ പിയുടെ ചന്ദ്രബോസ് ആരോപിച്ചു. എന്നാല്‍, ആരോപണങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞ് തൃണമൂല്‍ നേതൃത്വം രംഗത്തെത്തി. എവിടെയും ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എല്ലായിടവും ശാന്തമാണെന്നും തൃണമൂല്‍ നേതാവ് ഖോഷ് ദെസ്തിദാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.