ഉന്മാദരോഗികളെ ഒറ്റപ്പെടുത്തേണ്ടതില്ല; ചികിത്സ ലഭ്യമെന്ന് ഡോ. അനീസ് അലി

Posted on: May 24, 2016 8:50 pm | Last updated: May 24, 2016 at 8:50 pm
ഡോ. അനീസ് അലി
ഡോ. അനീസ് അലി

ദോഹ: ഉന്മാദരോഗം തക്കസമയത്ത് തിരിച്ചറിയാതെ, ഗ്രഹദോഷമെന്നും അമാനുഷിക ശക്തികളുടെ കുതന്ത്രമെന്നും മറ്റും ധരിക്കുന്നത് രോഗം സങ്കീര്‍ണവും നിയന്ത്രണാതീതവുമാകാന്‍ കാരണമാകുന്നതായി ന്യൂറോ സൈക്യാര്‍ട്ടിസ്റ്റ് ഡോ. അനീസ് അലി. ഉന്മാദരോഗത്തിന് ബഹുമുഖ ചികിത്സകള്‍ ലഭ്യമാണ്. ചികിത്സാ രംഗം വിപുലമായതോടെ ഇപ്പോള്‍ 30 മുതല്‍ 40 ശതമാനം വരെ പേര്‍ പൂര്‍ണ രോഗമുക്തി നേടുന്നതായും 40 ശതമാനം വരെ പേര്‍ക്ക് തുടര്‍ പരിചരണത്തിലൂടെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ കഴിയുന്നതായും അദ്ദേഹം പറഞ്ഞു. ദോഹ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ വിസിറ്റിംഗ് കണ്‍സള്‍ട്ടന്റാണ് ഡോ. അനീസ് അലി.
വിഭ്രാന്ത്രിയും ബഹളവും പ്രകടിപ്പിക്കുകയും അന്തര്‍മുഖത്വവും ശാന്തതയും പ്രകടിപ്പിക്കുകയും ചെയ്യുന്ന രണ്ടു മുഖങ്ങള്‍ ഉന്മാദരോഗത്തിന് അഥവാ സ്‌കീസോഫ്രീനിയക്കുണ്ട്. മനോരോഗങ്ങളില്‍ ഏറ്റവും സങ്കീര്‍ണവും ഏറെ ഉപവിഭാഗങ്ങളുമുള്ളതാണ് ഈ രോഗം. സാധാരണ ജീവിതം മുന്നോട്ടുകൊണ്ടു പോകാന്‍ ഈ രോഗികള്‍ക്ക് കഴിയാതെ വരുന്നു. എന്നാല്‍ അതു രോഗം കാരണമാണെന്ന് രോഗിയോ ബന്ധുക്കളോ തിരിച്ചറിയുന്നില്ല. ഉന്മാദരോഗത്തിനും കാരണമുണ്ട്. സമൂഹത്തില്‍ സാധാരണയായി മാറിയ ഈ രോഗം ഇന്ന് നൂറില്‍ ഒരാളെയെങ്കിലും ബാധിക്കുന്നു. കേരളത്തില്‍ മൂന്നുലക്ഷത്തോളം പേര്‍ക്ക് രോഗമുണ്ട്. 20നും 30നുമിടയില്‍ പ്രായമായ യുവാക്കളെയാണ് കൂടുതല്‍ ബാധിക്കുന്നത്. മസ്തിഷ്‌കത്തിലെ ജീവരാസ വ്യവസ്ഥയുടെ അസന്തുലിതത്വമാണ് ജീവശാസ്ത്രപരമായി രോഗത്തിന്റെ കാരണം. കുടുംബപാരമ്പര്യം, ജീവിതസാഹചര്യം, സംഘര്‍ഷം, സാമൂഹികാവസ്ഥ എന്നിവയും ഘടകങ്ങളാകാം. പെട്ടെന്നൊരു ദിവസം ഉണ്ടാകുന്നതല്ല സ്‌കീസോഫ്രീനിയ. രോഗാവസ്ഥ ഒരുപോലെയല്ല, ഒരായിരം ഭാവങ്ങളുണ്ടാകും.
എന്തിനോടും വിരക്തി, മറ്റുള്ളവരില്‍നിന്ന് ഒഴിഞ്ഞു മാറുക, പഠനം ജോലി വൃത്തി എന്നിവയോടുള്ള അലസത, സംശയസ്വഭാവം: എല്ലാവരും തന്നെപ്പറ്റി സംസാരിക്കുന്നു, ആക്രമിക്കാന്‍ ശ്രമിക്കുന്നു, ഭാര്യക്ക് അല്ലെങ്കില്‍ ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ട് തുടങ്ങിയവ, മിഥ്യാനുഭവങ്ങള്‍: മറ്റാരും കേള്‍ക്കാത്ത ശബ്്ദങ്ങള്‍ കേള്‍ക്കുക, ആരും കാണാത്തത് കാണുക, അകാരണമായ കരച്ചിലും ചിരിയും, അദൃശ്യവ്യക്തികളുമായി സംസാരിച്ചുകൊണ്ടിരിക്കുക, പരസ്പരബന്ധമില്ലാതെ സംസാരിക്കുക, കണ്ണാടിയില്‍ നോക്കി ചേഷ്്ടകള്‍ കാണിക്കുക ഇതെല്ലാം രോഗലക്ഷണങ്ങളാണ്.
രോഗികളെ ഒറ്റപ്പെടുത്താതെ മാനസിക ധൈര്യവും ആശ്വാസവും നല്‍കുന്ന ചികിത്സയാണ നല്‍കേണ്ടത്. രോഗിയെ ചികിത്സിക്കുക മാത്രം പോര. കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും മനോഭാവം മാറണം. സൈക്കോ തെറാപ്പിയും ഫാമിലി തെറാപ്പിയും രോഗചികിത്സയിലെ പ്രധാന ഘടകങ്ങളാണ്. ഇത്തരം രോഗികള്‍ക്ക് പിന്തുണ നല്‍കുന്ന ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ സജീവമാണ്. ഇന്ത്യയില്‍ സ്‌കാര്‍ഫ് ചെന്നൈ, റിച്ച്മണ്ട് ഫെല്ലോഷിപ്പ് ബാംഗ്ലൂര്‍ എന്നിവ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നു. സാമൂഹിക, കുടുംബ ദൗത്യത്തിലൂടെയും പരിചരണത്തിലൂടെയും മാറ്റിയെടുക്കേണ്ട രോഗമാണിതെന്നും അദ്ദേഹം പറഞ്ഞു.