കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മേഴ്‌സിക്കുട്ടിയമ്മ

Posted on: May 23, 2016 12:10 pm | Last updated: May 23, 2016 at 12:10 pm

j mercy kutty ammaകൊല്ലം: സി പി എമ്മിലെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ജെ മേഴ്‌സിക്കുട്ടിയമ്മ പാര്‍ട്ടിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് മന്ത്രി പദവിയിലെത്തുന്നത്. അങ്കത്തട്ടില്‍ ഈ 56കാരി അഞ്ചാം തവണയാണ് . രണ്ടു തവണ കുണ്ടറ എം എല്‍ എ യായിരുന്ന മേഴ്‌സിക്കുട്ടിയമ്മ എസ് എഫ് ഐ യിലൂടെയാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ നിന്ന് മലയാളത്തില്‍ ബിരുദവും കൊല്ലം എസ് എന്‍ കോളജില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി.

എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 1995ല്‍ സംസ്ഥാന കമ്മിറ്റി അംഗമായ ജെ മേഴ്‌സിക്കുട്ടിയമ്മ നിലവില്‍ സി ഐ ടി യു അഖിലേന്ത്യ വൈസ് പ്രസിഡന്റ്, കേരള കാഷ്യു വര്‍ക്കേഴ്‌സ് സെന്റര്‍ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന മിനിമം വേജ് അഡഡൈ്വസറി ബോര്‍ഡ് അഗം, കേരള സെറാമിക്‌സ് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിക്കുന്നു.
1987ല്‍ കുണ്ടറ മണ്ഡലത്തില്‍ നിന്ന് മേഴ്‌സിക്കുട്ടിയമ്മ 28ാം വയസില്‍ ആദ്യമായി കേരള നിയമസഭയിലെത്തി. 91ല്‍ അല്‍ഫോന്‍സാ ജോണിനോട് പരാജയപ്പെട്ടു. 96ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അല്‍ഫോന്‍സാ ജോണിനെ 6476 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വീണ്ടും എം എല്‍ എ യായി. 2001ല്‍ വീണ്ടും മത്സരിച്ചെങ്കിലും വിജയിച്ചില്ല.

കണക്കുകൂട്ടലുകള്‍ കടത്തിവെട്ടിയാണ് ഇത്തവണ കുണ്ടറയില്‍ നിന്നും ജെ മേഴ്‌സിക്കുട്ടിയമ്മ ഉജ്വലവിജയം നേടിയത്. പാര്‍ട്ടിക്കുള്ളിലെ അവലോകനങ്ങളെ തകിടംമറിച്ച് ആറിരട്ടി വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സി ഐ ടി യു അഖിലേന്ത്യാ ഉപാധ്യക്ഷകൂടിയായ ജെ മേഴ്‌സിക്കുട്ടിയമ്മ കുണ്ടറയില്‍ ചരിത്രവിജയം നേടിയത്. കോണ്‍ഗ്രസ് വക്താവും യു ഡി എഫ് സ്ഥാനാര്‍ഥിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താനോട് 30,460ന്റെ ഭൂരിപക്ഷത്തില്‍ 79,047 വോട്ടുകള്‍ നേടിയാണ് മണ്ഡലത്തില്‍ ഹാട്രിക് വിജയം കൈവരിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം എല്‍ എ യും വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രിയുമായിരുന്ന എം എ ബേബി രണ്ടാംതവണ മണ്ഡലത്തില്‍ ജനവിധി തേടിയപ്പോള്‍ 14,793 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എതിര്‍ സ്ഥാനാര്‍ഥി അഡ്വ. പി ജര്‍മ്മിയാസിനെ പരാജയപ്പെടുത്തിയത്. തുടര്‍ന്ന് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ എന്‍ കെ പ്രേമചന്ദ്രനുമായി ഏറ്റുമുട്ടി എം എ ബേബി പരാജയപ്പെട്ടു. തുടര്‍ന്നു കുണ്ടറ മണ്ഡലത്തിന്റെ ഭാഗമായിരുന്ന കിഴക്കേ കല്ലട, മണ്‍ട്രോത്തുരുത്ത് പഞ്ചായത്തുകള്‍ കുന്നത്തൂര്‍ മണ്ഡലത്തില്‍ ചേര്‍ക്കുകയും ഇരവിപുരത്തു നിന്നും കൊറ്റങ്കര, തൃക്കോവില്‍വട്ടം, നെടുമ്പന പഞ്ചായത്തുകള്‍ കുണ്ടറ മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഈ പുതിയ സാഹചര്യത്തില്‍ വോട്ടിംഗ്് നില എങ്ങനെ ആയിരിക്കുമെന്നതു പ്രവചനാതീതമായിരുന്നു. എങ്കിലും വിജയം മേഴ്‌സിക്കുട്ടി അമ്മക്കൊപ്പമായിരുന്നു. സി ഐ ടി യു ജില്ലാ പ്രസിഡന്റ് വി തുളസീധരകുറുപ്പാണ് ഭര്‍ത്താവ്. മക്കള്‍: സോഹന്‍, അരുണ്‍.