Connect with us

Kozhikode

പെരുമണ്ണയില്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ ലീഗ് ആക്രമണം;അഞ്ച് പേര്‍ക്ക് പരുക്ക്

Published

|

Last Updated

പെരുമണ്ണ: പ്രതിഷേധ പ്രകടനം കഴിഞ്ഞ് പിരിഞ്ഞ് പോവുകയായിരുന്ന സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്‌ലിം ലീഗ് നടത്തിയ ആക്രമണത്തില്‍ അഞ്ച് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി ഒമ്പതോടെ പെരുമണ്ണ അങ്ങാടിയില്‍ പ്രകടനം നടത്തി പിരിഞ്ഞു പോകുമ്പോഴാണ് പുത്തൂര്‍ മഠം പള്ളിക്ക് സമീപം വെച്ച്്പത്തോളം വരുന്ന ലീഗ് സംഘം സുന്നി പ്രവര്‍ത്തകരെ കാരണമില്ലാതെ അക്രമിച്ചത്. തിരൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ എസ് വൈ എസ് പ്രവര്‍ത്തകന്‍ ഹംസക്കുട്ടിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ഫാസിസത്തിനെതിരെ സംസ്ഥാനമൊട്ടാകെ ഇന്നലെ പ്രതിഷേധ ദിനമായി ആചരിക്കാന്‍ കേരള മുസ്‌ലിം ജമാഅത്ത് ആഹ്വാനം ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് പെരുമണ്ണ കേരള മുസ്‌ലിം ജമാഅത്ത് ,എസ് വൈ എസ് സര്‍ക്കിള്‍ കമ്മിറ്റി സംയുക്തമായി പ്രകടനം നടത്തിയത്. നേതാക്കളുടെ ആഹ്വാന പ്രകാരം യാതൊരു പ്രകോപനവുമില്ലാതെ സമാധാനപരമായി നടത്തിയ പ്രകടനം കഴിഞ്ഞ് വള്ളിക്കുന്നിലേക്ക് തിരിച്ചുപോവുകയായിരുന്ന സുന്നി പ്രവര്‍ത്തകരെയാണ് പിന്നിലൂടെ വന്ന ലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ചത്. പത്തോളം മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് സുന്നി പ്രവര്‍ത്തകരെ അക്രമിച്ചത്. കേരള മുസ്‌ലിം ജമാഅത്ത് യൂനിറ്റ് സെക്രട്ടറി കുഞ്ഞിമോയി, യൂനുസ്, മുനീര്‍, ശംസുദ്ദീന്‍, മൂസ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് മീഞ്ചന്ത പോലീസില്‍ പരാതി നല്‍കി.