സമ്പൂര്‍ണ ഇ-ഗവേണന്‍സ് വേണം

Posted on: May 23, 2016 10:15 am | Last updated: May 23, 2016 at 10:15 am

നികുതിവെട്ടിപ്പും അഴിമതിയും തടയണമെങ്കില്‍ സമ്പൂര്‍ണ ഇ-ഗവേണന്‍സ് നിലവില്‍ വരണം. സിംഗപ്പൂര്‍, സൗത്ത് കൊറിയ, യു എസ് എ, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളെല്ലാം തന്നെ സമ്പൂര്‍ണ ഇ-ഗവേണന്‍സ് വിജയകരമായി നടപ്പിലാക്കുകയും നിക്ഷേപക സൗഹൃദ രാജ്യമായി മാറി പുരോഗതി കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഇ-ഗവേണന്‍സ് നടപ്പിലാക്കുകയാണെങ്കില്‍ സര്‍ക്കാര്‍ പോളിസികളിലും നിയമങ്ങളിലും കൂടുതല്‍ വ്യക്തത കൈവരികയും ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കിത്തീര്‍ക്കാന്‍ സാധിക്കുകയും ചെയ്യും. സിംഗപ്പൂരില്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ നാല് ഷോറൂമുകള്‍ ആരംഭിച്ചപ്പോള്‍ ഇ-ഗവേണന്‍സിന്റെ പ്രയോജനങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ടതാണ്. പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നതിനോടനുബന്ധച്ച ഇടപാടുകളെല്ലാം തന്നെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വളരെ ലളിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഇതിനുവേണ്ടി ഒരു ഉദ്യോഗസ്ഥനേയും നേരില്‍ കാണേണ്ടിവന്നില്ല. കൂടാതെ പണമിടപാടുകളെല്ലാം തന്നെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അതിവേഗം നടത്താനും കഴിഞ്ഞു.

ഇന്ത്യയെപ്പോലെ ഒരു രാജ്യം അവയൊന്നും ഉപയോഗിക്കാതിരിക്കുന്നത് നാടിന്റെ വികസനത്തെ തന്നെ പിന്നോട്ടു വലിക്കും. ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള സ്വര്‍ണവ്യാപാര മേഖലയില്‍ അനധികൃതവ്യാപാരവും കള്ളക്കടത്തും വന്‍തോതില്‍ നടക്കുന്നുണ്ട്. അടുത്തിടെ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് സ്വര്‍ണവ്യാപാരരംഗത്തെ അനാരോഗ്യകരമായ പ്രവണതകളുടെ കാര്യത്തില്‍ കേരളം മുന്‍പന്തിയിലാണെന്നാണ്. സത്യസന്ധമായി, തികച്ചും സുതാര്യമായ മാര്‍ഗങ്ങളിലൂടെ വ്യാപാരം ചെയ്യുന്നവരുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്ന അവസ്ഥയാണ് കേരളത്തില്‍ നിലവിലുള്ളത്.
എന്റെ അനുഭവം പറയാം. 2007ല്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ പൂര്‍ണമായും അക്കൗണ്ടഡ് ആയ ബിസിനസ്സിന്റെ ഗുണവശങ്ങളെക്കുറിച്ച് ഞങ്ങളെ ബോധവത്കരിക്കുകയുണ്ടായി. അത് ഉള്‍ക്കൊണ്ട് നിയമവിധേയ മാര്‍ഗങ്ങളിലൂടെ മാത്രം വ്യാപാരം ചെയ്ത് വിജയം കൈവരിച്ച ചരിത്രമാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിനുള്ളത്.
എന്നാല്‍ കേരളത്തിലെ സെയില്‍സ് ടാക്‌സ് നിയമങ്ങള്‍ പലതും കച്ചവടക്കാരെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നവയാണ്. സ്വമേധയാ കോമ്പൗണ്ടിംഗ് സ്വീകരിക്കുന്ന വ്യാപാരികള്‍ക്ക് ജനങ്ങളില്‍ നിന്ന് പിരിക്കാന്‍ സാധിക്കാത്ത ഭീമമായ തുകയാണ് വിവിധ നികുതിയിനങ്ങളിലായി സര്‍ക്കാറിലേക്ക് അടക്കേണ്ടി വരുന്നത്. നികുതി വ്യവസ്ഥകളിലെ ഈ അശാസ്ത്രീയതകളും പരോക്ഷ നികുതികളുടെ പേരില്‍ അടിച്ചേല്‍പ്പിക്കുന്ന ഭാരിച്ച തുകകളുമാണ് പല കച്ചവടക്കാരേയും അനധികൃത മാര്‍ഗങ്ങളിലുടെ വ്യാപാരം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. വിപണിയില്‍ കൃത്യമായി നികുതി അടക്കുന്നവനും അല്ലാത്തവനും തമ്മിലുള്ള കിടമത്സരമാണ് നടക്കുന്നത്. കള്ളക്കടത്ത് സ്വര്‍ണം കേരളത്തിലുടനീളം ലഭ്യമായതിനാല്‍ പല സ്വര്‍ണവ്യാപാര അസോസിയേഷനുകളും പലപ്പോഴും സ്വര്‍ണവില നിശ്ചയിക്കുന്നത് ബ്ലാക്ക് മാര്‍ക്കറ്റില്‍ നിന്ന് കള്ളക്കടത്ത് സ്വര്‍ണം വാങ്ങുന്ന വിലക്കാണ്. ഇത് ബേങ്കില്‍ നിന്ന് സ്വര്‍ണം വില്‍ക്കുന്ന അടിസ്ഥാന വില അല്ലെങ്കില്‍ ബേങ്ക് റേറ്റിലും കുറവാണ്. ഇത്തരത്തില്‍ അനധികൃത മാര്‍ഗങ്ങളിലൂടെ വാങ്ങുന്ന സ്വര്‍ണം കൃത്യമായ ബില്ലില്ലാതെ വിറ്റഴിക്കുന്നു. സര്‍ക്കാറിലേക്ക്് നികുതിയിനത്തില്‍ എത്തിച്ചേരേണ്ട കോടികളാണ് ഇത്തരത്തില്‍ നഷ്ടമാകുന്നത്.
ബില്ല് വാങ്ങുന്ന ഉപഭോക്താക്കളെ നിരുത്സാഹപ്പെടുത്തുന്നവരാണ് പല വ്യാപാരികളും. ഉപഭോക്താക്കളാകട്ടെ ബില്ല് വാങ്ങാതിരിക്കുകയും ഭീമമായ നികുതി തട്ടിപ്പിന് തങ്ങളറിയാതെ വിധേയരാകുകയും ചെയ്യുന്നു. ഇത്തരത്തില്‍ ബില്ലില്ലാതെ വാങ്ങുന്ന സ്വര്‍ണത്തിന്റെ സ്രോതസ്സ് എക്‌സൈസ് ഡ്യൂട്ടി നിലവില്‍ വന്നതോടുകൂടി അന്വേഷണ വിധേയമാകുമ്പോള്‍ അര്‍ഹമായ യാതൊരു നിയമപരിരക്ഷയും ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയില്ല. യഥാര്‍ഥത്തില്‍ തുച്ഛമായ ലാഭത്തിനു വേണ്ടി കൃത്യമായ ബില്ലില്ലാതെ സ്വര്‍ണം വാങ്ങുമ്പോള്‍ കബളിപ്പിക്കപ്പെടുകയാണെന്ന് ഉപഭോക്താക്കള്‍ തിരിച്ചറിയണം.
സ്വര്‍ണവില എകീകരിക്കുകയാണ് ഈ രംഗത്തെ അഴിമതികള്‍ തടയാനുള്ള പോംവഴി. പെട്രോളിയം ഇന്ധനങ്ങളിലെന്ന പോലെ 100 ശതമാനം ഇറക്കുമതി ചെയ്യപ്പെടുന്ന സ്വര്‍ണത്തിനും കേന്ദ്രസര്‍ക്കാര്‍ വില നിയന്ത്രിക്കേണ്ടതുണ്ട്. കൂടാതെ എല്ലാ മേഖലകളിലും ഇ-ഗവേണന്‍സ് നടപ്പിലാക്കണം. രാജ്യപുരോഗതി എറെ ചര്‍ച്ചചെയ്യപ്പെടുന്ന ഈ അവസരത്തില്‍ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന നികുതികള്‍ കൃത്യമായി അടക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണം നടത്തണം. മാതൃകാപരമായി നികുതികള്‍ അടക്കേണ്ടതിന്റെ ബാലപാഠങ്ങള്‍ വിദ്യാലയങ്ങളില്‍ നിന്ന് തന്നെ നല്‍കിത്തുടങ്ങണം.
ഇന്ന് കെട്ടിടങ്ങള്‍ക്കും മറ്റും അനുമതി ലഭിക്കുന്നതില്‍ വളരെയധികം കാലതാമസം നേരിടേണ്ടിവരുന്നുണ്ട്. നടപടിക്രമങ്ങളിലെ അവ്യക്തത നിക്ഷേപകരുടെ താത്പര്യം പദ്ധതികളില്‍ നിന്ന് നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ഈ രംഗത്ത് അഴിമതി നിലനില്‍ക്കാന്‍ പ്രധാന കാരണം നടപടി ക്രമങ്ങളില്‍ കാണപ്പെടുന്ന അവ്യക്തതയും അധികാരപ്പെട്ട ഉദ്യോഗസ്ഥ വൃന്ദം കാണിക്കുന്ന സ്വജനപക്ഷപാതവുമാണ്. അനുമതികളും മറ്റും കിട്ടുന്നതില്‍ സംഭവിക്കുന്ന കാലതാമസം പദ്ധതികള്‍ അനിയന്ത്രിതമായി വൈകുന്നതിനും ചെലവ് വര്‍ധിക്കുന്നതിനും കാരണമാകുന്നു. ഈ കാരണങ്ങള്‍ എല്ലാ തന്നെ ഇവിടെയെത്തുന്ന നിക്ഷേപകരില്‍ അതൃപ്തി ഉളവാക്കുകയും കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമായ മറ്റ് സ്ഥലങ്ങളിലേക്ക് പോകാന്‍ അവരെ നിര്‍ബന്ധിതാരാക്കുകയും ചെയ്യുന്നു.
എല്ലാ ബിസിനസ്സുകളും സര്‍ക്കാറിന്റെ പോര്‍ട്ടലുമായി ബന്ധിപ്പിക്കാനുള്ള നിയമം കൊണ്ടുവരികയും അത് നിര്‍ബന്ധമായും നടപ്പാക്കുകയും ചെയ്യണം. തങ്ങളുടെ രാജ്യത്തെ ബിസിനസ്സ് ഇ- ഗവേണന്‍സ് സംവിധാനവുമായി സംഗപ്പൂര്‍ ഗവണ്‍മെന്റ് ബന്ധിപ്പിച്ചിട്ടുണ്ട്. ഇത് വ്യാപാരരംഗത്ത് പൂര്‍ണമായും സുതാര്യത ഉറപ്പ് വരുത്തുകയും വിവേചനം കാണിക്കാനും അഴിമതി നടത്താനുമുള്ള അവസരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നിഷേധിക്കുകയും ചെയ്യുന്നു. ഇത് വഴി നികുതി വെട്ടിക്കാനുള്ള സാധ്യതകള്‍ കുറക്കാന്‍ കഴിയും. പരസ്പരവിരുദ്ധമായ സര്‍ക്കാര്‍ ഓര്‍ഡറുകള്‍ പിന്‍വലിക്കുകയും ഭേദഗതികള്‍ എല്ലാ വകുപ്പുകളിലും ഏകീകരിക്കുകയും വേണം. നയങ്ങള്‍ വിവിധ തരത്തില്‍ വ്യാഖ്യാനിക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ലഘൂകരിക്കുകയും സ്പഷ്ടമാക്കുകയും ചെയ്യണം.
പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പ്രാധാന്യം ഇ-ഗവണ്‍മെന്റ് സംരംഭങ്ങള്‍ക്ക് നല്‍കുകയും കൃത്യമായ ഇടവേളകളില്‍ ഇതിന്റെ പുരോഗതി നിരീക്ഷിക്കാന്‍ വ്യവസായ സമൂഹത്തിന്റെ പങ്കാളിത്തത്തോടെ കമ്മിറ്റിയെ രൂപവത്കരിക്കുകയും വേണം. ഇന്ന് കേരളത്തിലെ വ്യവസായ സമൂഹം വളരെ പുരോഗമനപരമായ മനസ്സോടെ തങ്ങളുടെ യഥാര്‍ഥ കണക്കുകളും വിവരങ്ങളും ഗവണ്‍മെന്റിന് മുന്നില്‍ തുറന്നു കാട്ടാന്‍ തയ്യാറാണ്. പക്ഷേ, ഇതിന് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് പൂര്‍ണമായും സുതാര്യതയും, കാലതാമസവും അഴിമതിയും തടയാനുള്ള സംവിധാനവും ഉറപ്പാക്കണം എന്ന് മാത്രം.
(മലബാര്‍ ഗ്രൂപ്പ് ചെയര്‍മാനാണ്
ലേഖകന്‍)