Connect with us

International

താലിബാന്‍ നേതാവ് മുല്ലാ അക്തര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കാബൂള്‍: പാക്കിസ്ഥാനിലുണ്ടായ യു എസ് വ്യോമാക്രമണത്തില്‍ താലിബാന്‍ നേതാവ് മുല്ലാ അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുമ്പാണ് താലിബാന്‍ നേതൃസ്ഥാനം ഇയാള്‍ ഏറ്റെടുക്കുന്നത്. നിരവധി റിപ്പോര്‍ട്ടുകള്‍ മുല്ലാ അക്തറിന്റെ മരണം സ്ഥിരീകരിച്ച് കൊണ്ട് പുറത്തുവരുന്നുണ്ട്. അഫ്ഗാനിസ്ഥാന്‍ ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുല്ല അബ്ദുല്ല, ട്വിറ്ററിലൂടെ മുല്ലാ അക്തര്‍ വധിക്കപ്പെട്ടതായി അറിയിച്ചു. അതുപോലെ അഫ്ഗാനിലെ രഹസ്യാന്വേഷണ ഏജന്‍സിയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മുല്ലാ അക്തര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളും അറിയിച്ചു.
മുല്ലാ അക്തര്‍ മന്‍സൂര്‍ ഉള്‍പ്പെടെ താലിബാനികള്‍ കഴിഞ്ഞ ദിവസമുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരാണ് ആദ്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. തീവ്രവാദികളെ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണം വിജയത്തിലെത്തിയെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനിയുടെ വക്താവ് ചൂണ്ടിക്കാട്ടി.
അതേസമയം, അഫ്ഗാനിലെ താലിബാന്‍ സംഘം ഇതുമായി ബന്ധപ്പെട്ട ഒരു വിശദീകരണവും ഇതുവരെയും നല്‍കിയിട്ടില്ല. ചിലര്‍ ഈ വാര്‍ത്ത നിഷേധിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് മുമ്പും ഇദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു വെടിവെപ്പില്‍ മുല്ലാ അക്തര്‍ കൊല്ലപ്പെട്ടിരുന്നതായി കഴിഞ്ഞ ഡിസംബറില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ മുല്ലാ അക്തറിന്റെ ശബ്ദ സന്ദേശം താലിബാന്‍ പിന്നീട് പുറത്തുവിടുകയും ചെയ്തിരുന്നു.
അഫ്ഗാനിലെ ജനങ്ങള്‍ക്കും അഫ്ഗാനില്‍ സേവനം ചെയ്യുന്ന അമേരിക്കന്‍ സൈനികര്‍ക്കും സമാധാന നീക്കങ്ങള്‍ക്കും മുല്ലാ അക്തര്‍ വലിയ ഭീഷണിയായിരുന്നുവെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. കൂടുതല്‍ സുരക്ഷിതമായ, സുസ്ഥിരമായ അഫ്ഗാനിന് വേണ്ടിയുള്ള യത്‌നം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുല്ലാ അക്തര്‍ നിരന്തരം യാത്ര ചെയ്യാന്‍ ഉപയോഗിച്ചിരുന്ന കാര്‍ വ്യോമാക്രമണത്തില്‍ തകര്‍ക്കപ്പെട്ട നിലയില്‍ കിടക്കുന്ന ചിത്രം ചില വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.