ബി.ജെ.പിയുടെ എ.കെ.ജി ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

Posted on: May 22, 2016 1:07 pm | Last updated: May 23, 2016 at 9:27 am

bjp marchന്യൂഡല്‍ഹി: സി.പി.എം കേന്ദ്ര ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പൊലീസ്? സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ മറികടന്നെത്തിയ പ്രവര്‍ത്തകര്‍ എ.കെ.ജി ഭവന്റെ ബോര്‍ഡ് കുത്തിക്കീറി. കേരളത്തില്‍ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരായ സി.പി.എം ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരുടെ വന്‍സംഘമാണ് എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരായ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്ലക്കാര്‍ഡുകള്‍ നിരത്തിയുമാണ് പ്രകടനം. ബാരിക്കേഡുകള്‍ നിരത്തിയും ജലപീരങ്കിയും കണ്ണീര്‍ വാതകവും അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയും ശക്തമായ പ്രതിരോധം പൊലീസ് സ്വീകരിക്കുന്നുണ്ട്.
ബിജെപി ദില്ലി ഘടകമാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. അതേസമയം സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെയുണ്ടായ അക്രമത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇന്ന് രാഷ്ട്രപതിക്ക് പരാതി നല്‍കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കേന്ദ്ര നേതാക്കളെ കണ്ട ശേഷമായിരിക്കും രാഷ്ട്രപതിക്ക് പരാതി നല്‍കുക. അതേസമയം സിപിഐഎമ്മിനെ പാര്‍ലമെന്റിന് അകത്തും പുറത്തും നേരിടുമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ ആര്‍എസ്എസിന്റെ ഭീഷണി നേരിടുമെന്നും മുന്‍പ് നിരവധി തവണ ആര്‍എസിഎസില്‍ നിന്ന് ഭീഷണി ഉണ്ടായിട്ടുണ്ടെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തില്‍ അക്രമം അഴിച്ച് വിടുന്നത് ആര്‍എസ്എസ് ആണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. തൃശൂര്‍ കയ്പമംഗലത്ത് വിജയാഹ്ലാദത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ ബിജെപി തീരുമാനിച്ചത്.