Connect with us

Kerala

കാടിളക്കിയുള്ള പ്രചാരണം ബാക്കി; ഒന്നുമില്ലാതെ ബി ഡി ജെ എസ്

Published

|

Last Updated

ആലപ്പുഴ: ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടം നേടാന്‍ ശ്രമിച്ച വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ബി ഡി ജെ എസ് എടുക്കാച്ചരക്കായെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. എസ് എന്‍ ഡി പി യോഗത്തിന്റെയും ഈഴവ സമുദായത്തിന്റെയും സ്വാധീനം വോട്ടാക്കി മാറ്റാമെന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച ബി ഡി ജെ എസിനേറ്റ കനത്ത തിരിച്ചടിയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. കാടിളക്കിയുള്ള പ്രചാരണത്തിനോ വര്‍ഗീയ വിദ്വേഷം ആളിക്കത്തിച്ചുള്ള വെള്ളാപ്പള്ളിയുടെയും അനുയായികളുടെയും പ്രകോപനപരമായ പ്രസംഗങ്ങള്‍ക്കോ ഭൂരിപക്ഷ വിഭാഗത്തില്‍ പോലും ഒരു തരത്തിലുള്ള ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.

ബി ഡി ജെ എസിന്റെ ഹൃദയഭൂമിയായ ചേര്‍ത്തലയില്‍ ഇടത്, വലത് മുന്നണി സ്ഥാനാര്‍ഥികളേക്കാള്‍ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ലഭിച്ചതിനേക്കാള്‍ 13,465 വോട്ടുകള്‍ മാത്രമാണ് ബി ഡി ജെ എസ് സ്ഥാനാര്‍ഥിക്ക് കൂടുതലായി പിടിക്കാനായത്. ബി ഡി ജെ എസ് ജനറല്‍സെക്രട്ടറി സുഭാഷ് വാസു മത്സരിച്ച കുട്ടനാട് മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെ പ്രചാരണത്തിനെത്തിച്ചിട്ടും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ബി ജെ പി സഖ്യമില്ലായിരുന്നെങ്കില്‍ ബി ഡി ജെ എസിന് ഒരു ചലനവും സൃഷ്ടിക്കാനാകുമായിരുന്നില്ലെന്ന് വേണം കരുതാന്‍. മൂന്നാം സ്ഥാനത്തെത്തിയ എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ക്കെല്ലാം ലഭിച്ച വോട്ടുകളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ ബി ഡി ജെ എസിന് ഏതെങ്കിലും തരത്തിലുള്ള മേല്‍ക്കൈ അവകാശപ്പെടാനാകില്ല.

സംസ്ഥാനത്ത് 37 സീറ്റുകളിലാണ് ബി ഡി ജെ എസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. ഇതില്‍ ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്താന്‍ കഴിയാതിരുന്ന ബി ഡി ജെ എസ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. അതേസമയം, ബി ജെ പി ഏഴിടങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി. ബി ജെ പിയുടെ മുന്നേറ്റം തങ്ങളുടെ സഹായത്തോടെയാണെന്ന് അവകാശപ്പെടാന്‍ ബി ഡി ജെ എസിന് കഴിയാത്ത സ്ഥിതിയാണ്. എന്നു തന്നെയല്ല, ബി ഡി ജെ എസിനെ ഒപ്പം കൂട്ടാതിരുന്നെങ്കില്‍ തങ്ങള്‍ക്ക് ഇതിനേക്കാള്‍ മെച്ചമായ പ്രകടനം കാഴ്ചവെക്കാമായിരുന്നെന്ന് ബി ജെ പിയും കരുതുന്നു.
ബി ജെ പി സ്ഥാനാര്‍ഥികള്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ബി ഡി ജെ എസ് നേതാക്കളുടെ പ്രചാരണ പരിപാടികള്‍ കാര്യമായി നടന്നിരുന്നില്ലെന്നിരിക്കെ തങ്ങള്‍ക്കുണ്ടായ വോട്ട് വര്‍ധന ബി ഡി ജെ എസിന്റെ സഹായത്തോടെയല്ലെന്ന് വിലയിരുത്തുന്നതിന് ബി ജെ പിക്ക് തടസ്സമുണ്ടാകില്ല.
അടിതെറ്റിയ ബി ഡി ജെ എസിന് കേന്ദ്രത്തില്‍ ബി ജെ പിയുമായി വിലപേശാനുള്ള അവസരമാണ് നഷ്ടമായത്. മകനെ കേന്ദ്രമന്ത്രിസഭയിലുള്‍പ്പെടുത്തുന്നതടക്കമുള്ള വിപുലമായ അജണ്ടയുമായി ബി ജെ പിയുമായി സഖ്യത്തിലായ വെള്ളാപ്പള്ളിക്ക് ഇത് തുടര്‍ച്ചയായ രണ്ടാമത്തെ തിരിച്ചടിയാണ്.

Latest