Connect with us

National

അസാമില്‍ കോണ്‍ഗ്രസിന് അടിയിളകി

Published

|

Last Updated

ദിസ്പൂര്‍: ഭരണവിരുദ്ധ വികാരം അലയടിച്ച അസാമില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ച് ബി ജെ പി മുന്നണി കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. 126 അംഗ സഭയില്‍ 86 സീറ്റുകള്‍ നേടിയാണ് ബി ജെ പി ഭരണം പിടിച്ചെടുത്തിരിക്കുന്നത്. ഇതാദ്യമായാണ് അസാമില്‍ ബി ജെ പി അധികാരത്തിലേറുന്നത്. 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് ഇതോടെ അന്ത്യമായി.

കഴിഞ്ഞ സഭയില്‍ 68 അംഗങ്ങളുണ്ടായിരുന്ന തരുണ്‍ ഗൊഗൊയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് 26 സീറ്റുമായി തോല്‍വിയിലേക്ക് കൂപ്പുകുത്തി. ബി ജെ പിക്ക് തനിച്ച് 60 ഓളം സീറ്റുകള്‍ നേടാനായിട്ടുണ്ട്. സഖ്യക ക്ഷിയായ അസാം ഗണപരിഷത്ത് 15ഓളം സീറ്റുകളില്‍ വിജയിക്കുകയോ മുന്നേറുകയോ ചെയ്തു. ബോഡോ പീപ്പിള്‍സ് ഫ്രണ്ട് പത്തോളം സീറ്റുകള്‍ സ്വന്തമാക്കി.
അതേസമയം, ബി ജെ പിയെയോ കോണ്‍ഗ്രസിനെയോ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായേക്കുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ച എ ഐ യു ഡി എഫിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. പാര്‍ട്ടി അധ്യക്ഷന്‍ ബദറുദ്ദീന്‍ അജ്മല്‍ സൗത്ത് സല്‍മര മണ്ഡലത്തില്‍ കോണ്‍ഗ്രസിനോട് പരാജയപ്പെട്ടു. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സര്‍ബാനന്ദ സൊനോവല്‍ പട്ടിക ജാതി സംവരണ മണ്ഡലമായ മജുലിയില്‍ നിന്ന് വിജയിച്ചു. പുറത്തുപോകുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി തിതാബൂരില്‍ നിന്നും ജയിച്ചുകയറി.
എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് വിജയമാണ് ബി ജെ പിക്ക് ലഭിച്ചിരിക്കുന്നത്. പുറത്തുപോകുന്ന നിയമസഭയില്‍ ബി ജെ പിക്ക് ആറ് അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

Latest