ജല സംഭരണികളും നമ്മുടെ ജല ചൂഷണവും

Posted on: May 19, 2016 6:00 am | Last updated: May 18, 2016 at 11:49 pm

രാജസ്ഥാനില്‍ ആയിരം വര്‍ഷമെങ്കിലും പഴക്കമുള്ള കുളമുണ്ട്. ചാന്ത് ബോലി എന്നാണ് അതിന്റെ പേര്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പേ ഈ നാട്ടില്‍ ജലസംരക്ഷണം നടപ്പിലാക്കിയതിന്റെ ദൃഷ്ടാന്തമാണ് ചാന്ത് ബോലി. 100 അടി താഴ്ചയുള്ള ഈ കുളത്തില്‍ 3,500 ചവിട്ടുപടികളുണ്ട്.വെള്ളം ഇറങ്ങിപ്പോകുന്നതിന് അനുസരിച്ച് താഴെയുള്ള പടികള്‍ തെളിഞ്ഞ് വരും. മഴക്കാലത്ത് ശേഖരിച്ചുവെച്ച വെള്ളം ഒരു യന്ത്രത്തിന്റേയും സഹായമില്ലാതെ വേനലില്‍ കോരിയെടുക്കാമെന്നതാണ് ഈ കുളത്തിന്റെ പ്രത്യേകത. സമീപ ഗ്രാമങ്ങള്‍ക്ക് ആവശ്യമായ വെള്ളം മുഴുവന്‍ നല്‍കിയിരുന്നത് ഈ കുളമാണ്. രാജസ്ഥാനില്‍ പലയിടത്തും ഇത്തരം ചവിട്ടുകളുള്ള കുളങ്ങളുണ്ട്. എന്തിനാണ് രാജസ്ഥാനികള്‍ പണ്ട് കാലത്ത് ഇങ്ങനെ കുളങ്ങളുണ്ടാക്കിയതെന്ന് അധികം ആലോചിക്കാതെ ആര്‍ക്കും മനസ്സിലാകും. അപൂര്‍വമായി പെയ്യുന്ന മഴവെള്ളം സംരക്ഷിക്കാന്‍ അവര്‍ അങ്ങനെ ചെയ്തത് കുടിവെള്ളത്തിന്റെ പ്രാധാന്യം അത്ര കണ്ട് തിരിച്ചറിഞ്ഞായിരുന്നു. എപ്പോഴെങ്കിലും മഴ പെയ്യുന്ന രാജസ്ഥാനില്‍ അത്രയെങ്കിലും ജലം ശേഖരിച്ചുവെക്കാന്‍ അവര്‍ കണ്ടെത്തിയ ഏറ്റവും വലിയ ജലസംരക്ഷണ മാര്‍ഗമായിരുന്നു അത്. ചാന്ത്‌ബോലിയുടെ ചുവടുപിടിച്ച് അവര്‍ ഇപ്പോഴും കുളങ്ങളുണ്ടാക്കുന്നുണ്ട്. 100 അടി താഴ്ചയുള്ള വലിയ കുളമല്ലെങ്കിലും ഒരു വേനലില്‍ ചെറിയ ആശ്വാസമെങ്കിലും നല്‍കാന്‍ ഇവക്ക് കഴിയുന്നുണ്ട്.രാജസ്ഥാനേക്കാളും എത്രയോ ഇരട്ടി മഴ പെയ്യുന്ന കേരളത്തിലും നമ്മുടെ പൂര്‍വികര്‍ ജലസംരക്ഷണത്തിനായി കുളങ്ങളുണ്ടാക്കിയിരുന്നു. തോടുകളും മറ്റ് ജലസംഭരണികളുമുണ്ടായിരുന്നു. ജലത്തിന്റെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കിയ പഴയ തലമുറ ജലത്തിന്റെ വിവേകപൂര്‍വമായ ഉപയോഗം ഉള്‍ക്കൊണ്ടവരും നിയന്ത്രിതമായ ഉപയോഗം പ്രാവര്‍ത്തികമാക്കിയവരും ജലസംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിച്ചവരുമായിരുന്നു.
വീടുകളിലുപയോഗിച്ചിരുന്ന കിണ്ടിയും ചെടിയുടെ ചുവട്ടില്‍ കുടം വെച്ചുള്ള ജലസേചനരീതിയും വീടുകളിലെ കാവുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയും തോടുകളുടെ ഇരുവശങ്ങളിലും കൈതപോലുള്ള ചെടികള്‍ വെച്ചുപിടിപ്പിച്ചിരുന്നതും നീരുറവകള്‍ ചോലകള്‍, മറ്റു ജലസ്രോതസ്സുകള്‍ എന്നിവ നശിപ്പിക്കാതെ സംരക്ഷിച്ചിരുന്നതും എല്ലാം അതിന്റെ ദൃഷ്ടാന്തങ്ങള്‍ ആണ്. ജലത്തെ സ്‌നേഹിച്ചവരും മഴയെ ഇഷ്ടപ്പെട്ടവരുമായിരുന്നു നമ്മുടെ പിന്മുറക്കാര്‍. എന്നാല്‍ മഴയെ മോശം കാലാവസ്ഥയായും മഴവെള്ളത്തെ ചെളിവെള്ളമായും മാത്രം കണ്ട ്തുടങ്ങിയതോടെയാണ് മഴവെള്ള സംഭരണമെന്ന ഏറ്റവും വലിയ ജലസംരക്ഷണ മാര്‍ഗത്തെയും നമ്മള്‍ മറന്നുപോയത്. കടുത്ത ചൂടില്‍ നാട് വെന്തുരുകിയപ്പോഴും കുടിവെള്ളം കിട്ടാതെ പരക്കം പാഞ്ഞപ്പോഴും നമ്മുടെ പരമ്പരാഗത ജല സംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ച് നാം വേണ്ട വിധത്തില്‍ ചിന്തിച്ചില്ലെന്നതാണ് സത്യം. നമ്മുടെ ജലവിനിയോഗവും ജലസംരക്ഷണത്തെക്കുറിച്ചുള്ള ബോധമില്ലായ്മയുമാണ് മലയാളിയെ ജലക്ഷാമമെന്ന വലിയ ദുരന്തത്തിലേക്കെത്തിച്ചത്.
ആധുനിക സാങ്കേതിക വിദ്യയും കൂറ്റന്‍ അണക്കെട്ടുകളും ചിറകളും ജലസേചന കനാലുകളും ഒക്കെ ഉള്ളപ്പോള്‍ മഴവെള്ളം ശേഖരിക്കാനുള്ള പുരാതന സമ്പ്രദായങ്ങളില്‍ ആരെങ്കിലും തത്പരരായിരിക്കുമോ എന്നു നാം ചിന്തിച്ചു പോയിരുന്നു. വാസ്തവത്തില്‍, വീടുകളിലോ ഗ്രാമങ്ങളിലോ ഒക്കെ ടാപ്പ് തുറന്നാല്‍ വെള്ളം കിട്ടുന്ന അവസ്ഥ വന്നതോടെ ഇത്തരം രീതികളില്‍ മിക്കതും അപ്രത്യക്ഷമാകുകയോ അല്ലെങ്കില്‍ അപ്രത്യക്ഷമാക്കുകയോ ചെയ്തു. അതിശീഘ്രം പെരുകിക്കൊണ്ടിരിക്കുന്ന ജനസംഖ്യയുടെ ആവശ്യങ്ങളെയും കാര്‍ഷിക സമൂഹത്തില്‍നിന്ന് വ്യവസായവത്കൃത സമൂഹത്തിലേക്ക് ദ്രുതഗതിയിലുണ്ടാകുന്ന മാറ്റങ്ങളെയും പരമ്പരാഗത ജലസംരക്ഷണ മാര്‍ഗങ്ങളെ ബോധപൂര്‍വം മറക്കാനുമിടയാക്കി. ജലം പരിരക്ഷിക്കുന്നതില്‍ വ്യക്തിപരമായ ഒരു പങ്കുണ്ടായിരിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ഭരണകൂടം തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരുന്നു.
പശ്ചിമ മലനിരകളില്‍ നിന്നുത്ഭവിക്കുന്ന 44 നദികളുടെയും അവയുടെ 900 ലധികം പോഷക നദികളുടെയും സാന്നിധ്യം കൊണ്ട് ജലസമൃധമായ നമ്മുടെ ഭൂപ്രദേശം ജലക്ഷാമത്തിന്റെ പിടിയിലകപ്പെട്ടത് ഓരോ കേരളീയന്റേയും കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാണ്. വറ്റാത്ത കുളങ്ങളും കിണറുകളും ചാലുകളും ധാരാളമുണ്ടായിരുന്ന കേരളം വേനല്‍ക്കാലമാരംഭിക്കുമ്പോഴേക്കും വറ്റിവരളുന്ന കാഴ്ചയാണ് ഇപ്പോള്‍ നമുക്ക് മുന്നില്‍ തെളിയുന്നത്. ജലദൗര്‍ലഭ്യം സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ഇപ്പോള്‍ ഒരു യാഥാര്‍ഥ്യമായിക്കഴിഞ്ഞു. ഭൂഗര്‍ഭ ജലവും ഉപരിതല ജലസ്രോതസ്സുകളും ഒരുപോലെ ഇപ്പോള്‍ പിന്‍വലിയുന്നു. യഥാര്‍ഥത്തില്‍ ഇത് പെട്ടെന്നുണ്ടായ സ്ഥിതിവിശേഷമല്ല മറിച്ച്, കാലങ്ങളായുള്ള ദുരുപയോഗത്തിന്റെ ഫലമായുണ്ടായ അവസ്ഥയാണ്. വനങ്ങളുടേയും നദികളുടെ ഉറവിടങ്ങളുടേയും സാന്നിധ്യം കൊണ്ട് ജലസമൃദ്ധമായിരുന്ന പശ്ചിമഘട്ടമലനിരകളിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ പോലും ഇന്ന് കടുത്ത ജലക്ഷാമം നേരിടുന്നു. ഇവിടെയാണ് അതീവപ്രാധാന്യമുള്ള ഒട്ടേറെ ചോദ്യങ്ങള്‍ ഉയരുന്നത്. ഒരുകാലത്ത് അധിക ജലമുണ്ടായിരുന്ന കേരളം എങ്ങനെയാണ് ഒരു വരള്‍ച്ചബാധിത സംസ്ഥാനമായതെന്നതാണ് ഇതില്‍ പ്രധാനം.
ജലവിനിയോഗത്തിലുള്ള വലിയ വ്യത്യാസമാണ് ഇതിന് പ്രധാന കാരണങ്ങളിലൊന്ന് എന്ന് ഗവേഷകര്‍ പറയുന്നുണ്ട്. ഭൂജലം അമിതമായി ഉപയോഗിക്കുമ്പോള്‍ അത് കാത്തുവെക്കാനും സംരക്ഷിക്കാനുമുള്ള സംവിധാനങ്ങളെ നാം ബോധപൂര്‍വം ഒഴിവാക്കിയിരുന്നു. സംസ്ഥാനത്ത് ഗാര്‍ഹികാവശ്യങ്ങള്‍ക്കും കൃഷിക്കും വേണ്ടിയാണ് ഭൂജലം പ്രധാനമായും വിനിയോഗിക്കുന്നത്. ഒരു വ്യക്തി പ്രതിദിനം 150 ലിറ്റര്‍ ജലം കുടിക്കുന്നതിനും മറ്റു ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ജനസംഖ്യയുടെയും ആളോഹരി ഭൂജല ഉപയോഗത്തിന്റെയും അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കപ്പെട്ടിട്ടുള്ളത്. കേരളത്തിലെ വാര്‍ഷിക ഭൂജല ലഭ്യത ഏതാണ്ട് 6,070 ദശലക്ഷം ഘനമീറ്ററാണ്. എന്നാല്‍ വാര്‍ഷിക ഭൂജല വിനിയോഗം 2,840 ദശലക്ഷം ഘനമീറ്ററായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ കണക്ക് പ്രകാരം സംസ്ഥാനത്ത് കൂടുതല്‍ ഭൂജല വിനിയോഗം പാലക്കാട് ജില്ലയിലും കുറവ് വയനാട്ടിലുമാണ്. 152 ബ്ലോക്കുകളില്‍ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ബ്ലോക്ക് അതിജലചൂഷിതമായ പ്രദേശമായും കണക്കാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തന്നെ മലമ്പുഴ, കാസര്‍കോട്ടെ കാസര്‍കോട് ബ്ലോക്ക് എന്നിവടങ്ങളിലും ഭൂജല ചൂഷണം ഗുരുതരാവസ്ഥയിലാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അര്‍ധ ഗുരുതരമായി ജലചൂഷണമുള്ള 23 ബ്ലോക്കുകളെയും സര്‍ക്കാര്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ പാറക്കടവ്, പറവൂര്‍, വൈപ്പിന്‍, ഇടുക്കിയിലെ കട്ടപ്പന, നെടുങ്കണ്ടം, കണ്ണൂരിലെ കല്യാശ്ശേരി, പാനൂര്‍, കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്, കാറഡുക്ക, മഞ്ചേശ്വരം, കൊല്ലത്തി ചിറ്റുമല, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, കുന്ദമംഗലം, മലപ്പുറത്തെ കൊണ്ടോട്ടി, താനൂര്‍, തിരൂരങ്ങാടി, പാലക്കാട്ടെ പട്ടാമ്പി, തൃത്താല, തിരുവനന്തപുരം ജില്ലയിലെ അതിയന്നൂര്‍, നെടുമങ്ങാട്, പാറശ്ശാല, തൃശൂരിലെ മതിലകം, തളിക്കുളം എന്നീ പ്രദേശങ്ങളാണ് ജലചൂഷണം വ്യാപകമാകുന്ന (അര്‍ധ ഗുരുതരം) വിഭാഗത്തില്‍ പെടുത്തിയിട്ടുള്ളത്. നഗരവത്കരണവും കാലാവസ്ഥാ വ്യതിയാനവും കേരളത്തിലെ ഭൂജല വിനിയോഗത്തില്‍ കാര്യമായ വര്‍ധനയുണ്ടാക്കിയേക്കുമെന്ന് ഭൂജല ബോര്‍ഡ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2025ലേക്ക് ഗാര്‍ഹിക, വ്യാവസായിക ആവശ്യങ്ങള്‍ക്കു മാത്രം വേണ്ടി വരുന്ന ഭൂജലത്തിന്റെ അളവ് ഏതാണ്ട് 1,710 ദശലക്ഷം ഘനമീറ്ററായി കണക്കാക്കപ്പെടുന്നുണ്ട്. പുതിയ പശ്ചാത്തലത്തില്‍ ജലസംരക്ഷണ മാര്‍ഗങ്ങള്‍ അവലംബിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വരും വര്‍ഷങ്ങളില്‍ കാര്യമായ ജലക്ഷാമം നേരിടേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.കേരളത്തില്‍ എല്ലായിടത്തും വലിയതോതിലുള്ള ജല ചൂഷണം തന്നെയാണ് നടക്കുന്നത്.ഇതില്‍ ഏറ്റവും കൂടുതല്‍ ഭൂജല വിനിയോഗം നടക്കുന്നത് പാലക്കാട്ടാണെന്ന് കേന്ദ്രീയ ഭൂജല ബോര്‍ഡും കേരള ഭൂജല വകുപ്പും ചേര്‍ന്നു നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ചൂടനുഭവപ്പെടുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പാലക്കാട്ടെ പലയിടങ്ങളിലും ഓരോ വര്‍ഷവും ജല സാന്നിധ്യം കുറഞ്ഞുവരുന്നതായി കണ്ടെത്തിയത്. ഭൂഗര്‍ഭ ജലവകുപ്പിന്റെ നിഗമനമനുസരിച്ച് പാലക്കാട്ടെ ചിറ്റൂരിലാണ് അപകടകരമായ രീതിയില്‍ ഭൂജലം കുറഞ്ഞുവരുന്നത്.
ദേശീയ ശരാശരിയെക്കാള്‍ 2.6 ഇരട്ടി മഴയാണ് കേരളത്തില്‍ ലഭിച്ചിരുന്നത്. 1905ല്‍ നമ്മുടെ വനവിസ്തൃതി 44 ശതമാനമായിരുന്നത് ഇന്ന് വെറും 11 ശതമാനമായി. നമ്മുടെ സകല തണ്ണീര്‍ത്തടങ്ങളും ജലസ്രോതസ്സുകളും ഇന്ന് വറ്റിവരളുന്നു. കേരളത്തിലെ പുഴകളെല്ലാം അകാലമൃത്യു വരിച്ചുകൊണ്ടിരിക്കുന്നു. ജലസമൃദ്ധമായിരുന്ന കേരളത്തിലെ നദികളുടെ മജ്ജയും മാംസവുമായിരുന്നു മണല്‍ത്തിട്ടകള്‍. 10 മുതല്‍ 15 അടിവരെ അതിനു കനമുണ്ടായിരുന്നു. ജലജീവികളുടെ പ്രജനനകേന്ദ്രങ്ങള്‍ അവിടെയായിരുന്നു. സ്വാഭാവികവും പ്രകൃതിദത്തവുമായ തടയണകള്‍ നദികളിലെ മണലായിരുന്നു. ഒഴുക്കിന്റെ നിയന്ത്രണവും അത് അനുസ്യൂതം നടത്തിപ്പോന്നു. നൂറ്റാണ്ടുകള്‍ കൊണ്ടുണ്ടായ ഓരോ പിടി മണലും വാരിയെടുത്തതോടെ നദികളിലെ വെള്ളം ഒരു തടസ്സവുമില്ലാതെ കടലിലേക്കൊഴുകിപ്പോയ്‌ക്കൊണ്ടേയിരുന്നു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചതുപ്പുനിലങ്ങളാല്‍ അനുഗൃഹീതമായ പ്രദേശമാണ് കേരളം. പ്രകൃതിദത്തമായ ജലസംഭരണികളും സ്വാഭാവിക ജലശുദ്ധീകരണ സംവിധാനവുമാണ് ചതുപ്പുകളും പാടങ്ങളും. ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തി നിര്‍ത്തുന്നതില്‍ ഇവ നിര്‍ണായക പങ്ക് വഹിക്കുന്നു. എന്നാല്‍ 1970ല്‍ എട്ട് ലക്ഷം ഹെക്ടര്‍ ചതുപ്പുകളും പാടങ്ങളും ഉണ്ടായിരുന്ന കേരളത്തില്‍ ഇപ്പോള്‍ അതിന്റെ അളവ് വെറും രണ്ട് ലക്ഷം ഹെക്ടറായി ചുരുങ്ങിയിരിക്കുന്നു. വികസനത്തിന്റേയും നഗരവത്കരണത്തിന്റേയും പേരിലുള്ള ഭൂമി നികത്തലാണ് ഈയവസ്ഥക്ക് വഴിയൊരുക്കിയത്.വ്യാപകമായ കുന്നിടിക്കലും പാറപൊട്ടിക്കലും ഭൂമിയിലേക്ക് ജലം ഊറിയിറങ്ങുന്നതിനുള്ള സ്വാഭാവിക മാര്‍ഗങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ കിണറുകളുള്ളത് കേരളത്തിലാണ് 60ലക്ഷം.
ഇപ്പോള്‍ വേനലിലിന്റെ തുടക്കത്തില്‍ തന്നെ ഇതില്‍ ഏറെയും കിണറുകള്‍ വറ്റിവരളുന്നു. പശ്ചിമഘട്ടം കൈയേറ്റം വ്യാപകമായി ഉണ്ടായതിനു ശേഷമാണ് വരള്‍ച്ച വെള്ള കുറവിലേക്കും ചൂട് രൂക്ഷമാകുന്നതിലേക്കും പ്രശ്‌നങ്ങളെ എത്തിച്ചത്. കാലാവസ്ഥയിലുണ്ടായ മാറ്റം നീര്‍ത്തടങ്ങളുടെ തകര്‍ച്ചയും അതിന്റെ ഘടനയിലുണ്ടായ രൂപമാറ്റത്തിലേക്കെത്തിച്ചു. ഒരു ഹെക്ടര്‍ വനഭൂമി 5000 ഘനമീറ്റര്‍ വെള്ളം തടഞ്ഞു നിര്‍ത്തുമെങ്കില്‍ ഒരു ഹെക്ടര്‍ ചതുപ്പ് നിലം അതിന്റെ പകുതിയെങ്കിലും വെള്ളം സംഭരിക്കുമെന്നും നമുക്ക് തിരിച്ചറിയാന്‍ ഒരു കൊടും വേനലും വരള്‍ച്ചയും വേണ്ടിവന്നു. കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം ഹെക്ടര്‍ നിലം നികത്തി എന്ന് പറയുമ്പോള്‍ എത്ര കോടി ലിറ്റര്‍ വെള്ളത്തിന്റെ സംഭരണമാണ് നാം നഷ്ടപ്പെടുത്തിയതെന്ന് മനസ്സിലാകും.റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് കൊഴുത്തതോടെ നേരം ഇരുട്ടി വെളുക്കുന്നതിനിടെ കുന്നുകള്‍ അപ്രത്യക്ഷമാകുന്ന കാഴ്ചകളാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. ഒരു മഴക്കാലത്ത് ഒരു കുന്ന് സംഭരിച്ച് വെക്കുന്ന വെള്ളമാണ് പിന്നീട് വേനല്‍ക്കാലത്ത് പരിസര പ്രദേശങ്ങളിലെ ജലസ്രോതസ്സുകളിലേക്ക് കിനിഞ്ഞ് ഇറങ്ങുന്നതെന്ന പ്രാഥമിക ജലസാക്ഷരതപോലും പണത്തിന് മുമ്പില്‍ നാം ബോധപൂര്‍വം വിസ്മരിച്ചു. ഇതുതന്നെയാണ് കാടും മരങ്ങളും വെട്ടി തെളിയിച്ച് കോണ്‍ക്രീറ്റ് വനങ്ങള്‍ പണിയുമ്പോഴും നാം മറന്ന് പോയത്. മഴ വെള്ള സംരക്ഷണത്തിനായി ഇപ്പോള്‍ നിര്‍ദേശിക്കപ്പെടുന്ന കുറേയേറെ മാര്‍ഗങ്ങളുണ്ട്.തോടരികിലെ കൈത വെട്ടിമാറ്റാതെ തോടു സംരക്ഷിക്കാനും മണ്ണ് മൂടിപ്പോയ പഴയ കുളങ്ങള്‍ തിരിച്ചെടുക്കാനും മഴക്കുഴികളും തടയണകളും നിര്‍മിച്ച് ജലം സംരക്ഷിക്കാനുമെല്ലാം നാം തന്നെ മുന്നിട്ടിറങ്ങേണ്ടതുണ്ട്. ഈ മഴക്കാലത്ത് ഇവയെങ്കിലും മനസ്സോടെ സ്വീകരിച്ച് നടപ്പാക്കിയാല്‍ കുറേയേറെ ജലസംരക്ഷണ സംവിധാനം വിജയിക്കുമെന്ന് സര്‍ക്കാര്‍ തന്നെ നിര്‍ദേശിക്കുന്നുണ്ട്. ഇതൊക്കെ പാലിച്ച് മുന്നോട്ടു പോയാല്‍ കുടിവെള്ളത്തിനായി എ ടി എം മെഷീനുകള്‍ക്ക് മുമ്പില്‍ നമുക്ക് കാത്തിരിക്കേണ്ടി വരില്ല.