വേനലവധിക്ക് നാട്ടിലേക്കുള്ള യാത്ര ചെലവേറും

Posted on: May 18, 2016 7:00 pm | Last updated: May 18, 2016 at 7:00 pm

ദോഹ: വേനല്‍ക്കാല അവധി സമയങ്ങളില്‍ ദോഹയില്‍ നിന്ന് ഇന്ത്യയിലെ വിവിധയിടങ്ങളിലേക്കുള്ള വിമാനയാത്രാ കൂലിയില്‍ വന്‍വര്‍ധനയുണ്ടാകും. ചിലയിടങ്ങളിലേക്ക് തുക ഇരട്ടിയാകാനും സാധ്യതയുണ്ടെന്ന് ബിസിനസ് വൃത്തങ്ങള്‍ പറയുന്നു.
വേനലവധിക്കുള്ള തിരക്കേറിയ സമയമായ ജൂണ്‍ അവസാന ആഴ്ച മുതല്‍ സെപ്തംബര്‍ അവസാനം വരെ വിമാന യാത്രാ നിരക്ക് 20 ശതമാനം അധികം വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ജൂണ്‍ അവസാനത്തോടെ ഓഫറുകളും മറ്റും വിവിധ വിമാന കമ്പനികള്‍ പിന്‍വലിക്കുന്നതാണ് നിരക്ക് വര്‍ധിക്കാന്‍ പ്രധാന കാരണം. 40 ശതമാനം വരെ ഓഫര്‍ പല കമ്പനികളും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ജൂലൈ ഒന്നോടെ പല ഇന്ത്യന്‍ സ്‌കൂളുകളും അടക്കുന്നതോടെ ദോഹയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള യാത്രാകൂലിയില്‍ പരമാവധി വര്‍ധനയുണ്ടാകും. നിലവില്‍ കൊച്ചിയിലേക്ക് 1500 ഖത്വര്‍ റിയാല്‍ ഉള്ളത് 3500ന് മുകളിലേക്ക് പോകാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരത്തേക്ക് ഇത് 3200 റിയാല്‍ ആകും. ന്യൂഡല്‍ഹി, മുംബൈ പോലെയുള്ള മറ്റ് നഗരങ്ങളിലേക്കും വില കൂടും.