ശ്രീജിവ് മരിച്ചത് പോലീസ് മര്‍ദനം മൂലം; പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ

Posted on: May 18, 2016 9:25 am | Last updated: May 18, 2016 at 9:25 am

കൊച്ചി: ആത്മഹത്യയെന്ന് പോലീസ് എഴുതിത്തള്ളിയ യുവാവിന്റെ മരണം പോലീസിന്റെ ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്നെന്ന് പോലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി കണ്ടെത്തി. നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവന്‍പുത്തന്‍വീട്ടില്‍ ശ്രീജിവ്(27) കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചുവെന്ന പാറശ്ശാല പോലീസിന്റെ വാദം തെറ്റാണെന്നും മര്‍ദനത്തെത്തുടര്‍ന്നാണ് മരണമെന്നും വ്യക്തമായതായി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊല്ലപ്പെട്ട ശ്രീജിവിന്റെ കുടുംബത്തിന് പത്ത്‌ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സംഭവത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല നടപടിയെടുക്കണമെന്നും ചെയര്‍മാന്‍ ശിപാര്‍ശ ചെയ്തു.

കസ്റ്റഡിയിലിരിക്കെ പ്രതി അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന വിഷം കഴിച്ച് ആത്മഹത്യചെയ്യുകയായിരുന്നുവെന്ന പോലീസ് വാദമാണ് അതോറിറ്റിയുടെ അന്വേഷണത്തില്‍ പൊളിഞ്ഞത്.
2014 മെയ് 19ന് രാത്രി 11.30ന് പൂവാറില്‍ നിന്ന് പാറശ്ശാല പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജീവ് ചികിത്സയിലിരിക്കെ 21ന് തിരുവനവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിക്കുകയായിരുന്നു. പൂവാറില്‍ നിന്ന് പാറശ്ശാലയിലേക്കുള്ള വഴിയില്‍ പോലീസ് വാഹനത്തിലിട്ട് മര്‍ദിച്ചുവെന്നാണ് സൂചനകളെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.
കൂലിപ്പണിക്കാരനായിരുന്ന ശ്രീജിവ് അയല്‍വാസിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഈ പെണ്‍കുട്ടിയുടെ വിവാഹം നടക്കുന്നതിന്റെ തലേന്ന് രാത്രിയിലാണ് ശ്രീജിവിനെ ഒരു വര്‍ഷം മുമ്പ് നടന്ന മോഷണക്കേസിന്റെ പേരില്‍ പൂവാറില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ ബന്ധുവും എ എസ ്‌ഐയുമായിരുന്ന ഫിലിപ്പോസിന്റെ നേതൃത്വത്തിലായിരുന്നു ശ്രീജിവിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലിരിക്കെ 20ന് രാത്രിയില്‍ അവശനായ ശ്രീജിവിനെ വിഷം കഴിച്ചുവെന്ന് പറഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിറ്റേദിവസം മരിച്ചു.
കസ്റ്റഡിയിലിരിക്കെ ശ്രീജിവ് അടിവസ്ത്രത്തിലൊളിപ്പിച്ചിരുന്ന ഫ്യുരഡാന്‍ വിഷം കഴിച്ചുവെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീജിവിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്നും വൃഷണങ്ങള്‍ മര്‍ദനമേറ്റ് വീര്‍ത്ത നിലയിലായിരുന്നുവെന്നും സഹോദരന്‍ ശ്രീജിത് അതോറിറ്റിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. രക്തം കലര്‍ന്ന മൂത്രമാണ് പുറത്തെത്തിയത്. കൈകാലുകള്‍ രണ്ടും ബഡില്‍ ബന്ധിച്ച നിലയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷാംശത്തിന്റെ അളവ് കണ്ടെത്താനായില്ല. ശ്രീജിവിന്റേതെന്ന് പോലീസ് കണ്ടെത്തിയ ആത്മഹത്യാകുറിപ്പും വ്യാജമാണെന്ന് തെളിഞ്ഞു.
സംഭവത്തില്‍ പാറശ്ശാല സി ഐയായിരുന്ന ഗോപകുമാര്‍, എഎസ്‌ഐ ഫിലിപ്പോസ് എന്നിവര്‍ക്ക് ശ്രീജിവിന്റെ മരണത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് അതോറിറ്റി കണ്ടെത്തി. സീനിയര്‍ സി പി ഒ പ്രതാപചന്ദ്രന്‍, എ എസ് ഐ വിജയദാസ് എന്നിവരും ഇവരുടെ പ്രവൃത്തികള്‍ക്ക് കൂട്ടുനിന്നു. എസ് ഐ. ഡി ബിജുവും വ്യാജ രേഖകളുണ്ടാക്കാന്‍ സഹായിച്ചു. ഇവര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം നടത്തണമെന്നും കൊലപാതകത്തിന് കേസെടുക്കണമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് നിര്‍ദേശിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അനേഷിക്കണം. ഇക്കാര്യത്തില്‍ പത്ത് ദിവസത്തിനകം അന്വേഷണം ആരംഭിക്കണമെന്നും അതോറിറ്റി ചെയര്‍മാന്റെ ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാക്ഷികളില്ലാതിരുന്ന കേസില്‍ ഫോറന്‍സിക് വിദഗ്ധര്‍, ക്രിമിനോളജിസ്റ്റ്‌സുമാര്‍ എന്നിവരുടെ നിര്‍ദേശങ്ങളും മെഡിക്കല്‍ രേഖകളും പരിശോധിച്ചാണ് പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി പോലീസിന്റെ കള്ളം പൊളിച്ചത്.