എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ അറം പറ്റരുതെന്ന പ്രാര്‍ഥനയുമായി കേരള കോണ്‍ഗ്രസ്

Posted on: May 18, 2016 9:11 am | Last updated: May 18, 2016 at 9:11 am

കോട്ടയം:പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിക്ക് പാലായില്‍ അടിപതറുമെന്നും കേരള കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലേക്ക് ഒതുങ്ങുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ അറം പറ്റരുതെന്ന പ്രാര്‍ഥനയിലാണ് കേരള കോണ്‍ഗ്രസ് എം ക്യാമ്പുകള്‍. പാര്‍ട്ടി മത്സരിച്ച 15 മണ്ഡലങ്ങളിലും പോളിംഗ് ശതമാനത്തിലുണ്ടായ കുറവും ചില മണ്ഡലങ്ങളിലെ പോളിംഗിലെ വര്‍ധനവും വിമത സ്ഥാനാര്‍ഥികളുടെ ഭീഷണിയും തിരഞ്ഞെടുപ്പ് ഫലത്തെ ഏതുവിധത്തില്‍ സ്വാധീനിക്കുമെന്ന വിലയിരുത്തലിലായിരുന്നു ഇന്നലെ പാര്‍ട്ടി നേതൃത്വം. ഒമ്പത് സിറ്റിംഗ് സീറ്റുകളില്‍ അഞ്ചെണ്ണമെങ്കിലും ഉറപ്പായും നിലനിര്‍ത്തുമെന്നും കഴിഞ്ഞ തവണ നഷ്ടപ്പെട്ട തിരുവല്ല, ഏറ്റുമാനൂര്‍, കുട്ടനാട് സീറ്റുകള്‍ ഇത്തവണ ഉറപ്പായും തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് നേതാക്കളില്‍ ബഹുഭൂരിപക്ഷവും. സിറ്റിംഗ് മണ്ഡലങ്ങളായ തൊടുപുഴ, കടുത്തുരുത്തി, കോതമംഗലം, പാലാ, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളില്‍ ജയിച്ചുകയറാമെന്ന വിലയിരുത്തലിലാണ് കേരള കോണ്‍ഗ്രസ് ക്യാമ്പുകള്‍. എന്നാല്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ദിവസത്തിന്റെ അവസാന മണിക്കൂറുകളില്‍ വീശിയടിച്ച ഇടതുതരംഗത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ കൂട്ടത്തോടെ പരാജയപ്പെടുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളോട് മാനസികമായി പൊരുത്തപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണ് പാര്‍ട്ടി നേതൃത്വം. ജനങ്ങളുടെ സര്‍വേ ഫലം 19 ന് അറിയാമെന്നും അതാണ് പ്രധാനമെന്നുമാണ് എക്‌സിറ്റ് പോള്‍ പ്രചനങ്ങളോട് കെ എം മാണി പാലായില്‍ പ്രതികരിച്ചത്.

75 മുകളില്‍ സീറ്റ് യു ഡി എഫ് നേടും. പാലായിലും പൂഞ്ഞാറിലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിക്കും. ബി ഡി ജെ എസിനെ വിലകുറച്ചു കാണേണ്ടെന്നും മാണി കൂട്ടിച്ചേര്‍ത്തു. കെ എം മാണിക്കെതിരായ ബാര്‍ കോഴ വിവാദം പാലായില്‍ വലതുപക്ഷ ആഭിമുഖ്യമുള്ള പരമ്പരാഗത വോട്ടര്‍മാരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചെന്ന വിലയിരുത്തലിലാണ് പാലായിലെ ഇടതുപക്ഷം. ഒപ്പം തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ്- കോണ്‍ഗ്രസ് തര്‍ക്കങ്ങളുണ്ടായ മേഖലകളിലെ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ടെന്ന നിരീക്ഷണവും എല്‍ ഡി എഫ് നടത്തുന്നു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ബി ജെ പി വോട്ടുകള്‍ കേരള കോണ്‍ഗ്രസ് പെട്ടിയില്‍ വീഴ്ത്താന്‍ കഴിയാതിരുന്നതും മാണിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകും. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരള കോണ്‍ഗ്രസ് ബി ജെ പിയുമായി കൈകോര്‍ക്കുമെന്ന ഇടതുപക്ഷത്തിന്റെ ആരോപണത്തില്‍ മറുപടി പറയാന്‍ പാര്‍ട്ടിക്ക് കഴിയാതിരുന്നത് മതേതര വോട്ടുകളില്‍ വിള്ളലുണ്ടാക്കിയെന്ന സൂചനകളും ഇതിനകം പുറത്തുവരുന്നു. പാലായിലെ ജനങ്ങളുമായുള്ള വൈകാരികമായ അടുപ്പം മാണിയെ ഇത്തവണ നിയമസഭയില്‍ എത്തുക്കുമോ അതോ അമ്പതുവര്‍ഷം നിയമസഭയില്‍ പാലായെ പ്രതിനിധീകരിച്ച കെ എം മാണിക്ക് വോട്ടര്‍മാര്‍ റിട്ടയര്‍മെന്റ് നല്‍കുമോയെന്ന തുടങ്ങിയ കാര്യങ്ങള്‍ നാളത്തെ ഫലപ്രഖ്യാപനത്തോടെ മാത്രമേ അറിയാനാകൂ.