എക്‌സിറ്റ് പോളില്‍ ഉള്ളുലഞ്ഞ് യു ഡി എഫ്; തരംഗത്തിന് കാതോര്‍ത്ത് എല്‍ ഡി എഫ്

Posted on: May 18, 2016 6:00 am | Last updated: May 18, 2016 at 12:05 am

കൊച്ചി : എറണാകുളം ജില്ലയില്‍ ഇടതു തരംഗമെന്ന എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ മൂന്ന് മുന്നണികളെയും അമ്പരപ്പിച്ചു. എല്‍ ഡി എഫ് 10 സീറ്റില്‍ വരെ വിജയിക്കുമെന്ന പ്രവചനം അവിശ്വസനീയതയോടെയാണ് ഇടതു കേന്ദ്രങ്ങള്‍ കേട്ടത്. പരമാവധി ആറ് സീറ്റില്‍ വിജയം പ്രതീക്ഷിച്ച സി പി എം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതോടെ ആവേശത്തിലാണ്. എന്നാല്‍ യു ഡി എഫ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളിക്കളയുകയാണ്. വൈപ്പിന്‍ ഒഴികെ മറ്റ് എല്ലാ സീറ്റുകളിലും യു ഡി എഫ് വിജയിക്കുമെന്നാണ് അവകാശവാദം.
എറണാകുളം ജില്ലയില്‍ നിന്നുള്ള മൂന്ന് മന്ത്രിമാരും തോല്‍ക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറയില്‍ കെ ബാബു, കളമശേരിയില്‍ വി കെ ഇബ്‌റാഹിംകുഞ്ഞ്, പിറവത്ത് അനൂപ് ജേക്കബ് എന്നിവര്‍ കടുത്ത മത്സരം നേരിടുകയായിരുന്നു. എന്നാല്‍ മൂവര്‍ക്കും ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണെന്ന വിലയിരുത്തലാണ് യു ഡി എഫ് നേതൃത്വം നടത്തിയിരുന്നത്.
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 11 സീറ്റുകള്‍ നേടി യു ഡി എഫിനെ പിടിച്ചു നിര്‍ത്തിയ ജില്ലയാണ് എറണാകുളം. ജില്ലയിലെ 14 മണ്ഡലങ്ങളില്‍ ഭൂരിപക്ഷവും യു ഡി എഫ് അനുകൂല മണ്ഡലങ്ങളാണെങ്കിലും കാറ്റ് മാറി വീശിയാല്‍ തൂത്തുവാരാനുള്ള ശേഷി എല്‍ ഡി എഫിന് എല്ലാ മണ്ഡലങ്ങളിലുമുണ്ട്. എന്‍ ഡി എ വോട്ടുകള്‍ പല മണ്ഡലങ്ങളിലും ഫലം നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കും. വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നാണ് ഇടത് വലത് മുന്നണികളുടെ വാദമെങ്കിലും എന്‍ ഡി എ വോട്ടുകള്‍ ആരെ തകര്‍ക്കുമെന്നത് വോട്ടെണ്ണിക്കഴിഞ്ഞാല്‍ മാത്രമേ അറിയൂ.
2011ലെ തിരഞ്ഞെടുപ്പില്‍ 77.63 ശതമാനമായിരുന്നു ജില്ലയിലെ പോളിംഗ്. ഇത്തവണ പോളിംഗ് ശതമാനം 79.77 ആയി ഉയര്‍ന്നിട്ടുണ്ട്. വര്‍ധിച്ച വോട്ടുകള്‍ തങ്ങളുടേതാണെന്നാണ് മൂന്ന് മുന്നണികളുടെയും അവകാശ വാദം. വൈപ്പിന്‍, പെരുമ്പാവൂര്‍, അങ്കമാലി മണ്ഡലങ്ങളാണ് 2011ല്‍ ഇടതിനൊപ്പം നിന്നത്. വൈപ്പിനില്‍ ഇടത് സ്ഥാനാര്‍ഥി എസ് ശര്‍മയുടെ വിജയം ഏറെക്കുറെ ഉറപ്പിക്കാമെന്നതാണ് ഇടത് പാളയത്തിലെ സൂചന. പെരുമ്പാവൂരിലും അങ്കമാലിയിലും പക്ഷേ ഇത്തവണ മത്സരം കടുപ്പമാണ്. ജിഷ കേസ് ഉള്‍പ്പെടെയുള്ളവ പെരുമ്പാവൂരില്‍ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ എസ്എന്‍ ഡി പി വോട്ടുകളും മണ്ഡലത്തില്‍ ഏറെയുണ്ട്. യുഡിഎഫ് അനുകൂല മണ്ഡലമായ അങ്കമാലിയില്‍ കടുത്ത മത്സരമാണ് നടന്നത്. എല്‍ ഡി എഫിനും യു ഡി എഫിനും ഒരു പോലെ സ്വാധീനമുള്ളതാണ് മണ്ഡലം.
തൃപ്പൂണിത്തുറ, കളമശേരി, പറവൂര്‍, കുന്നത്തുനാട്, പിറവം, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങള്‍ ഇത്തവണ കൂടുതലായി ഇടത്തോട്ട് ചായുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് സമാനമാണ് എല്‍ ഡി എഫിന്റെയും കണക്കുകൂട്ടല്‍. എന്നാല്‍ വിജയം ഉറപ്പിക്കാറായിട്ടില്ലെന്നും നേതൃത്വം സൂചന നല്‍കുന്നു. തൃപ്പൂണിത്തുറ, കളമശേരി, ആലുവ, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളില്‍ കടുത്ത മത്സരമാണ് നടന്നത്. സിറ്റിംഗ് എം എല്‍ എമാരും മന്ത്രിമാരുമായിരുന്നു എതിരാളികള്‍. വിജയിച്ചാല്‍ തന്നെ അത് വന്‍മാര്‍ജിനില്‍ ആയിരിക്കില്ലെന്നും എല്‍ ഡിഎഫ് കണക്കുകൂട്ടുന്നു. തൃപ്പൂണിത്തുറയില്‍ ബി ഡി ജെ എസ് വോട്ടുകള്‍ യു ഡി എഫിന് മറിച്ചു നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ പോലും തൃപ്പൂണിത്തുറയില്‍ വിജയം നേടാന്‍ കഴിയുമെന്നും സി പി എം ജില്ലാ സെക്രട്ടറി പി രാജീവ് വിലയിരുത്തി.
അതേ സമയം നേരിയ ഭൂരിപക്ഷത്തിലെങ്കിലും ജില്ലയിലെ സീറ്റുകളില്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്നാണ് യു ഡി എഫിന്റെ വിലയിരുത്തല്‍. വൈപ്പിന്‍ മണ്ഡലത്തില്‍ മാത്രമാണ് തങ്ങള്‍ക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കാതിരുന്നത്. മറ്റ് മണ്ഡലങ്ങളില്‍ ശക്തമായ മത്സരം നടന്നിട്ടുണ്ടെന്ന് തന്നെയാണ് യുഡിഎഫ് വിലയിരുത്തുന്നത്. എന്നാല്‍ അന്തിമ വിധി എന്താകുമെന്നത് പ്രവചനാതീതമാണ്.
തൃപ്പൂണിത്തുറയിലും കുന്നത്തുനാട്ടിലും പറവൂരിലും രണ്ടാം സ്ഥാനമാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. അപ്രതീക്ഷിതമായി വിജയവും അവര്‍ കണക്കുകൂട്ടുന്നുണ്ട്. എസ് എന്‍ ഡി പി, ഹൈന്ദവ വോട്ടുകള്‍ ഈ മണ്ഡലങ്ങളില്‍ പരമാവധി പോള്‍ ചെയ്തിട്ടുണ്ട്.