മയക്കുമരുന്ന് കേസ്: ഡല്‍ഹിയിലെ മെഡിക്കല്‍ ഷോപ്പുടമ അറസ്റ്റില്‍

Posted on: May 18, 2016 5:52 am | Last updated: May 17, 2016 at 11:52 pm

കൊച്ചി: കേരളത്തിലെ മയക്കുമരുന്നു സംഘങ്ങള്‍ക്ക് മയക്കുമരുന്നു വിതരണം ചെയ്തുവന്ന ഡല്‍ഹിയിലെ മെഡിക്കല്‍ ഷോപ്പ് ഉടമയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശി അനില്‍ ജെയ്ന്‍ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്ത എറണാകുളം കലൂര്‍ സ്വദേശി കെ എച്ച് നവാസില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ അനില്‍ജെയിനിനെ തിങ്കളാഴ്ച ചോദ്യം ചെയ്യാനായി എറണാകുളം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എറണാകുളം സെഷന്‍സ് ജഡ്ജി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 28 വരെ റിമാന്‍ഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലിലടച്ചു.
മനോരോഗ ചികിത്സക്കുള്ള ബുപ്രനോര്‍ഫിന്‍ എന്ന മയക്കുമരുന്നിന്റെ 26 ആംപ്യൂളുകളുമായി കഴിഞ്ഞ ഡിസംബര്‍ 10നാണ് നവാസിനെ കലൂരിലെ വീട്ടില്‍ നിന്ന് നാര്‍ക്കോടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മയക്കുമരുന്നിന് അടിമയായ നവാസ് ബുപ്രനോര്‍ഫിനും ഫെനര്‍ഗനും പോലുള്ള മയക്കുമരുന്നുകള്‍ സ്വയം ഉപയോഗിക്കുകയും ആംപ്യൂളിന് 40 രൂപ നിരക്കില്‍ വില്‍പ്പന നടത്തുകയും ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഡല്‍ഹിയിലെ അനില്‍ ജെയിനിന്റെ മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് വ്യക്തമായി. 3,000 ഗ്രാം മയക്കുമരുന്ന് 90,000 രൂപക്കാണ് അനില്‍ ജെയിനില്‍ നിന്ന് നവാസ് വാങ്ങിയിരുന്നത്. അതില്‍ ബാക്കിയുണ്ടായിരുന്ന 52 ഗ്രാമാണ് വീട്ടില്‍ നിന്നും പിടിച്ചെടുത്തത്.
ഇത്രയും അളവില്‍ മയക്കുമരുന്ന് ലൈസന്‍സില്ലാതെ കൈവശം വെക്കുന്നത് ഗുരുതരമായ കുറ്റമായതിനാല്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് നവാസിനെതിരെ കേസെടുത്തിരുന്നത്. ഇയാള്‍ ഇപ്പോഴും ജയിലിലാണ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി ഹാജരായ അനില്‍ ജയിന്‍, നവാസിന് മയക്കുമരുന്നു നല്‍കിയത് തന്റെ ഷോപ്പില്‍ നിന്നാണെന്ന് സമ്മതിച്ചു.