തിരഞ്ഞെടുപ്പ് ഫലം: ആഘോഷം അതിരുവിടരുത്- കാന്തപുരം

Posted on: May 17, 2016 11:51 pm | Last updated: May 17, 2016 at 11:51 pm
SHARE
മര്‍കസില്‍ നടന്ന എസ് വൈ എസ് സംസ്ഥാന ലീഡേഴ്‌സ് സമ്മിറ്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍                ഉദ്ഘാടനം ചെയ്യുന്നു
മര്‍കസില്‍ നടന്ന എസ് വൈ എസ് സംസ്ഥാന ലീഡേഴ്‌സ് സമ്മിറ്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ ഇതുവരെ സമാധാനപരമായി പൂര്‍ത്തിയാക്കിയ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും ഫലപ്രഖ്യാപന നാളിലും അങ്ങേയറ്റത്തെ അച്ചടക്കവും സംയമനവും പാലിക്കാന്‍ ബദ്ധശ്രദ്ധരാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. എസ് വൈ എസ് സംസ്ഥാന ലീഡേഴ്‌സ് സമ്മിറ്റ് മര്‍കസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പരം സ്‌നേഹാദരവുകളോടെ പെരുമാറാന്‍ ശീലിക്കുമ്പോഴാണ് ആരോഗ്യകരമായ ജനാധിപത്യ സംസ്‌കാരം വളരാന്‍ സാഹചര്യമൊരുങ്ങുന്നത്. വീറും വാശിയുമായി തെരുവിലിറങ്ങി പ്രതിയോഗികള്‍ക്ക് നേരെ തിരിയുന്നത് പ്രബുദ്ധ ജനതയുടെ ലക്ഷണമല്ല. ജയപരാജയം രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകമാണ്. അത് പുനര്‍വിചിന്തനത്തിനുള്ള അവസരം കൂടിയാണ്. ജനഹിതം മാനിക്കാനും പരാജയം നേരിടേണ്ടിവരുമ്പോള്‍ തെറ്റ് തിരുത്താനും മുന്നോട്ട് വരുന്നതാണ് ഉയര്‍ന്ന രാഷ്ട്രീയ സംസ്‌കാരത്തിന്റെ ലക്ഷണം. സമൂഹത്തില്‍ അസമാധാനവും അക്രമവും വളര്‍ത്താന്‍ ശ്രമിക്കുന്നവരെ അതില്‍നിന്ന് പിന്തിരിപ്പിക്കേണ്ട ബാധ്യത ഉത്തരവാദപ്പെട്ട സംഘടനകളുടെ നേതാക്കള്‍ക്കുണ്ട്. നിയമപാലകരോട് സഹകരിക്കാനും അനുയായികളെ ഉണര്‍ത്തേണ്ടതുണ്ട്. ആര് ജയം നേടിയാലും ആ ജനവിധിയെ മാനിക്കാന്‍ ഓരോരുത്തരും മുന്നോട്ട് വരികയാണ് വേണ്ടത്. അതല്ലാത്ത ഏത് പ്രതികരണവും കാലുഷ്യം സൃഷ്ടിക്കുമെന്ന കാര്യം മുഴുവനാളുകളും ഗൗരവമായി ഉള്‍ക്കൊള്ളണം- കാന്തപുരം തുടര്‍ന്ന് പറഞ്ഞു.
കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ പതാക ഉയര്‍ത്തി. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ് റാഹീം ഖലീല്‍ ബുഖാരി, സി. മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി സംസാരിച്ചു. ജനറല്‍ സെക്രട്ടറി മജീദ് കക്കാട് സ്വാഗതം പറഞ്ഞു. ദ്വിദിന സമ്മിറ്റില്‍ കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ നിന്നും ജില്ലാ- സോണ്‍ ഭാരവാഹികളടക്കം 1600 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.