Connect with us

National

അതിര്‍ത്തി ഭൂപടം ആഭ്യന്തരകാര്യം; പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്

Published

|

Last Updated

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നവര്‍ക്ക് ശക്തമായ ശിക്ഷ നല്‍കുന്ന കരട് ബില്ലിനെതിരെ പാക്കിസ്ഥാന്‍. പാര്‍ലിമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന ജിയോസ്പാഷ്യല്‍ ഇന്‍ഫര്‍മേഷന്‍ റെഗുലേഷന്‍ ബില്ലിനെതിരെയാണ് ആശങ്ക പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍ രംഗത്തെത്തിയത്. വിഷയത്തില്‍ യു എന്‍ ഇടപെടണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്യം. എന്നാല്‍, ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും പാക്കിസ്ഥാന്‍ ഇടപെടേണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.
ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രദര്‍ശിപ്പിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവും നൂറ് കോടി രൂപ വരെ പിഴയും ലഭിക്കുന്ന കരട് ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം ഗൗരവമായി കാണണമെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിനും യു എന്‍ രക്ഷാ സമിതി പ്രസിഡന്റിനും കത്ത് നല്‍കിയതായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ജമ്മു കാശ്മീരിലെ തര്‍ക്ക പ്രദേശം ഇന്ത്യയുടെ ഭാഗമായി ചിത്രീകരിക്കാതെ ഭൂപടം പ്രസിദ്ധീകരിക്കാനാകില്ല. ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും ഈ ഭാഗം ഇന്ത്യയുടെ ഭാഗമായി കാണാനാകില്ലെന്നുമാണ് പാക്കിസ്ഥാന്‍ പറയുന്നത്. യു എന്‍ രക്ഷാ സമിതി പാസ്സാക്കിയ പ്രമേയം അനുസരിച്ചുള്ള ജമ്മു കാശ്മീരിലെ തര്‍ക്ക പ്രദേശം ഇന്ത്യയുടെ ഭാഗമായി ചിത്രീകരിച്ചില്ലെങ്കില്‍ കനത്ത ശിക്ഷ ലഭിക്കുമെന്നതും പാക്കിസ്ഥാന്‍ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര നിയമം ലംഘിച്ചുകൊണ്ട് ഇത്തരമൊരു നിയമം പാസ്സാക്കുന്നതില്‍ നിന്ന് ഇന്ത്യയെ തടയണമെന്ന് യു എന്നിനോട് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.
നിയമ നിര്‍മാണം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ്. ഇതില്‍ പാക്കിസ്ഥാനോ മറ്റു രാജ്യങ്ങള്‍ക്കോ ഇടപെടാന്‍ അവകാശവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
സാമൂഹിക മാധ്യമങ്ങളിലും സെര്‍ച്ച് എന്‍ജിനുകളിലും ജമ്മു കാശ്മീരും അരുണാചല്‍ പ്രദേശും പാക്കിസ്ഥാന്റെയും ചൈനയുടെയും ഭാഗമാണെന്ന രീതിയില്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ ഭൂപട നിയമം തയ്യാറാക്കുന്നത് കരടുരൂപം തയ്യാറായ “ദ ജിയോസ്‌പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ റെഗുലേഷന്‍ ബില്‍ 2016” പ്രകാരം സര്‍ക്കാര്‍ അനുമതിയില്ലാതെ ഇന്ത്യന്‍ പ്രദേശങ്ങളുടെ ഉപഗ്രഹചിത്രം എടുക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാകും. ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ എര്‍ത്ത് തുടങ്ങിയവ ഇന്ത്യയില്‍ തുടരണമെങ്കില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്ന സമിതിയില്‍ നിന്ന് ഗൂഗിള്‍ പുതിയ ലൈസന്‍സ് എടുക്കണം.
സാറ്റലൈറ്റ്, ബലൂണ്‍, ആളില്ലാത്ത ആകാശ വാഹനങ്ങള്‍ എന്നിവ വഴി പകര്‍ത്തുന്ന ചിത്രങ്ങള്‍ക്കാണ് പ്രധാനമായും നിയമം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

Latest