വി.എസ് വോട്ടുചെയ്യുന്നത് എത്തി നോക്കിയിട്ടില്ല: ജി.സുധാകരന്‍

Posted on: May 17, 2016 11:54 am | Last updated: May 17, 2016 at 7:06 pm

g sudhakaranആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വോട്ട് ചെയ്യുന്നത് താന്‍ എത്തി നോക്കിയിട്ടില്ലെന്ന് അമ്പലപ്പുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജി.സുധാകരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും സുധാകരന്‍ പരാതിപ്പെട്ടു. തനിക്കെതിരായ ആരോപണത്തില്‍ പാര്‍ട്ടി പത്രമായ ദേശാഭിമാനി പോലും തന്നെ സംരക്ഷിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി.എസ് വോട്ട് ചെയ്യുന്നത് താന്‍ എത്തിനോക്കിയതല്ല. വീഴ്ച സംഭവിച്ചത് പൊലീസിനും സര്‍ക്കാരിനുമാണ്. പോളിംഗ് ബൂത്തില്‍ കൂടുതല്‍ പേര്‍ കടക്കുന്നത് തടയേണ്ട ചുമതല പൊലീസിനായിരുന്നു. ഇക്കാര്യത്തില്‍ താനും വി.എസിന്റെ മകന്‍ അരുണ്‍ കുമാറും ചട്ടം ലംഘിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
വി.എസുമായി തനിക്ക് ആത്മബന്ധമാണുള്ളത്. തനിക്ക് വോട്ട് ചെയ്യുന്നതിന് വേണ്ടിയാണ് വി.എസ് പാലക്കാട് നിന്ന് ആലപ്പുഴയില്‍ എത്തിയത്. പ്രചരണ സമയത്ത് വി.എസിന്റെ പ്രസംഗത്തിലൂടെ തനിക്ക് കൂടുതല്‍ വോട്ട് ലഭിച്ചുവെന്നും സുധാകരന്‍ പറഞ്ഞു.