പെന്റഗണിന്റെ മുന്നറിയിപ്പ്

Posted on: May 17, 2016 8:19 am | Last updated: May 17, 2016 at 9:07 am

ഇന്ത്യാ അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സേനയെ വിന്യസിക്കുകയും മേഖലയില്‍ കൂടുതല്‍ പ്രതിരോധ ആയുധ സാമഗ്രികള്‍ സ്ഥാപിക്കുകയും ചെയ്തതായി പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാന്‍ ഉള്‍പ്പെടെ സൈനിക സുരക്ഷയും വികസനവുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ നടത്തിയ നിരീക്ഷണം അമേരിക്കന്‍ കോണ്‍ഗ്രസിന് സമര്‍പ്പിക്കവേയാണ് ഇങ്ങനെ പെന്റഗണ്‍ മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യാ ചൈന അതിര്‍ത്തി പ്രശ്‌നം ദശാബ്ദങ്ങളായി പുകഞ്ഞുകൊണ്ടിരിക്കെ സൈന്യത്തെ വീണ്ടും വിന്യസിക്കുന്നതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങെളക്കുറിച്ചും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പെന്റഗണിണ്‍ റിപ്പോര്‍ട്ടിന്റെ വിശ്വസീനയത സംശയാസ്പദമാണ്. എങ്കിലും വിശ്വസിക്കാന്‍ കൊള്ളാവുന്ന അയല്‍ക്കാരല്ല ചൈനയെന്ന് അനുഭവങ്ങള്‍ ബോധ്യപ്പെടുത്തിയതാണ്. സാമ്രാജ്യത്വ താത്പര്യമാണ് അവരെയും ഇപ്പോള്‍ നയിക്കുന്നത്. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്ക് ശേഷം അമേരിക്കക്കൊപ്പം വന്‍ശക്തിയായി വളരാനും ഏഷ്യയിലെ വല്യേട്ടനായി മാറാനുമുള്ള ശ്രമത്തിലാണ് ബീജിംഗ്. പാക്കിസ്ഥാന്‍, ഭൂട്ടാന്‍ തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളുമായി കൂടുതല്‍ അടുക്കാനുള്ള അവരുടെ ശ്രമം ഇതിന്റെ ഭാഗമാണ്. ഇടക്കാലത്ത് മെച്ചപ്പെട്ട ഇന്ത്യാ നേപ്പാള്‍ ബന്ധം വീണ്ടും വഷളായതില്‍ ചൈനക്ക് പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരിയുടെ ഇന്ത്യാ സന്ദര്‍ശനം നേപ്പാള്‍ റദ്ദാക്കിയതും ന്യൂഡല്‍ഹിയിലെ സ്ഥാനപതി ദീപ് കുമാര്‍ ഉപാധ്യായയെ തിരിച്ചുവിളിച്ചതുമെല്ലാം ഇതിന്റെ പ്രതിഫലനമായിരിക്കണം. ഇന്ത്യയുമായുള്ള ബന്ധത്തില്‍ ചൈനക്ക് ഇരട്ടത്താപ്പാണ്. തര്‍ക്ക പരിഹാരത്തിന് ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കെ തന്നെ അതിര്‍ത്തി പ്രദേശങ്ങളില്‍ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങളിലേക്ക് ചൈനീസ് പട്ടാളം നുഴഞ്ഞുകയറുകയും ചെയ്യുന്നു. തര്‍ക്ക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആത്മാര്‍ഥമായ ശ്രമം അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. അരുണാചലിന്മേലുള്ള അവകാശ വാദം ശക്തിപ്പെടുത്തിയും കാശ്മീരികള്‍ക്ക് പ്രത്യേക വിസ നല്‍കിയും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുകയുമാണ്.
ഇന്ത്യയുമായി സൗഹൃദം മെച്ചപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ സഹകരിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. പത്താന്‍കോട്ടെ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന മസൂദ് അസറിനെ ഭീകരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള യു എന്‍ നീക്കം പരാജയപ്പെടുത്തിയതും ചൈനയായിരുന്നു.
അയല്‍ക്കാരും മേഖലയിലെ വലിയ രാഷ്ട്രങ്ങളുമായ ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം ഏഷ്യയുടെയും ലോകത്തിന്റെയും വികസനത്തിന് ഗണ്യമായ സംഭാവന നല്‍കാന്‍ കഴിയുമെന്ന് സുഷമയുമായുള്ള മോസ്‌കോ ചര്‍ച്ചയില്‍ ചൈനീസ് വിദേശ മന്ത്രി വാങ് പറഞ്ഞിരുന്നത്. അതിനനുസൃതമല്ല അവരുടെ പ്രവര്‍ത്തനങ്ങളൊന്നും. ഈ സാഹചര്യത്തില്‍ ചൈനയുടെ നീക്കങ്ങളെ ഇന്ത്യ അതീവ ജാഗ്രതയോടെ വീക്ഷിക്കേണ്ടതുണ്ട്.
അതേസമയം, ഇന്ത്യാ-ചൈന ബന്ധം കൂടുതല്‍ വഷളാക്കാനുള്ള തന്ത്രമാണോ പെന്റഗണിന്റെ മുന്നറിയിപ്പെന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്. അമേരിക്ക ലക്ഷ്യം വെക്കുന്ന ഏക ധ്രുവലോകം യാഥാര്‍ഥ്യമാകണമെങ്കില്‍ ഏഷ്യാ- പസഫിക് മേഖലയില്‍ അവര്‍ക്ക് ശക്തി കൈവരേണ്ടതുണ്ട്. ആഗോള വിപണികള്‍ കീഴടക്കുന്നതുള്‍പ്പെടെ ചൈന ഉയര്‍ത്തുന്ന വ്യാപാര, സാമ്പത്തിക ഭീഷണി മറികടക്കാന്‍ ഇന്ത്യയുടെ സഹായവും യു എസിന് ആവശ്യമാണ്. അമേരിക്കയുടെ ശാക്തിക ചേരിയായി ഇന്ത്യയെ മാറ്റിയെടുക്കുക എന്നത് അവരുടെ ദീര്‍ഘ കാലമായുള്ള താത്പര്യവുമാണ്. സാമ്പത്തിക ശക്തിയെന്ന നിലയില്‍ ഏറെ വൈകാതെ ഇന്ത്യ ചൈനയെ പിന്തള്ളുമെന്ന് ലോകബേങ്കിന്റെ നിരീക്ഷണവും ഇന്ത്യയുമായി കൂടുതല്‍ അടുക്കാന്‍ അവരെ പ്രേരിപ്പിക്കുന്നുണ്ട്. പ്രസിഡന്റ് പദവിയിലിരിക്കേ ഒബാമ രണ്ട് തവണ ഇന്ത്യ സന്ദര്‍ശിച്ചത് ഇത്തരം ലക്ഷ്യങ്ങളോടെയായിരിക്കണം. എന്നാല്‍ പെന്റഗണിന്റെ തന്ത്രത്തില്‍ അകപ്പെട്ട് ചൈനയുമായോ മറ്റു അയല്‍ രാഷ്ട്രങ്ങളുമായോ സംഘര്‍ഷത്തിലേക്ക് എടുത്തുചാടുന്നത് ഇന്ത്യക്ക് ദോഷം ചെയ്യും. സാമ്പത്തികമായി രാജ്യത്തെ ഇത് തകര്‍ക്കും. അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്തേണ്ടത് ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. സമദൂരമാണ് എപ്പോഴും ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് ഗുണപ്രദം.