സവര്‍ണമാക്കിയ എന്‍ജിനീയറിംഗും കീഴാളമാക്കിയ ഹ്യൂമാനിറ്റീസും

Posted on: May 17, 2016 6:00 am | Last updated: May 17, 2016 at 1:13 am

ഞാനെത്ര പറഞ്ഞിട്ടും അവള്‍ അനുസരിക്കുന്നില്ല. ഇനി മാഷെങ്കിലും ഒന്ന് പറഞ്ഞ് മനസ്സിലാക്കൂ. എസ് എസ് എല്‍ സി ഫലം പുറത്തുവന്ന ശേഷം തുടര്‍ കോഴ്‌സുകളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് മകളെ ബോധവത്കരിക്കാനാണ് അധ്യാപകന്റെയടുത്തേക്ക് അയാള്‍ പോയത്. മകള്‍ ഡോക്ടറായിത്തീരാന്‍ ആഗ്രഹിക്കുന്ന രക്ഷിതാവിന് അവളെ പ്ലസ് ടുവിന് സയന്‍സ് ഗ്രൂപ്പില്‍ ചേര്‍ക്കാനാണ് ആഗ്രഹം. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ മകള്‍ക്ക് സയന്‍സ് വിഷയങ്ങള്‍ പഠിക്കാന്‍ താത്പര്യമില്ലതാനും. ചരിത്രവും ഇംഗ്ലീഷുമൊക്കെ ഉള്‍പ്പെടുന്ന ഹ്യുമാനിറ്റീസ് കോഴ്‌സ് തിരഞ്ഞെടുക്കാനാണ് അവള്‍ക്ക് താത്പര്യം. കോഴ്‌സ് തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മകളുടെ താത്പര്യവും കൂടി പരിഗണിക്കൂ എന്ന ഉപദേശത്തോടെയാണ് അധ്യാപകന്‍ ആ രക്ഷിതാവിനെ പറഞ്ഞയച്ചത്.
പത്ത് വര്‍ഷം മുമ്പുവരെ എസ് എസ് എല്‍ സിക്കും പ്ലസ്ടുവിനുമൊക്കെ ശേഷം മക്കളുടെ തുടര്‍ പഠനത്തെ കുറിച്ച് പറഞ്ഞുകൊടുക്കാന്‍ സാധിച്ചിരുന്ന രക്ഷിതാക്കള്‍ കുറവായിരുന്നു. പ്രദേശത്തുള്ള ഏതെങ്കിലും വിദ്യാസമ്പന്നരായ വ്യക്തികളോട് ചോദിച്ചോ അല്ലെങ്കില്‍ കുട്ടിയുടെ കൂട്ടുകാര്‍ തിരഞ്ഞെടുക്കുന്ന കോഴ്‌സൊക്കെ പഠിക്കലായിരുന്നു സ്ഥിതി. ഇന്ന് അതല്ല സ്ഥിതി. എസ് എസ് എല്‍സി, പ്ലസ്ടു ഫലം പുറത്തു വരും മുമ്പെ മക്കളുടെ തുടര്‍ പഠനത്തെ കുറിച്ചുള്ള വിവരങ്ങളൊക്കെ അറിയാവുന്നവരും അതിനനുസരിച്ച് മക്കളെ പഠിക്കാനായക്കുന്നവരുമാണ് മിക്ക രക്ഷിതാക്കളും. വിദ്യാഭ്യാസപരമായി കൈവരിച്ച നേട്ടം തന്നെയാണ് കാരണം. യു കെ ജിയില്‍ പഠിക്കുന്ന കുട്ടിയുടെ സിലബസും പാഠ്യരീതിയും മത്സരപരീക്ഷകളെ നേരിടാന്‍ പ്രാപ്തമാക്കുന്നതാണോയെന്ന് അന്വേഷിച്ച ശേഷം കുട്ടികളെ ചേര്‍ക്കുന്ന രക്ഷിതാക്കളുള്ള കാലത്താണ് ഇന്നത്തെ വിദ്യാഭ്യാസം മുന്നോട്ട് പോകുന്നത്. കുഞ്ഞ് കൂടുതല്‍ ബുദ്ധിയുള്ളവനായി വളരാന്‍ ഗര്‍ഭത്തിലിരിക്കുമ്പോള്‍ കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുന്ന ഭാര്യമാരുള്ള കാലമാണിത്. കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുന്നത് മുതല്‍ തങ്ങളുടെ ഒരു സ്വപ്‌നം കൂടി പരോക്ഷമായി അവനോ/ അവളോടൊപ്പം കയറ്റിവിടുന്നുണ്ട് പല രക്ഷിതാക്കളും. താങ്ങാനാകാത്ത പഠന ഭാരവും മാനസിക സംഘര്‍ഷങ്ങളും പങ്കുവെക്കാനാകാതെ വിങ്ങിപ്പൊട്ടുന്നു കുട്ടികളില്‍ ചിലര്‍. ആത്മഹത്യയിലേക്ക് വരെ ചിലരെ നയിക്കുന്നു.
അത്തരത്തിലുള്ള സംഘര്‍ഷം താങ്ങാനാകാതെ ജീവിതം പാതിവഴിയില്‍ ഹോമിച്ച കുട്ടിയാണ് കഴിഞ്ഞ മാസം അവസാനവാരം രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള കൃതി തൃപാടി. എന്‍ജിനീയറിംഗ് കോഴ്‌സിനുള്ള പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ടെന്ന് കരുതി അഞ്ചുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കുകയായിരുന്നു അവള്‍. 100 മാര്‍ക്ക് കിട്ടിയാലും പ്രവേശന സാധ്യതയുണ്ടായിരിക്കെ അതറിയാതെ ജെ എ ഇ പരീക്ഷയില്‍ 144 മാര്‍ക്ക് നേടിയ കൃതി തൃപാടി ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ‘ഞാന്‍ ഇങ്ങിനെയൊരു കൃത്യം ചെയ്യുമെന്ന് എനിക്ക് ചുറ്റുമുള്ളവരാരും വിശ്വസിക്കില്ല. അവരുടെ മുമ്പില്‍ എനിക്കൊരു പ്രശ്‌നവുണ്ടായിരുന്നില്ല. പക്ഷേ എന്റെ തലയിലെ ശബ്ദവും എന്നോടു തന്നെയുള്ള വെറുപ്പും ഭ്രാന്തുപിടിപ്പിക്കുകയാണ്. എനിക്കിഷ്ടമില്ലാതിരുന്നിട്ടും ചെറുപ്പം മുതലേ നിങ്ങള്‍ കൗശലത്തോടെ എന്നെ സയന്‍സ് പഠിപ്പിക്കാന്‍ പ്രേരിപ്പിച്ചു. നിങ്ങളെ സന്തോഷിപ്പിക്കാനാണ് ഞാന്‍ സയന്‍സിന് ചേര്‍ന്നത്. അമ്മേ.. ഇംഗ്ലീഷിനോടും ചരിത്രത്തോടുമാണ് എനിക്കിപ്പോഴും താത്പര്യം. ജീവിതം ഇരുളടയുമ്പോള്‍ അവ എന്നില്‍ ആവേശം നിറച്ചിരുന്നു. എനിക്കൊരു അഭ്യര്‍ഥനയുണ്ട്. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന എന്റെ അനിയത്തിയോടെങ്കിലും ഈ സമീപനം മാറ്റണം. അവള്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് പഠിക്കാന്‍ അവസരം നല്‍കണം’. അഞ്ച് പേജുള്ള തന്റെ ആത്മഹത്യാ കുറിപ്പില്‍ അവള്‍ നേരിട്ട വിദ്യാഭ്യാസ പ്രശ്‌നങ്ങളെ കുറിച്ച് അമ്മക്കും സര്‍ക്കാറിനുമെതിരെ എഴുതി.
വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായി വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്ന കോച്ചിംഗ് സെന്ററുകളുള്ള സ്ഥലമാണ് ജയ്പൂരില്‍ നിന്നും 250 കി. മീ. അകലെയുള്ള കോട്ട എന്ന സ്ഥലം. വിവിധ സ്ഥാപനങ്ങളിലായി 35,000 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. പരാജയ ഭീതിമൂലം ഈ വര്‍ഷം ഇവിടെ ആത്മഹത്യ ചെയ്ത അഞ്ചാമത്തെ വിദ്യാര്‍ഥിയായിരുന്നു കൃതി തൃപാടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്താം തരത്തിലെ നൂറ് ശതമാനം വിജയത്തിനായി ഒമ്പതാം ക്ലാസില്‍ തോല്‍പ്പിച്ചതിനെ തുടര്‍ന്നാണ് അരീക്കോട് നിസ എന്ന പതിനാലുകാരിയായ വിദ്യാര്‍ഥിനി 2014ല്‍ ജീവിതം കയറില്‍ അവസാനിപ്പിച്ചത്.
രാജസ്ഥാനിലായാലും കേരളത്തിലായാലും വിദ്യാര്‍ഥികളില്‍ രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപന മാനേജ്‌മെന്റുകളും സമൂഹവുമൊക്കെയായി വെച്ചുപുലര്‍ത്തിപ്പോരുന്ന അധിക പ്രതീക്ഷകളും പ്രത്യാശകളും വിദ്യാര്‍ഥി മനസ്സിനെയാണ് നോവിക്കുന്നതെന്ന കാര്യം പലപ്പോഴും തിരിച്ചറിയപ്പെടുന്നില്ല. എന്‍ജിനീയറും ഡോക്ടറും മാത്രം മതിയോ നമുക്ക്? ജീവിതവിജയമെന്നത് എന്‍ജിനീയറിംഗോ മെഡിസിനോ പ്രവേശനം നേടി ജോലി സമ്പാദിക്കലാണോ ?
ലോക പ്രശസ്ത ധനികരിലൊരാളായ മൈക്രോസോഫ്റ്റിന്റെ സ്ഥാപകന്‍ ഒരിക്കല്‍ പറഞ്ഞു.’പരീക്ഷകളില്‍ ചില വിഷയങ്ങളില്‍ ഞാന്‍ തോറ്റു. പക്ഷേ, എന്റെ സുഹൃത്ത് എല്ലാ വിഷയങ്ങളിലും വിജയിക്കുമായിരുന്നു. ഇപ്പോള്‍, അവന്‍ ലോകത്തിലെ പ്രശസ്തമായ ഒരു സ്ഥാപനത്തിലെ വലിയ ശമ്പളം വാങ്ങുന്ന എന്‍ജിനീയറാണ്. ഞാനാണ് ആ സ്ഥാപനത്തിന്റെ ഉടമസ്ഥന്‍’. ബില്‍ഗേറ്റ്‌സിന്റെ വാക്കുകള്‍ക്ക് സമാനമായി പ്രശസ്തരായ, ജീവിതത്തില്‍ വിജയം കൈവരിച്ച പ്രമുഖരും അഭിപ്രായപ്പെട്ടിട്ടുണ്ട്. സമൂഹത്തില്‍ ഡോക്ടറെപ്പോലെത്തന്നെ പ്രധാന്യമുള്ളവനാണ് കര്‍ഷകനും തൊഴിലാളിയും വക്കീലുമെല്ലാം. എന്‍ജിനീയറിംഗും മെഡിസിനും മാത്രമല്ലാത്ത എത്രയോ പുതിയ കോഴ്‌സുകളുടെ സാധ്യതകള്‍ ഈ ലോകത്തുണ്ട്. അവനവന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചായിരിക്കണം കോഴ്‌സുകള്‍ തിരഞ്ഞെടുക്കേണ്ടത്. നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് രക്ഷിതാക്കളുടെ കണ്ണ് തുറപ്പിക്കുന്നതാണ്.
‘രണ്ടു വര്‍ഷം മുമ്പ് എന്റെ മകള്‍ പഠിച്ച കോണ്‍വെന്റ് സ്‌കൂളില്‍ നിന്ന് ഏറ്റവും മുന്തിയ മാര്‍ക്കു നേടിയ കുട്ടികളില്‍ ഒരാളായി പുറത്തിറങ്ങിയ സേതുപാര്‍വതി ഞങ്ങളുടെ പാറുക്കുട്ടി പ്ലസ്ടു പരീക്ഷയിലും അതേ വിജയം ആവര്‍ത്തിച്ചു. പത്തു കഴിഞ്ഞയുടന്‍ ഭൂരിഭാഗം മലയാളിക്കുട്ടികളേയും പോലെ അവളും ബയോളജിയും മാത്തമാറ്റിക്‌സും മുഖ്യമായെടുത്താണ് പ്ലസ് ടുവിന് ചേര്‍ന്നത്. തന്റെ സുഹൃത്തുക്കളെപ്പോലെ പാറുവും നഗരത്തിലെ ഒരു മുന്തിയ കോച്ചിംഗ് സ്ഥാപനത്തില്‍ അര ലക്ഷത്തോളം രൂപ ഫീസടച്ച് എന്‍ട്രന്‍സ് പരിശീലനത്തിനായി ചേര്‍ന്നു. എന്‍ട്രന്‍സ് കോച്ചിംഗിനായി അതിരാവിലെ അഞ്ചിന് ഉറക്കപ്പിച്ചോടെ നഗരത്തിലേക്ക് പോകുന്ന കുഞ്ഞിനെ നോക്കി നില്‍ക്കുമ്പോള്‍ തീര്‍ച്ചയായും വേദനയല്ലാതെ അഭിമാനമൊന്നും എനിക്ക് തോന്നിയിട്ടില്ല.
അഞ്ചെട്ടുമാസം കഴിഞ്ഞ് ഒരു ദിവസം കുട്ടി എന്നെ കെട്ടിപ്പിടിച്ച് ഒരു പൊട്ടിക്കരച്ചില്‍! ‘അച്ഛാ, എനിക്ക് ഡോക്ടറും എഞ്ചിനീയറും ആകണ്ട!’, അവള്‍ നന്നേ കുട്ടിക്കാലത്തു ചെയ്യാറുള്ളതുപോലെ ഏങ്ങിയേങ്ങി കരയുകയാണ്. ഞാനും ഭാര്യയും ഭയന്നു. കാരണം ചോദിച്ചപ്പോള്‍ സംഗതി ലഘുവാണ്. കൂടെ പഠിക്കുന്ന കുട്ടികളില്‍ ഒരാള്‍ പോലും പഠിക്കുന്ന കാര്യങ്ങളല്ലാതെ മറ്റൊന്നും വായിക്കുന്നില്ല! ബഷീറിനെയെന്നല്ല, വ്യാസനെപ്പോലും കേട്ടിട്ടില്ല! കേന്ദ്ര സാഹിത്യ അക്കാദമി കിട്ടിയ അച്ഛനെക്കുറിച്ച് അഭിമാനത്തോടെ അറിയിച്ചപ്പോള്‍ ഏറ്റവും അറിവുള്ളവളെന്നു കരുതിയ കൂട്ടുകാരി ചോദിച്ചത്രേ അച്ഛനെഴുതുന്നത് ഇംഗ്ലീഷിലാണോ എന്ന്! മുന്‍കൂറടച്ച പണം പോകുന്നതില്‍ എനിക്കു കുണ്ഠിതമുണ്ടായിരുന്നു. എങ്കിലും പരിശീലനത്തിനു ചേര്‍ന്ന ശേഷം തനിക്ക് പാഠപുസ്തകമല്ലാതെ മറ്റൊന്നും വായിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന അവളുടെ സങ്കടം എന്റെയും ഉള്ളില്‍ കൊണ്ടു.
അങ്ങനെ അന്ന് എന്‍ട്രന്‍സ് കോച്ചിംഗ് എന്ന മാരണത്തില്‍ നിന്ന് അവള്‍ സന്തോഷത്തോടെ രക്ഷപ്പെട്ടു. ‘അവസാനം ബി എ ഇംഗ്ലീഷിന് ബെഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ പ്രവേശനം കിട്ടിയ വിശേഷം പങ്കുവെച്ചാണ് സുഭാഷ് ചന്ദന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
എന്‍ജിനീയറിംഗില്‍ തന്നെ പരമ്പരാഗതമായി തുടര്‍ന്ന് പോരുന്ന കോഴ്‌സുകള്‍ക്കാണ് ഇന്നും അധികപേരും ചേരുന്നത്. എന്നാല്‍ എത്രയോ പുതിയ കോഴ്‌സുകള്‍ ഇതിലുള്‍പ്പെടുന്നുണ്ട്. സേഫ്റ്റി ആന്റ് ഫയര്‍, ഷിപ്പ് ബില്‍ഡിംഗ്, മെക്കട്രോണിക്‌സ് അവയില്‍ ചിലതാണ്. കൂടുതല്‍ വൈവിധ്യങ്ങളുള്ള മറ്റൊരു വിഭാഗമാണ് പ്ലസ് ടുവിലെ ഹ്യുമാനിറ്റീസ് കോഴ്‌സ്. പക്ഷേ ഈ കോഴ്‌സിനെ ഒരു മൂന്നാം കിട സ്ഥാനമേ പൊതുവെ നല്‍കിവരുന്നുള്ളു. പത്താം തരത്തിന് ശേഷമുള്ള വിദ്യാഭ്യാസത്തില്‍ ഇത്രയേറെ അവഗണിക്കപ്പെട്ട വേറെ വിഷയം ഉണ്ടോയെന്ന കാര്യത്തില്‍ സംശയമാണ്. ഹ്യുമാനിറ്റീസ് ഒന്നും പഠിച്ചാല്‍ കാര്യമില്ല എന്നും വിവരം കുറഞ്ഞവരാണ് ഹ്യുമാനിറ്റീസ് പഠിക്കുന്നത് എന്നും പൊതുധാരണ വളര്‍ത്തിയെടുക്കാനും പലര്‍ക്കും സാധിച്ചു എന്നതാണ് ഇതിലെ ദാര്‍ഭാഗ്യകരമായ അവസ്ഥ. ഈ കോഴ്‌സിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതില്‍ സ്‌കൂളിലെ അധ്യാപകര്‍ വരെ പ്രതിസ്ഥാനത്താണ്.
പ്രീഡിഗ്രി മാറി പ്ലസ് ടു വന്ന സമയത്ത് സംഭവിച്ച ചില ആസൂത്രണ പാളിച്ചകളാണ് മാനവിക വിഷയങ്ങളുടെ ആകര്‍ഷീണയത ഇല്ലാതാക്കിയത്. പ്ലസ് ടു ആരംഭിക്കുന്ന കാലത്ത് ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ചു പ്രീ ഡിഗ്രി, കോളജുകളില്‍ നിന്ന് അവസാനം അടര്‍ത്തിമാറ്റിയത് കേരളത്തിലായിരുന്നു. 1990കളില്‍ ആരംഭിച്ച ഡിലിങ്ക് പരിപാടി 1999ലാണ് അവസാനിച്ചത്. പത്ത് വര്‍ഷത്തോളം പ്ലസ്ടു കോഴ്‌സിന്റെ അക്കാദമിക രൂപത്തെ സംബന്ധിച്ച് ആലോചിക്കാനും ആസൂത്രണം ചെയ്യാനും സമയം കിട്ടിയപ്പോള്‍ പ്രീഡിഗ്രിയിലെ ഒന്നും രണ്ടും ഗ്രൂപ്പുകള്‍ ചേര്‍ത്ത് സയന്‍സിനു ഒറ്റ ഗ്രൂപ്പാക്കിമാറ്റുകയായിരുന്നു. ഇതോടെയാണ് സയന്‍സ് ഗ്രൂപ്പിന് പ്ലസ്ടു കോഴ്‌സില്‍ പ്രാധാന്യം ഏറി വന്നത്. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങളുടെ അക്കാദമികമായ ആലോചനകള്‍ ഒന്നും തന്നെയുണ്ടായില്ല. എങ്കിലും 30 ഓളം വൈവിധ്യമാര്‍ന്ന വിഷയങ്ങളുള്‍കൊള്ളുന്ന കോഴ്‌സായി ഹ്യൂമാനിറ്റീസ് മാറി. നിര്‍ഭാഗ്യവശാല്‍ വൈവിധ്യമാര്‍ന്ന കോഴ്‌സുകള്‍ അനുവദിച്ചതില്‍ ജോലി നേടാനുള്ള അധ്യാപക പോസ്റ്റ് കണ്ടെത്തിയ അഴിമതിയും അരങ്ങേറി. ജോലി സാധ്യതള്‍ മനസ്സിലാക്കിയ ഉദ്യോഗാര്‍ഥികളില്‍ പലരും തമിഴ്‌നാട്ടിലെ സര്‍വകലാശാലകളില്‍ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ ചില ബിരുദബിരുദാനന്തര കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുകയും ഹയര്‍സെക്കന്‍ഡറിയില്‍ ജോലി നേടിയെടുക്കുകയും ചെയ്തതോടെ ഈ കോഴ്‌സിന്റെ നിലവാരത്തകര്‍ച്ചക്കും കാരണമായി. എങ്കിലും ഈ കോഴ്‌സിന്റെ നവസാധ്യതകളെ പരിചയപ്പെടുത്തുന്നത് ഈ അവസരത്തില്‍ നന്നായിരിക്കുമെന്ന് തോന്നുന്നു.
ഹ്യുമാനിറ്റീസ് കോഴ്‌സ്
സാധ്യതകള്‍
ഹ്യുമാനിറ്റീസ് കോഴ്‌സിന് വലിയ പ്രാധാന്യം നല്‍കാതിരുന്ന അവസ്ഥ മാറുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. തങ്ങളുടെ ഇഷ്ട വിഷയങ്ങളായി പഠിക്കാനാഗ്രഹിക്കുന്ന ഹ്യുമാനിറ്റീസ് കോഴ്‌സ് നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ജീവിത വിജയത്തിന് സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കല, ഭാഷ, ഗവേഷണ പരമായ വൈവിധ്യമാര്‍ന്ന വിഭാഗങ്ങളാണ് ഈ കോഴ്‌സിലുള്‍പ്പെടുന്നത്. ചരിത്രം, രാഷ്ട്രമീമാംസ, തത്വചിന്ത, സാമ്പത്തികശാസ്ത്രം, സാഹിത്യം തുടങ്ങിയവക്ക് പുറമെ 30 ഓളം കോമ്പിനേഷനുകള്‍ പ്ലസ് വണ്‍ കോഴ്‌സിലുണ്ട്. മാനവിക കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ പരമ്പരാഗതമായി തിരഞ്ഞെടുക്കുന്ന അധ്യാപനം, വക്കീല്‍ എന്നീ ജോലി സാധ്യതകള്‍ക്ക് പുറമെ ഭാവിയില്‍ നിരവധി സാധ്യതകളാണുള്ളത്. അവയില്‍ ചിലത് താഴെ പരിചയപ്പെടുത്തുന്നു.
1. സിവില്‍ സര്‍വീസ്
അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന ബിരുദാനന്തര കോഴ്‌സ് പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ഥിക്ക് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐ എ എസ്) ലേക്ക് പ്രവേശിക്കാനെളുപ്പമാണ്. വൈവിധ്യങ്ങളാര്‍ന്ന വിഷയങ്ങളിലെ അവഗാഹവും ഗണിതത്തിലും സ്റ്റാറ്റിസ്റ്റിക്കലിലുമുള്ള വിവരങ്ങളുമൊക്കെയായി തയ്യാറായാല്‍ സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷ(ഇടഅഠ)അത്തരക്കാര്‍ക്ക് എളുപ്പമായിരിക്കും.
2. ബേങ്കിംഗ് മേഖല
മാനവിക വിഷയങ്ങളൊടൊപ്പം ചില മാനേജ്‌മെന്റ് സംബന്ധമായ കോഴ്‌സുകളും ചെയ്താല്‍ എത്തിപ്പെടാവുന്ന മേഖല തന്നെയാണിത്.
3.പത്രപ്രവര്‍ത്തനം
പത്രപ്രവര്‍ത്തന മേഖലയില്‍ താത്പര്യമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന നല്ല കോഴ്‌സ് ഇതാണ്. ഉന്നതമായ ശ്രേണിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഇംഗ്ലീഷ് വിഷയത്തെ കേന്ദ്രീകരിക്കുകയാകും ഉചിതം.
4. അന്താരാഷ്ട്ര സംഘടനകളില്‍
രാജ്യത്തും വിദേശ രാജ്യങ്ങളിലുമുള്ള വിവിധ പദ്ധതികളുടെ തലവന്മാരായി മാറാന്‍ സാധിക്കുന്ന കോഴ്‌സാണ് സാമൂഹിക ശാസ്ത്ര വിഷയത്തിലെ ഉപവിഭാഗമായ ഡവലപ്‌മെന്റ് സ്റ്റഡീസ് തിരഞ്ഞെടുത്തവരെ കാത്തിരിക്കുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ ചിലര്‍ അന്താരാഷ്ട്ര സംഘടനകളായ യൂനിസെഫ്, യുഎന്‍ഡിപി,ആംനെസ്റ്റി ഇന്റര്‍നാഷനല്‍ തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു.
5. എന്‍ ജി ഒ മേഖല
സാമൂഹികപരമായ വിവിധ കാരണങ്ങളാല്‍ ജീവിക്കാന്‍ വരുമാനമോ സംവിധാനമോ ഇല്ലാത്ത ജനങ്ങളെ സമൂഹത്തിന്റെ ഉന്നത ശ്രേണിയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന സംഘടനകളാണ് എന്‍ജിഒകള്‍.