യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി

Posted on: May 16, 2016 11:11 am | Last updated: May 16, 2016 at 11:11 am

കോട്ടയം: യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരഞ്ഞെടുപ്പില്‍ തികഞ്ഞ ആത്മവിശ്വാസമാണ് യു.ഡി.എഫിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ എത്ര സീറ്റുകള്‍ ലഭിക്കുമെന്ന് താന്‍ പ്രവചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.കനത്ത മഴയെ അവഗണിച്ചും വോട്ടു ചെയ്യാനെത്തുന്ന ജനങ്ങള്‍ യു.ഡി.എഫിനെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
യു.ഡി.എഫിലെ ഐക്യം തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും, വികസനവും കരുതലുമെന്ന മുദ്രാവാക്യത്തിന് പിന്തുണ നല്‍കിയ ജനങ്ങള്‍ യു.ഡി.എഫിന് വീണ്ടുമൊരു അവസരം നല്‍കുമെന്നും ഉമ്മന്‍ചാണ്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തുടക്കം മുതല്‍ തന്നെ യു.ഡി.എഫിന് നല്ല ആത്മവിശ്വാസമായിരുന്നു. യു.ഡി.എഫിലെ ഐക്യമാണതിന് കാരണം. വികസനവും കരുതലും എന്ന സര്‍ക്കാരിന്റെ നയത്തിന് ജനങ്ങളില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്. അതിനാല്‍ തന്നെ ജനങ്ങള്‍ ഒരു വട്ടം കൂടി യു.ഡി.എഫിന് വോട്ട് ചെയ്യും. ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ ക്രെഡിറ്റ് എല്ലാവര്‍ക്കുമുള്ളതാണ്. തോറ്റാല്‍ അതിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പോളിംഗ് 80 ശതമാനം വരെ ഉയരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു