ഒരടി പിന്നോട്ടില്ല; സര്‍ഫാസി ഇരകള്‍ പോളിംഗ് ബൂത്തിലേക്കില്ല

Posted on: May 16, 2016 12:18 am | Last updated: May 16, 2016 at 12:18 am

voteകൊച്ചി: സര്‍ഫാസി നിയമത്തിലൂടെ വായ്പാ തട്ടിപ്പിനിരയായ നൂറ് കണക്കിന് കുടുംബങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിലും പോളിംഗ് ബൂത്തിലേക്കില്ല. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ഇവര്‍ ബഹിഷ്‌കരിച്ചിരുന്നു. നാളുകള്‍ നീണ്ട സമരത്തിലൂടെ നേടിയെടുത്ത സര്‍ക്കാര്‍ ഉത്തരവ് ഓര്‍ഡറാക്കി ഇറക്കാതെ സര്‍ക്കാര്‍ വഞ്ചിച്ചതില്‍ പ്രതിഷേധിച്ചാണ് കുടുംബങ്ങള്‍ തിരഞ്ഞെടുപ്പ് ദിനവും സമര പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ തീരുമാനിച്ചത്. കിടപ്പാടം ബേങ്ക് ബ്ലേഡ് സ്ഥാപനങ്ങള്‍ ജപ്തി ചെയ്ത് തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയില്‍ കഴിയുകയാണ് കുടുംബങ്ങള്‍. കണ്ണുകെട്ടി സമരം മുതല്‍ സെക്രേട്ടറിയറ്റ് പടിക്കലേക്ക് മാര്‍ച്ച് വരെ നടത്തിയാണ് കുടുംബങ്ങള്‍ സര്‍ക്കാറില്‍ നിന്ന് ഉത്തരവുകള്‍ നേടിയത്. എന്നാല്‍ ഇത് ഓര്‍ഡറാക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാറിനായില്ലെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ ഒപ്പിട്ട ഉത്തരവ് പ്രകാരം കടബാധിതരായ ആളുകളെ കണ്ടെത്തി അവരുടെ കടങ്ങള്‍ എഴുതിത്തള്ളാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന് പറഞ്ഞിരുന്നു. അതിനായി കലക്ടര്‍, പോലീസ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കോ- ഓര്‍ഡിനേഷന്‍ ബോഡിയെ ചുമതലപ്പടുത്തുകയും ചെയ്തതാണ്. എന്നാല്‍ ഇത് പാലിക്കപ്പെട്ടിട്ടില്ലയെന്നതാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിലേക്കെത്തിക്കാനുള്ള പ്രധാന കാരണം.
വാജ്‌പേയി സര്‍ക്കാരാണ് 2002ല്‍ ഈ നിയമം കൊണ്ടുവന്നത്. കിട്ടാക്കടം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നിയമം യഥാര്‍ഥത്തില്‍ ബാധിച്ചത് സാധാരണക്കാരായ ജനങ്ങളെയാണ്. കോടതിയുടെതോ മറ്റു സംവിധാനങ്ങളുടെതോ സഹകരണം ആവശ്യമില്ലാതെ ബേങ്കുകള്‍ക്ക് നേരിട്ട് ഭൂമി ജപ്തി ചെയ്യാന്‍ സാധിക്കുമെന്നതാണ് നിയമത്തിന്റെ പ്രത്യേകത. ബേങ്കുകള്‍ക്ക് അതിന് പരമാധികാരം നല്‍കുന്നതാണ് സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീ കണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് (സര്‍ഫാസി നിയമം). കൃഷിയില്‍ നഷ്ടം വന്നും, മക്കളുടെ വിദ്യാഭ്യാസ ചിലവുകള്‍ വര്‍ധിച്ചും, പെണ്‍കുട്ടികളുടെ വിവാഹത്തിന് പണം കണ്ടെത്താന്‍ വിഷമിക്കുകയും ചെയ്യുന്നവരുടെ അവസാനത്തെ അത്താണിയാണ് ബേങ്കുകളും ബ്ലേഡ് സ്ഥാപനങ്ങളും. ഗതികേട് മൂലം ബേങ്ക് പടിക്കല്‍ കയറിയിറങ്ങേണ്ടി വരുന്ന സാധാരണക്കാര്‍ക്ക് സര്‍ഫാസി നിയമത്തിന്റെ കുരുക്കുകള്‍ അറിയില്ലെന്നതാണ് യാഥാര്‍ഥ്യം. ഇത്തരം ചതിക്കുഴികളെ കുറിച്ച് ബേങ്കുകള്‍ ലോണ്‍ നല്‍കുന്ന സമയങ്ങളില്‍ ഇവര്‍ക്ക് പറഞ്ഞ് നല്‍കിയിട്ടുമില്ല.
ചുരുക്കത്തില്‍ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും സര്‍ഫാസി നിയമത്തിന്റെ കുരുക്കിലാണിപ്പോള്‍ ഉള്ളത്. മൂന്നും അഞ്ചും സെന്റ് മാത്രം സ്ഥലമുള്ള ബേങ്ക് വായ്പ കിട്ടാക്കനിയായ കുടുംബങ്ങളാണ് ഇതില്‍ പെട്ടിരിക്കുന്നവരില്‍ കൂടുതലും. ആധാരം നല്‍കിയാല്‍ ബാങ്ക് വായ്പ തരപ്പെടുത്താമെന്ന വാഗ്ദാനം നല്‍കി കുടുക്കുകയായിരുന്നു ഇവരെ. കടത്തിലിരിക്കുന്ന വസ്തു വീണ്ടെടുത്ത് വായ്പയെടുക്കാന്‍ സഹായിക്കുമെന്ന് ബോര്‍ഡ് വെച്ച് തട്ടിപ്പുനടത്തുന്ന സംഘങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
വായ്പയെടുക്കാനായി വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ട് അത് ഈട് വെച്ച് ഉടമയറിയാതെ, ഉടമയുടെ പേരില്‍ വന്‍ തുകകള്‍ കൈക്കലാക്കും. തുടര്‍ന്ന് സര്‍ഫാസി നിയമപ്രകാരം വീട് ജപ്തി ചെയ്യുന്ന സാഹചര്യമെത്തുമ്പോളാണ് പലരും വിവരം അറിയുന്നത്.