സ്ത്രീകളോടുള്ള സമീപനം ട്രംപിന്റേത് കുഴഞ്ഞുമറിഞ്ഞ സ്വഭാവമെന്ന് ന്യൂയോര്‍ക്ക് ടൈംസ്

Posted on: May 16, 2016 12:06 am | Last updated: May 16, 2016 at 12:06 am

nbc-fires-donald-trump-after-he-calls-mexicans-rapists-and-drug-runnersവാഷിംഗ്ടണ്‍: സ്ത്രീകളുമായുള്ള സമീപനത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റേത് കുഴഞ്ഞുമറിഞ്ഞ സ്വഭാവമെന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രം. ട്രംപിന് വേണ്ടി ജോലി ചെയ്തവരോ അല്ലെങ്കില്‍ അദ്ദേഹവുമായി ഇടപെട്ടവരോ ആയ നിരവധി സ്ത്രീകളുമായുള്ള അഭിമുഖത്തിലൂടെയാണ് പത്രം ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. അമ്പതോളം അഭിമുഖങ്ങളെ ആസ്പദമാക്കിയാണ് പത്രം ലേഖനം തയ്യാറാക്കിയിരിക്കുന്നത്.
പലപ്പോഴും ട്രംപ് സ്ത്രീകളെ ലൈംഗിക ഉപകരണമായി കണക്കാക്കുകയും അവരുടെ ശരീരത്തെക്കുറിച്ച് കമന്റുകള്‍ പറയുകയും ചെയ്യുമെന്ന് ചില സ്ത്രീകള്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. എന്നാല്‍ ചിലര്‍ ട്രംപ് തങ്ങളെ ജോലിയില്‍ പ്രോത്സാഹിപ്പിക്കുകയും അദ്ദേഹത്തിന്റെ വ്യവസായത്തിലൂടെ ഉന്നത പദവിയിലേക്കുയര്‍ത്തുകയും ചെയ്തതായി പറഞ്ഞു. തനിക്ക് എതിരായ കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഓരോ കാര്യവും ട്രംപ് നിഷേധിച്ചുവെന്നും തര്‍ക്കിച്ചുവെന്നും പത്രം പറയുന്നു.
വര്‍ഷങ്ങള്‍ക്കൊണ്ട് നിരവധി കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ താന്‍ എപ്പോഴും സ്ത്രീകളെ ബഹുമാനത്തോടെയേ കണ്ടിട്ടുള്ളൂവെന്നും ട്രംപ് പറഞ്ഞു. സ്ത്രീകളുടെ അംഗ ഭംഗിയെക്കുറിച്ച് കമന്റുകള്‍ നടത്തി ചിലപ്പോള്‍ ട്രംപ് മീറ്റിംഗുകള്‍ തടസ്സപ്പെടുത്താറുണ്ടെന്ന് ട്രംപിന്റെ മാന്‍ഹട്ടാന്‍ ബിസിനസ് ഹെഡ്ക്വാട്ടേഴ്‌സിന്റെ നിര്‍മാണപ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം വഹിച്ച ബാര്‍ബറ റെസ് പറഞ്ഞു. ലോസ് ആഞ്ചലസിലെ പദ്ധതിക്കായി നടത്തിയ ഒരു ജോലിക്കായുള്ള അഭിമുഖത്തില്‍ ദക്ഷിണ കാലിഫോര്‍ണിയയിലെ ഒരു സത്രീയുടെ ശരീര ഭാഗത്തെക്കുറിച്ച് ഇത്തരം ഒരു കമന്റ് നടത്തിയത് ബാര്‍ബറ ഓര്‍ത്തെടുത്തു.