Connect with us

Ongoing News

തമിഴ്‌നാടും പുതുച്ചരിയും ഇന്ന് ബൂത്തിലേക്ക്

Published

|

Last Updated

ചെന്നൈ/ പുതുച്ചേരി: കേരളത്തോടൊപ്പം തമിഴ്‌നാടും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തമിഴ്‌നാട്ടിലെ അറവക്കുറിച്ചി ഒഴികെയുള്ള 233 മണ്ഡലങ്ങളിലേക്കും പുതുച്ചേരിയില്‍ 30 മണ്ഡലങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി യഥാക്രമം 5.82 കോടി, 9.4 ലക്ഷം പൗരന്മാര്‍ക്ക് സമ്മതിദാന അവകാശമുണ്ട്. വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കാനും ക്രമക്കേടുകള്‍ ഇല്ലാതാക്കാനുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സജീവമായി രംഗത്തുണ്ട്.
ഡി എം കെ, എ ഐ എ ഡി എം കെ, ജനക്ഷേമ മുന്നണി, ബി ജെ പി എന്നി മുന്നണികളാണ് തമിഴ്ടനാട്ടില്‍ മത്സരരംഗത്തുള്ളത്. ഇടത്പക്ഷ പാര്‍ട്ടികളുടേയും എം ഡി എം കെയുടേയും നേതൃത്വത്തിലുള്ള ജനക്ഷേമ മുന്നണിക്ക് ചിലയിടങ്ങളില്‍ ചലനങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നാണ് സൂചന. ബി ജെ പിക്കും ചില മേഖലകളില്‍ സ്വാധീനമുണ്ട്.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വ്യാപകമായ തോതില്‍ പണം ഒഴുക്കിയെന്ന വിവാദം പുകയുന്നത് തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് കമ്മീഷനെ അങ്കലാപ്പിലാക്കുന്നുണ്ട്. പണവും മറ്റ് ഉത്പന്നങ്ങളും കൊടുത്ത് തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. നൂറ് കോടിയിലധികം രൂപയാണ് തമിഴ്ടനാട്ടില്‍ നിന്ന് മാത്രം അടുത്തിടെ പിടികൂടിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ തമിഴ്ടനാട്ടില്‍ കള്ളപ്പണം ഒഴുകിയിട്ടണ്ട്.
കഴിഞ്ഞ ദിവസം തിരിപൂരില്‍ നിന്ന് 570 കോടി രൂപ അധികൃതര്‍ പിടികൂടിയിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാനായി എത്തിച്ച പണമെന്നാണ് അധികൃതര്‍ കണ്ടെത്തിയത്.
എന്നാല്‍ തങ്ങളുടെ പണമാണെന്ന വാദവുമായി എസ് ബി ഐ രംഗത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ പണമൊഴുക്ക് വ്യാപകമായത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

Latest