Connect with us

Gulf

കൊച്ചി സ്മാര്‍ട് സിറ്റി രണ്ടാം ഘട്ടത്തില്‍ ഡിജിറ്റല്‍ എനര്‍ജി ക്ലസ്റ്റര്‍; 10,000 പേര്‍ക്ക് തൊഴിലവസരം

Published

|

Last Updated

ദുബൈ: കൊച്ചി സ്മാര്‍ട് സിറ്റിയില്‍ രണ്ടാം ഘട്ടത്തില്‍ 10,000 പേര്‍ക്ക് തൊഴിലവസരം ലഭ്യമാകുമെന്ന് സ്മാര്‍ട് സിറ്റി സി ഇ ഒയും കൊച്ചി സ്മാര്‍ട് സിറ്റി വൈസ് ചെയര്‍മാനുമായ ജാബിര്‍ ബിന്‍ ഹാഫിസ് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ 4.5 ഏക്കര്‍ സ്ഥലത്ത് 7.5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് കെട്ടിടങ്ങള്‍ പണിയുന്നത്. രണ്ടാം ഘട്ടത്തിലെ ആദ്യ കെട്ടിടത്തിന് 10 നിലകളാണുണ്ടാകുക. ഡിജിറ്റല്‍ എനര്‍ജി ക്ലസ്റ്ററാണ് ഇവിടെ പ്രധാനമായും പ്രവര്‍ത്തിക്കുക. അമേരിക്കയിലെ ബേക് എന്‍ യൂസ് എനര്‍ജി ക്ലസ്റ്ററില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതു സംബന്ധിച്ചുള്ള കരാരില്‍ ഒപ്പുവെച്ചിട്ടുണ്ട്.

അമേരിക്കയിലെ തന്നെ ഹാലിബ് ഹെര്‍ട്ടന്‍ അടക്കമുള്ള കമ്പനികളെ പ്രതീക്ഷിക്കുന്നു. ശുദ്ധ ഊര്‍ജ ഉല്‍പാദനത്തിനായുള്ള സംരംഭങ്ങളാണ് ഡിജിറ്റല്‍ എനര്‍ജി ക്ലസ്റ്ററില്‍ ഉണ്ടാകുക. 4.37 ഏക്കറില്‍ 7.61 ലക്ഷം ചതുരശ്രയടിയിലാണ് കെട്ടിടങ്ങള്‍. ശുദ്ധ ഊര്‍ജ സാങ്കേതിക വിദ്യ സംബന്ധിച്ചുള്ള ഗവേഷണ കേന്ദ്രങ്ങള്‍ ഇവിടെയുണ്ടാകും. ഡിജിറ്റല്‍ ടെക്‌നോളജി ലാബുകള്‍ ടെസ്റ്റിംഗ് സെന്ററുകള്‍ എന്നിവക്കും ഇവിടെ സാധ്യതയുണ്ട്.

വേള്‍ഡ് എക്‌സ്‌പോ 2020 ദുബൈയില്‍ നടക്കുമ്പോള്‍ കൊച്ചി സ്മാര്‍ട് സിറ്റി പ്രധാനപ്പെട്ട പ്രദര്‍ശന സൗകര്യങ്ങളിലൊന്നായിരിക്കുമെന്നും ജാബിര്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ കേരളത്തില്‍ ഖ്യാതി ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തും. കൊച്ചിയില്‍ മെട്രോ സംവിധാനം വരുന്നത് കൊച്ചി സ്മാര്‍ട് സിറ്റിക്ക് ഗുണകരമാണ്. ലോകത്തിലെ തന്നെ പ്രധാന നഗരങ്ങളിലൊന്നായി കൊച്ചിമാറുന്നുണ്ടെന്നും ജാബിര്‍ വ്യക്തമാക്കി. കൊച്ചി സ്മാര്‍ട് സിറ്റി എം ഡി ബാജു ജോര്‍ജ്, കേരള ഐ ടി സെക്രട്ടറി പി എച്ച് കുര്യന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest