മുഹമ്മദ് ബിന്‍ റാശിദ് സോളാര്‍ പാര്‍ക് ഊര്‍ജ മന്ത്രി സന്ദര്‍ശിച്ചു

Posted on: May 14, 2016 7:25 pm | Last updated: May 14, 2016 at 7:25 pm

Photo (1)ദുബൈ: യു എ ഇ ഊര്‍ജ മന്ത്രി സുഹൈല്‍ മുഹമ്മദ് ഫറജ് അല്‍ മസ്‌റൂഇയും ഊര്‍ജ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മതര്‍ ഹമദ് അല്‍ നെയാദിയും വര്‍സാനിലുള്ള മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സോളാര്‍ പാര്‍കിലും കണ്‍ട്രോള്‍ സെന്റര്‍ കോമ്പൗണ്ടിലും സന്ദര്‍ശനം നടത്തി.
ഇരുവരെയും ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ) എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍, എ സി ഡബ്ല്യു എ പവര്‍ ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്ല അബു നയ്യാന്‍, സ്ട്രാറ്റജി ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് വലീദ് സല്‍മാന്‍, ദിവ ട്രാന്‍സ്മിഷന്‍ പവര്‍ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഹുസൈന്‍ ലൂത്ത, ദിവ ബിസിനസ് സപ്പോര്‍ട് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സസ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഡോ. യൂസുഫ് അല്‍ അക്‌റഫ് എന്നിവര്‍ സ്വീകരിച്ചു.
ദിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ പാര്‍കില്‍ ആദ്യമായാണ് മന്ത്രി സുഹൈല്‍ മുഹമ്മദ് ഫറജ് അല്‍ മസ്‌റൂഇ സന്ദര്‍ശിക്കുന്നത്. പാര്‍കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അല്‍ തായര്‍ വിശദീകരിച്ചു. സൗരോര്‍ജത്തില്‍നിന്ന് വൈദ്യുദിയുണ്ടാക്കുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ സിംഗിള്‍ സൈറ്റ് പദ്ധതിയാണ് പാര്‍ക്. 2013 ഒക്‌ടോബറില്‍ 13 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചിരുന്നത്. 2017 ഏപ്രില്‍ ആകുമ്പോഴേക്കും 200 മെഗാവാട്ടായി വര്‍ധിപ്പിക്കുമെന്ന് അല്‍ തായര്‍ പറഞ്ഞു. 2020ല്‍ 1,000മെഗാവാട്ടും 2030ല്‍ 5,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ പാര്‍ക്കിന് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിവര്‍ഷം 65 ലക്ഷം ടണ്‍ കാര്‍ബണ്‍ മാലിന്യം കുറക്കാന്‍ സഹായിക്കുന്നതാണ് പാര്‍കിന്റെ പ്രവര്‍ത്തനം.
2018ഓടെ പണി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ആര്‍ ആന്‍ഡ് ഡി സെന്ററിലും ഇന്നൊവേഷന്‍ സെന്ററിലുമാണ് സംഘം ആദ്യം സന്ദര്‍ശിച്ചത്. ഇവിടെ 27.5 കോടി ദിര്‍ഹം ചെലവില്‍ 400/132 കിലോവാട്ട് സബ് സ്റ്റേഷനാണ് നിര്‍മിക്കുന്നത്.
അന്താരാഷ്ട്രനിലാവാരത്തോടെ വൈദ്യുതി-ജലവിതരണം നടത്തുന്ന ദിവ യു എ ഇയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും മാതൃകയാണെന്ന് മന്ത്രി ഫറജ് അല്‍ മസ്‌റൂഇ പറഞ്ഞു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആരംഭിച്ച സോളാര്‍പാര്‍ക്ക് പരിസ്ഥിതി സൗഹൃദ ഊര്‍ജരംഗത്ത് രാജ്യത്തിന് വലിയ നേട്ടമാണെന്ന് മന്ത്രി വ്യക്തമാക്കി. ഇത് രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് സാധ്യമാകുന്നതാണ്. 650,159 ചതുരശ്രയടിയില്‍ സ്ഥിതിചെയ്യുന്ന സോളാര്‍ പാര്‍ക്കും മന്ത്രി നോക്കികണ്ടു. 50 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിച്ച രണ്ട് കണ്‍ട്രോള്‍ സെന്ററുകളാണ് ഇവിടെയുള്ളത്.