Connect with us

Malappuram

എല്‍ ഡി എഫ് പ്രകടന പത്രിക; മഞ്ചേരിയുടെ വികസന മുരടിപ്പ് അവസാനിപ്പിക്കും

Published

|

Last Updated

മഞ്ചേരി: വികസന കാര്യത്തില്‍ സംസ്ഥാനത്ത് 14ാം സ്ഥാനത്ത് നില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ മഞ്ചേരിയാണ് ഏറ്റവും പിറകിലെന്നും ഇടത് സ്ഥാനാര്‍ഥി വിജയിച്ചാല്‍ മഞ്ചേരിയുടെ വികസന മുരടിപ്പിന് അറുതി വരുത്തുമെന്നും മഞ്ചേരി മണ്ഡലം എല്‍ ഡി എഫ് പുറത്തിറക്കിയ പ്രകടന പത്രിക.
മെഡിക്കല്‍ കോളജിന്റെ പേരില്‍ യു ഡി എഫ് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയ 501 ബെഡുള്ള ജനറല്‍ ആശുപത്രി, 250 ബെഡുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവ പുന:സ്ഥാപിക്കും. മെഡിക്കല്‍ കോളജിന് ആവശ്യമായ സ്ഥലം വാങ്ങി കെട്ടിടം നിര്‍മിച്ച് കോളജ് അങ്ങോട്ട് മാറ്റും. ആവശ്യമായ ഡോക്ടര്‍മാര്‍, സ്റ്റാഫ്, മരുന്ന് എന്നിവ ഉറപ്പു വരുത്തും.
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ മണ്ഡലത്തില്‍ പുതിയ കോളജ് സ്ഥാപിക്കും. നഗരസഭയില്‍ രണ്ടും പഞ്ചായത്തുകളില്‍ ഒന്നു വീതവും ഹൈസ്‌ക്കൂളുകള്‍ സ്ഥാപിക്കും. എലമ്പ്രയില്‍ വിദ്യാലയത്തിനായി മുപ്പത് വര്‍ഷം മുമ്പ് നാട്ടുകാര്‍ വാങ്ങിയ സ്ഥലത്ത് എല്‍ പി സ്‌കൂള്‍ സ്ഥാപിക്കും. എസ് എസ് എല്‍ സി പാസായ മുഴുവന്‍ കുട്ടികള്‍ക്കും ഉപരി പഠനം ഉറപ്പു വരുത്തും.
വിദ്യാലയങ്ങളില്‍ വൈഫൈ സംവിധാനം, സ്മാര്‍ട്ട് ക്ലാസ് റൂം, വാഹന സൗകര്യം, ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ എന്നിവ ഏര്‍പ്പെടുത്തും. മഞ്ചേരിയില്‍ ഏറെക്കാലമായി നീറിപ്പുകയുന്ന ഗതാഗത പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണും. മണ്ഡലത്തില്‍ വീതി കൂട്ടി റബ്ബറൈസ് ചെയ്യുന്ന റോഡുകള്‍ പ്രകടന പത്രികയില്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്.
നറുകര, മഞ്ചേരി വില്ലേജുകളിലടക്കം ലാന്റ് ഫെയര്‍ വാല്യൂ നിശ്ചയിച്ചതില്‍ വ്യാപകമായി വന്ന അപാകതകള്‍ പരിഹരിക്കും. പല വില്ലേജുകളിലും വന്നിട്ടുള്ള റീസര്‍വേ അപാകതകള്‍ പരിഹരിക്കും. നറുകര വില്ലേജ് വിഭജിക്കും.
വ്യാവസായികമായി തളര്‍ന്ന് കൊണ്ടിരിക്കുന്ന മഞ്ചേരിയെ പുനരുജ്ജീവിപ്പിക്കാന്‍ പുതിയ വ്യവസായ പദ്ധതികള്‍ കൊണ്ടുവരുമെന്ന് ഉറപ്പു നല്‍കുന്ന പ്രകടന പത്രിക പട്ടികജാതി ക്ഷേമം, കൃഷി, ക്ഷീര വികസനം, മത്സ്യ കൃഷി, ജലസേചനം, പൊതു വിതരണം, ക്ഷേമ പെന്‍ഷന്‍, മണ്ണ് സംരക്ഷണം, പാര്‍പ്പിടം, സ്ത്രീ ശാക്തീകരണം, തൊഴിലാളി ക്ഷേമം, തൊഴിലുറപ്പ് എന്നിങ്ങനെ വിവിധ മേഖലകള്‍ സ്പര്‍ശിക്കുന്നു.
മഞ്ചേരി മണ്ഡലം എല്‍ ഡി എഫ് പ്രകടന പത്രിക പ്രസ് ഫോറം സെക്രട്ടറി ബശീര്‍ കല്ലായിക്ക് നല്‍കി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സി ശ്രീധരന്‍ നായര്‍ പ്രകാശനം ചെയ്തു. അസൈന്‍ കാരാട്ട്, തുളസീദാസ് പി മേനോന്‍, ബാബുരാജ്, പി പി മുഹമ്മദലി പങ്കെടുത്തു.

Latest