ഇടത്തോട്ട് ചായുന്ന തളിപ്പറമ്പ്

Posted on: May 14, 2016 4:54 am | Last updated: May 13, 2016 at 11:57 pm

JamesMathewതളിപ്പറമ്പ് :തളിപ്പറമ്പില്‍ ഇത്തവണയും ആവര്‍ത്തിച്ച് ഭൂരിപക്ഷം കൂട്ടാന്‍ എല്‍ ഡി എഫ് ഒരുങ്ങിയിറങ്ങുമ്പോള്‍ ചരിത്രം മാറ്റിയെഴുതുവാനുള്ള നിയോഗവുമായാണ് യു ഡി എഫ് ഇക്കുറി കളത്തിലിറങ്ങിയത്. 29861ന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാര്‍ഥിയായ ജെയിംസ് മാത്യു 2011ല്‍ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. മുന്നൂറിലധികം കോടികളുടെ വികസനപ്രവര്‍ത്തനം നടത്തിയ മനസംതൃപ്തിയോടെയാണ് തളിപ്പറമ്പില്‍ രണ്ടാം ഊഴത്തിന് ജെയിംസ് മാത്യു ഇറങ്ങിയിരികുന്നത്. ഇത്തവണ മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിക്കുകയും പാര്‍ട്ടിയോട് അത് ആവശ്യപ്പെടുകയും ചെയ്തുവെങ്കിലും പാര്‍ട്ടി അംഗീകരിച്ചില്ല.
എന്നാല്‍, യു ഡി എഫില്‍ തുടക്ക മുതലെ ആശയ കുഴപ്പമായിരുന്നു. ഏത് പാര്‍ട്ടി മത്സരിക്കുണമെന്നോ ആര് സ്ഥാനാര്‍ഥിയാകണമെന്നോ നിശ്ചമില്ലാതെ ആഴ്ചകള്‍ നീങ്ങുന്നതിനൊടുവിലാണ് കഴിഞ്ഞ തവണ മത്സരിച്ച കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കുകയായിരുന്നു. സീറ്റ് കേരള കോണ്‍ഗ്രസിന് ഉറപ്പിച്ചതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. ഒടുവില്‍ പാര്‍ട്ടി വേദികളില്‍ ഇന്ന് വരെ കേട്ടിട്ടില്ലാത്ത നമ്പ്യാര്‍ മഹാസഭയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന രാജേഷ് നമ്പ്യാരെ സ്ഥാനാര്‍ഥിയാക്കിക്കൊണ്ടുള്ള കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപനം വന്നത്. ഇത് കോണ്‍ഗ്രസിലെ ചില തല മുതിര്‍ന്ന നേതാക്കളിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. പെയ്‌മെന്റ് സീറ്റാണെന്ന് വരെ യൂത്ത് കോണ്‍ഗ്രസുകാര്‍ ആരോപിച്ചു.
പ്രതിഷേധം ആളിക്കത്തി നമ്പ്യാരെ ബഹിഷ്‌കരിച്ചും കോണ്‍ഗ്രസ് ഏതാണ്ട് കൈവിട്ട സ്ഥിതിവന്നപ്പോഴാണ് യു ഡി എഫില്‍ ഘടക കക്ഷികള്‍ക്ക് നല്‍കിയ സീറ്റുകളില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള അധികാരം അതാത് പാര്‍ട്ടികളില്‍ നിശ്ചിപ്തമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന വന്നത്. ആദ്യഘട്ടത്തില്‍ പ്രതിഷേധിച്ച ലീഗ് വളരെ പെട്ടെന്ന് തന്നെ നമ്പ്യാരെ തൃപ്തിപ്പെട്ട് നമ്പ്യാര്‍ക്ക് വേണ്ടി ഗോദയിലിറങ്ങി. വോട്ട് അഭ്യര്‍ഥിച്ച് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിയ രാജേഷ് നമ്പ്യാരെ സ്വീകരിക്കാന്‍ ലീഗ് അണികള്‍ ആവേശത്തോടെ രംഗത്ത് വന്നപ്പോള്‍ കോണ്‍ഗ്രസ് അണികള്‍ മുഖംതിരികുകയാണുണ്ടായത്.
ജെയിംസ് മാത്യുവിന് ഭൂരിപക്ഷം 40,000ല്‍ മുകളില്‍ കടക്കുമെന്ന സി പി എമ്മിന്റെ കണക്ക് കൂട്ടല്‍. തളിപ്പറമ്പ നഗരത്തിലെ ഗതാഗത പരിഷ്‌കരണവും മണ്ഡലത്തിലെ കുട്ടികള്‍ക്ക് നടപ്പിലാക്കിയ എന്റെ സ്‌കൂള്‍ പദ്ധതിയും മറ്റുവികസന പ്രവര്‍ത്തനങ്ങളും ജെയിംസ് മാത്യുവിന്റെ നേട്ടങ്ങളില്‍ ചിലത് മാത്രമാണ്. ഇതെല്ലാം വോട്ടായി മാറുമെന്നും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനത്തില്‍ ഒരിക്കല്‍ പോലും രാഷ്ട്രീയം കടന്ന് വന്നിട്ടില്ലാത്തതിനാല്‍ എതിരാളികളുടെ വോട്ടുകള്‍ പോലും തന്റെ പെട്ടിയിലാകുമെന്ന പ്രതീക്ഷയിലാണ് ജെയിംസ് മാത്യു. തളിപ്പറമ്പില്‍ രണ്ടാം ഊഴമാണെങ്കിലും നിയമസഭയിലേക്ക് നാലാം തവണയാണ് ജയിംസ് മാത്യു മത്സരിക്കുന്നത്. ഇതിന് മുമ്പ് രണ്ട് തവണ ഇരിക്കൂറില്‍ കെ സി ജോസഫിനെതിരെ പരാജയപ്പെട്ടു. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റായിരിക്കെ 26-ാമത്തെ വയസ്സിലായിരുന്നു ഇരിക്കൂറിലെ ആദ്യ മത്സരം. 55 കാരനായ ജെയിംസ് എം എല്‍, എ എല്‍ ബി ബിരുദധാരിയാണ്. സി പി എം സ്ഥാനകമ്മിറ്റി അംഗം കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കറ്റ് അംഗമായി സനറ്റ് അംഗമായും പ്രവര്‍ത്തിച്ചു. എസ് എഫ് ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സി പി എം ശ്രീകണ്ഠാപുരം ഏരിയാ സെക്രട്ടറിയായിരന്നു. 1995 ല്‍ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചു.
ഐ ടി വ്യവസായി രാജേഷ് നമ്പ്യാര്‍ പ്രവാസി കേരള കോണ്‍ഗ്രസ്(എം) പ്രവര്‍ത്തകനും കേരള കോണ്‍ഗ്രസ് ചെങ്ങളായി പഞ്ചായത്ത് കമ്മിറ്റി അംഗം കൂടിയാണ്. ആര്‍മിയില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് ഐ ടി രംഗത്ത് സജീവമായത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജില്‍ ഡോക്‌ട്രേറ്റ് നേടി ചെങ്ങളായി തവറൂലിലെ പ്രമുഖ നായര്‍ തറവാടായ പിലാക്കുന്നുമ്മല്‍ തറവാട്ടിലെ അംഗമാണ്. പരേതരായ പി കെ കൃഷ്ണന്‍ നമ്പ്യാര്‍-പാര്‍വതി ദമ്പതികളുടെ മകനാണ്.
ചപ്പാരപ്പടവ് പഞ്ചായത്തിലെ പടപ്പേങ്ങാട് സ്വദേശിയായ പി ബാലകൃഷ്ണന്‍ മാസ്റ്ററാണ് ബി ജെ പി സ്ഥാനാര്‍ഥി. അമ്പതുകാരനായ ഇദ്ദേഹത്തിന് കന്നിഅങ്കമാണ്. ആര്‍ എസ് എസിലൂടെ ബി ജെ പിയിലെത്തി.
എം എ, ബി എഡ് ബിരുദധാരിയായ ബാലകൃഷ്ണന്‍ തളിപ്പറമ്പിലെ നാഷനല്‍ കോളജ് അധ്യാപകനാണ്. അഞ്ച് വര്‍ഷക്കാലം മാലെദീപിലും നാല് വര്‍ഷക്കലം ഡല്‍ഹി അരവിന്ദാശ്രമത്തിലും അധ്യാപകനായിരുന്നു.