മൂന്നാം ബദലിന് പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മ വേണം: ദേവഗൗഡ

Posted on: May 13, 2016 5:55 am | Last updated: May 12, 2016 at 11:57 pm

കണ്ണൂര്‍: മുമ്പ് കേന്ദ്രം ഭരിച്ച യു പി എ സര്‍ക്കാരിന്റേയും ഇപ്പോള്‍ ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാറിന്റെയും നയങ്ങള്‍ തമ്മില്‍ യാതൊരു വ്യത്യാസമില്ലെന്ന് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ. കണ്ണൂര്‍ പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു പി എ സര്‍ക്കാര്‍ പിന്തുടര്‍ന്ന കുത്തക പ്രീണന നയങ്ങള്‍ തന്നെയാണ് മോദി സര്‍ക്കാറും അവലംബിക്കുന്നത്. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാകുന്നില്ല. ഇന്ത്യയില്‍ ജനതാപരിവാറിന്റെ ഐക്യത്തിലൂടെ യു പി എ, എന്‍ ഡി എ സഖ്യങ്ങള്‍ക്കെതിരേ മൂന്നാം ബദല്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. ഇത്തരത്തിലുള്ള ഒരു ബദല്‍ ഉയര്‍ന്നു വരാന്‍ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മ അനിവാര്യമാണ്. ദേശീയതലത്തില്‍ മൂന്നാം ബദല്‍ ഉയര്‍ന്നു വരുമ്പോള്‍ എല്‍ ഡി എഫിന്റെ പിന്തുണ ആവശ്യമാണെന്നും ദേവഗൗഡ പറഞ്ഞു.
കേരളത്തില്‍ മത്സരം യു ഡി എഫും ബി ജെ പിയും തമ്മിലാണെന്ന് പറയുന്ന നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാഴാന്‍ പാടില്ലായിരുന്നു. കേരളത്തില്‍ എല്‍ ഡി എഫും യു ഡി എഫും തമ്മിലാണ് മത്സരം. അഴിമതിയില്‍ മുങ്ങിക്കുളിച്ച യു ഡി എഫിന് ഭരണ തുടര്‍ച്ചക്ക് അവകാശമില്ല. വര്‍ഗീയ കക്ഷിയായ ബി ജെ പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനും കഴിയില്ല. കേരളത്തില്‍ ഇടതുപക്ഷം അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചതിനെ കുറിച്ചു ചോദിച്ചപ്പോള്‍ അത്തരം ഒരു പരാമര്‍ശം ഏതു സാഹചര്യത്തിലാണ് ഉണ്ടായതെന്നറിയില്ലെന്നും ഇതേ കുറിച്ചു താന്‍ അഭിപ്രായം പറയുന്നില്ലെന്നും പറഞ്ഞ് ഒഴിഞ്ഞു മാറി. കെ ടി ശശി അധ്യക്ഷത വഹിച്ചു. സി വി സാജു സ്വാഗതം പറഞ്ഞു.