നാലിടത്ത് കോ-ലീ-ബി സഖ്യമെന്ന് എല്‍ഡിഎഫ്

Posted on: May 12, 2016 9:04 am | Last updated: May 12, 2016 at 9:04 am

കോഴിക്കോട്: ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ലീഗ് ബി ജെ പി സഖ്യം നിലവില്‍ വന്നതായി സി പി എം കേന്ദ്രകമ്മറ്റി അംഗം എളമരം കരീം. ലീഗ് നേതാവും മന്ത്രിയുമായ ഡോ എം കെ മുനീര്‍ മത്സരിക്കുന്ന കോഴിക്കോട് സൗത്ത്, കുറ്റിയാടി, തിരുവമ്പാടി, പേരാമ്പ്ര മണ്ഡലങ്ങളിലാണ് രഹസ്യ സഖ്യമുണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതില്‍ മൂന്നും എന്‍ ഡി എക്കുവേണ്ടി ബി ഡി ജെ എസ് മത്സരിക്കുന്ന മണ്ഡലങ്ങളാണ്. അവിടെയാണ് പ്രധാനമായും ബി ജെ പി, യു ഡി എഫിന് വോട്ടുമറിക്കാമെന്ന് ഉറപ്പു നല്‍കിയിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇതൊന്നും ഏശില്ലെന്നും ജനം അര്‍ഹിക്കുന്ന അവഗണനയോടെ അതിനെയെല്ലാം തള്ളിക്കളയുമെന്നും എളമരം കരീം പറഞ്ഞു. കോഴിക്കോട് സി പി എം ഓഫീസില്‍ എല്‍ ഡി എഫ് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എളമരം. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ച അതേ സഖ്യമാണ് ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോഴിക്കോട്ടെത്തിയാണ് ഈ ധാരണക്ക് ആശിര്‍വാദം നല്‍കിയത്. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഇത് അക്കമിട്ട് പറഞ്ഞപ്പോള്‍ ആരും മുഖവിലക്കെടുത്തില്ല. പക്ഷെ ഫലം വന്നപ്പോള്‍ ചില മണ്ഡങ്ങലില്‍ അത് ശരിയാണെന്ന് തെളിഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പിന് രണ്ടുമാസം മുമ്പ് ആര്‍ എസ് എസ് നേതാക്കള്‍ ലീഗ് ഹൗസിലെത്തിയതും ഇക്കഴിഞ്ഞാഴ്ച കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ പരസ്പരം ചര്‍ച്ച നടത്തിയതുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇതിന്റെ വീഡിയോ തെളിവുകളൊന്നും കാണിക്കാന്‍ തങ്ങളുടെ പക്കലില്ലെന്നും റിസല്‍ട്ട് വരുമ്പോള്‍ അത് ബോധ്യമാവുമെന്നും എളമരം പറഞ്ഞു.
ജില്ലയില്‍ ഇത്തവണ എല്‍ ഡി എഫ് തൂത്തുവാരുമെന്നു നേതാക്കള്‍ പറഞ്ഞു. 2006ല്‍ 12 മണ്ഡലങ്ങളില്‍ 11 ലും ജയിച്ച എല്‍ ഡി എഫ് ഇത്തവണ 13 മണ്ഡലങ്ങളിലും വിജയിക്കും. എല്‍ ഡി എഫിന്റെ മുന്നേറ്റത്തെ തടയാന്‍ കോ-ലീ-ബി സഖ്യവും പണവുമൊക്കെ ജില്ലയില്‍ വ്യാപകമായിട്ടുണ്ടെങ്കിലും ഇതിനെയെല്ലാം തൂത്തെറിയുന്ന തരത്തിലുള്ള ജനപിന്തുണയാണ് ദിവസം തോറും എല്‍ ഡി എഫിന് ലഭിക്കുന്നത്. കുറ്റിയാടിമണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി വീടുകള്‍ കയറി വോട്ടിനും ഓപ്പണ്‍വോട്ടിനുമെല്ലാം പണം നല്‍കുകയാണ്. വെറും ഗള്‍ഫ് വ്യവസായി മാത്രമായ ഇയാള്‍ക്ക് രാഷ്ട്രീയ ബന്ധമൊന്നുമില്ലെന്നും പണമെറിഞ്ഞാല്‍ എന്തും നടക്കുമെന്ന ഇദ്ദേഹത്തിന്റെ ധാരണ ഫലം വന്നാല്‍ മാറുമെന്നും നേതാക്കള്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ പണമെറിഞ്ഞുള്ള വോട്ടുപിടുത്തത്തിനെതിരെ മണ്ഡലത്തില്‍ നിന്നും നിരവധി പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പോയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. യു ഡി എഫ് സര്‍ക്കാരിനുകീഴില്‍ ജില്ലയിലുണ്ടായ വികസന്യൂമുരടിപ്പാണ് ജനത്തെ അവരില്‍ നിന്നും പാടെ അകറ്റിയത്. 2001-2006ല്‍ യു ഡി എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ ജില്ലയിലെ പൊതുമേഖല സ്ഥാപനങ്ങളെല്ലാം പിന്നീടുവന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ തുറന്നു. തുറന്നെന്നുമാത്രമല്ല നഷ്ടത്തിലായ ആ സ്ഥാപനങ്ങളെല്ലാം അഞ്ചുവര്‍ഷം കൊണ്ട് ലാഭത്തിലേക്കെത്തിക്കുകയും ചെയ്തു. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ വന്നതോടെ അതെല്ലാം അന്ത്യശ്വാസം വലിക്കുന്നിടത്തെത്തി. പലതും വീണ്ടും അടച്ചുപൂട്ടി. ആയിരക്കണക്കിന് തൊഴിലാളികളുടെ ജോലി അവതാളത്തിലായി. ടൂറിസം മേഖലയില്‍ എല്‍ ഡി എഫ് ഉണ്ടാക്കിയ നേട്ടങ്ങളെല്ലാം കാറ്റില്‍പറത്തി. ജില്ലയിലെ പരമ്പരാഗത വ്യവസായങ്ങളെല്ലാം തകര്‍ന്ന് തരിപ്പണമായതായും അവര്‍ കുറ്റപ്പെടുത്തി. കോഴിക്കോടിനെ എല്ലാ അര്‍ഥത്തിലും അവഗണിച്ച യു ഡി എഫ് സര്‍ക്കാറിനുള്ള മറുപടിയായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍, സി പി ഐ ജില്ലാസെക്രട്ടറി ടി വി ബാലന്‍, എല്‍ ഡി എഫ് കണ്‍വീനര്‍ മുക്കം മുഹമ്മദ് പങ്കെടുത്തു.