ഒബാമ കാരണം ഇസ്‌റാഈല്‍ ജനത ഏറെ ദുരിതം സഹിച്ചുവെന്ന് ട്രംപ്‌

Posted on: May 12, 2016 5:55 am | Last updated: May 11, 2016 at 11:15 pm

ജറൂസലം: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധാനം ചെയ്ത് യു എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപ് ഉടന്‍ ഇസ്‌റാഈല്‍ സന്ദര്‍ശിച്ചേക്കും. ഇസ്‌റാഈല്‍ ഹായം എന്ന ഇസ്‌റാഈല്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് കൂറ് പുലര്‍ത്തുന്ന പത്രമാണ് ഇസ്‌റാഈല്‍ ഹായം. എന്തായാലും താന്‍ ഇസ്‌റാഈലിലേക്ക് വരുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. എന്നാല്‍ ഇതുസംബന്ധിച്ച വിശദീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഡിസംബറില്‍ ഇസ്‌റാഈല്‍ സന്ദര്‍ശിക്കാന്‍ ട്രംപ് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. ഇറാനുമായി ആണവ കരാറിലെത്തുന്നതിന് പദ്ധതികളുമായി മുന്നോട്ടുപോകുകയും അത് യാഥാര്‍ഥ്യമാക്കുകയും ചെയ്ത് ബരാക് ഒബാമയെ അഭിമുഖത്തില്‍ ട്രംപ് വിമര്‍ശിച്ചു. ഇറാന്‍ ആണവ കരാറിനെ ഇസ്‌റാഈല്‍ ശക്തമായി എതിര്‍ത്തിരുന്നുവെങ്കിലും ഇതെല്ലാം അവഗണിച്ച് കരാര്‍ യാഥാര്‍ഥ്യമാകുകയായിരുന്നു. നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ ഭീഷണിയാണ് ഇപ്പോള്‍ ഇസ്‌റാഈലിനുള്ളതെന്നും ഇതിന് കാരണം പ്രസിഡന്റ് ഒബാമയാണെന്നും അദ്ദേഹം അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. ഒബാമ കാരണം ഇസ്‌റാഈല്‍ ജനത കൂടുതല്‍ പ്രയാസങ്ങള്‍ സഹിച്ചതായും ട്രംപ് വാദിച്ചു.