മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ തണ്ടര്‍ബോള്‍ട്ട് രംഗത്ത്‌

Posted on: May 11, 2016 11:48 pm | Last updated: May 17, 2016 at 3:56 pm

കണ്ണൂര്‍: മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബൂത്തുകള്‍ക്ക് അതീവ സുരക്ഷ ഒരുക്കുന്നതിന്റെ മുന്നോടിയായി തണ്ടര്‍ബോള്‍ട്ട് സേന മലയോര വനാതിര്‍ത്തി മേഖലയില്‍ നിരീക്ഷണം ശക്തമാക്കി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ നടത്തുന്നത്. കണ്ണൂര്‍ ജില്ലയിലെ ആറളം, കൊട്ടിയൂര്‍ വനപ്രദേശങ്ങളില്‍ മാവോയിസ്റ്റ് ഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി കേളകം പഞ്ചായത്തിലെ രാമച്ചി കുറിച്യ കോളനിയില്‍ സംഘം തിരച്ചില്‍ നടത്തി. ആറളം പഞ്ചായത്തിലെ വിയറ്റ്‌നാം കോളനിയിലും ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും നെടുംപൊയില്‍, ചെക്ക്യാട്, പെരുവ കോളനികളിലും തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ നടത്തിക്കഴിഞ്ഞു.
ഇരിട്ടി മേഖലയില്‍ മാവോയിസ്റ്റ് അക്രമ ഭീഷണിയുള്ള ആറ് ബൂത്തുകളുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇവിടങ്ങളിലും പോലീസ് സുരക്ഷാ ഒരുക്കങ്ങള്‍ തുടങ്ങി. വിയറ്റ്‌നാം വാര്‍ഡിലെ ബൂത്തായ പരിപ്പ്‌തോട് നവജീവന്‍ മാതൃക ഗ്രാമ ശിശുമന്ദിരം, ആറളം ഗവ. യു പി സ്‌കൂള്‍, ഇടവേലി എല്‍ പി സ്‌കൂള്‍ എന്നിവയാണ് മാവോയിസ്റ്റ് ഭീഷണിയുള്ള അതീവ പ്രശ്രന ബാധിത ബൂത്തുകള്‍. പായം പഞ്ചായത്തിലെ പെരുംപറമ്പ് യു പി സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തും മുഴക്കുന്ന് പഞ്ചായത്തിലെ പാലാവാര്‍ഡിലെ ഒന്നാം ബൂത്തും, ഗ്രാമം വാര്‍ഡിലെ ഒന്നാം ബൂത്തും മാവോയിസ്റ്റ് ഭീഷണിയുളളതാണെന്ന് രഹസ്യാന്വേഷണ വിഭാഗം പോലീസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന കേളകം, പേരാവൂര്‍, ആറളം, കരിക്കോട്ടക്കരി തുടങ്ങിയ പോലീസ് സ്‌റ്റേഷനുകളുടെയും സുരക്ഷ ശക്തമാക്കി. നാലംഗ തണ്ടര്‍ബോള്‍ട്ട് സംഘത്തെയാണ് സ്‌റ്റേഷനുകളില്‍ വൈകീട്ട് ആറ് മുതല്‍ പുലര്‍ച്ചെ ആറ് വരെ സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്ത് വയനാട് ജില്ലയിലെ 39 പോളിംഗ് ബൂത്തുകള്‍ക്കാണ് അതീവ സുരക്ഷ ഒരുക്കുന്നത്. ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വനാതിര്‍ത്തിയോട് ചേര്‍ന്ന പോളിംഗ് സ്‌റ്റേഷനുകള്‍ക്ക് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മാവോയിസ്റ്റ് നേതാവ് രൂപേഷ് പോലീസ് പിടിയിലായതോടെ മാവോയിസ്റ്റ് സാന്നിധ്യം ജില്ലയില്‍ കുറവാണെങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് 39 ബൂത്തുകള്‍ക്ക് കനത്ത സുരക്ഷയൊരുക്കുന്നത്.
മാനന്തവാടിയില്‍ പെട്ട തിരുനെല്ലി പഞ്ചായത്തിലെ 12 ബൂത്തുകള്‍ക്കും വെള്ളമുണ്ടയിലെ ആറ് ബൂത്തുകള്‍ക്കും തലപ്പുഴയിലെ ഒരു ബൂത്തിനും ബത്തേരിയിലെ 12 ബൂത്തുകള്‍ക്കും കല്‍പ്പറ്റയിലെ എട്ട് ബൂത്തുകള്‍ക്കുമാണ് സുരക്ഷ ഒരുക്കുന്നത്. ഇവിടെയെത്തുന്ന വോട്ടര്‍മാരെ പരിശോധിക്കാനും നിരീക്ഷിക്കാനും പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. സായുധരായ തണ്ടര്‍ബോള്‍ട്ട്, സെന്‍ട്രല്‍ റിസര്‍വ് പ്രൊട്ടക്ഷന്‍ ഫോഴ്‌സ് തുടങ്ങിയ വിഭാഗത്തെയും പോലീസിന് പുറമെ നിയോഗിക്കും. വീഡിയോ റെക്കോര്‍ഡിംഗും, സി സി ടി വി റെക്കോര്‍ഡിംഗും ഏര്‍പ്പെടുത്തും. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരാഴ്ച്ച മുമ്പായി തിരുനെല്ലിയില്‍ മാവോയിസ്റ്റുകളെത്തി വോട്ട് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പതിക്കുകയും പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലാ അതിര്‍ത്തികളില്‍ വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെ ആദിവാസി മേഖലകളില്‍ ശക്തമായ സുരക്ഷ ഒരുക്കാന്‍ ആഭ്യന്തരവകുപ്പ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. വോട്ടെടുപ്പ് ദിവസമായ 16ന് ഇവിടങ്ങളില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി വന്‍ പോലീസ് പിക്കറ്റാണ് ഏര്‍പ്പെടുത്തുക. ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പോലീസ് തലപ്പത്ത് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി മാവോയിസ്റ്റുകള്‍ ആദിവാസി ഊരുകള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതായി വിവരം ലഭിച്ചതാണ് ശക്തമായ നടപടിക്ക് ആഭ്യന്തരവകുപ്പിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന വന മേഖലകളില്‍ തണ്ടര്‍ബോള്‍ട്ട് സേന പരിശോധന ശക്തമാക്കിയിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ ആദിവാസി മേഖലകളിലും മാവോയിസ്റ്റുകള്‍ ആദിവാസി കോളനികള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇത്തരത്തില്‍ മാവോയിസ്റ്റുകള്‍ പിടിമുറുക്കിയ മുപ്പതോളം ആദിവാസി കോളനികളുണ്ടെന്നാണ് പോലീസിന്റെ നിരീക്ഷണം. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഭൂരഹിതരായ 9,208 ആദിവാസികളാണ് സംസ്ഥാനത്തുള്ളത്. 4762 പട്ടിക വര്‍ഗ സങ്കേതങ്ങളിലായി 30,308 ഭവനരഹിതരുമുണ്ട്. ഇവരെ ഏകോപിപ്പിക്കാനാണ് മാവോയിസ്റ്റുകളുടെ നീക്കമെന്നും പോലീസ് വിലയിരുത്തുന്നു.