സൊമാലിയ പരാമര്‍ശത്തില്‍ മറുപടി പറയാതെ മോദിയുടെ പ്രസംഗം

Posted on: May 11, 2016 9:13 pm | Last updated: May 12, 2016 at 1:57 pm

കൊച്ചി: ഇടതു-വലതു മുന്നണികള്‍ കേരളത്തിലെ ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃപ്പൂണിത്തുറയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, കഴിഞ്ഞ ദിവസം നടത്തിയ സൊമാലിയ പരാമര്‍ശത്തില്‍ മോദി വിശദീകരണം നടത്തിയില്ല. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ മൂന്നു മടങ്ങ് കൂടുതലാണ്. കേരളത്തിലെ ആദിവാസികള്‍ക്കിടയിലെ ശിശുമരണ നിരക്ക് സൊമാലിയയെക്കാള്‍ മോശമാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് വികസനം നടക്കുന്നത്. കേരളത്തില്‍ ഇടതു-വലതു മുന്നണികള്‍ ഏറ്റുമുട്ടലിന്റെ രാഷ്ട്രീയം കളിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനായി ബംഗാളില്‍ ഒന്നിച്ചവര്‍ കേരളത്തില്‍ അഞ്ചു വര്‍ഷം വീതം ഭരിക്കാനുള്ള ധാരണയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇടതുസര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദുരിതവും ദാരിദ്രവും ഹര്‍ത്താലും മാത്രമാണുള്ളത്. ഇരുമുന്നണികളും കേരളത്തിലെ വിദ്യാസമ്പന്നരായ ജനങ്ങളെ വിഡ്ഡികളാക്കുന്നു. ഉന്നത വിദ്യാഭ്യാസ നിലവാരമുള്ളവരായിട്ടും കേരളത്തിലെ ജനങ്ങള്‍ ഈ തട്ടിപ്പ് മനസിലാക്കുന്നില്ലെന്നും മോദി പറഞ്ഞു.

കേരളത്തില്‍ ഇരുമുന്നണികളും നാടകം കളിക്കുകയാണ്. സര്‍ക്കാരുകള്‍ സര്‍ക്കാര്‍ അവര്‍ക്ക് ഇഷ്ടമുള്ള ഉദ്യോഗസ്ഥരെ മാത്രമാണ് ഭരണ നിര്‍വഹണത്തില്‍ പങ്കാളികളാക്കുന്നത്. രണ്്ടു വര്‍ഷം മുമ്പത്തെ പത്രങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ അഴിമതിക്കഥകള്‍ മാത്രമാണുള്ളതെന്നും മോദി ആരോപിച്ചു.