ഷാര്‍ജയില്‍ ഇലക്ട്രിക് കാറുകള്‍ വ്യാപകമാക്കും

Posted on: May 11, 2016 3:16 pm | Last updated: May 11, 2016 at 3:16 pm
SHARJAH
ഡോ. റാശിദ് അല്ലീം

ഷാര്‍ജ: ഷാര്‍ജയില്‍ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് കാറുകള്‍ വ്യാപകമാക്കുമെന്ന് ഷാര്‍ജ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (സിവ) ചെയര്‍മാന്‍ ഡോ. റാശിദ് അല്ലീം പറഞ്ഞു. അല്ലീം ബിസിനസ് കോണ്‍ഗ്രസിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവയില്‍ രണ്ടു കാറുകള്‍ പരീക്ഷണാര്‍ഥം ഉപയോഗിക്കുന്നുണ്ട്. ആറു ശതമാനം സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന കാറുകളാണിത്. ഇത്തരം കാറുകള്‍ ഷാര്‍ജയില്‍ വ്യാപകമാക്കുന്നതിനെക്കുറിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ച നടക്കുകയാണ്.

ഊര്‍ജ സംരക്ഷണത്തിന് പുതിയ വഴികള്‍ തേടേണ്ടതുണ്ട്. ചൂട് കാലത്ത് ഏറ്റവും വൈദ്യുതി വിതരണം നടക്കുന്ന സമയത്ത് അല്‍പ നേരത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ബോധവത്കരണം ഷാര്‍ജയില്‍ വിജയിച്ചു. അത് എല്ലാ എമിറേറ്റുകളിലും നടപ്പാക്കാന്‍ ഫെഡറല്‍ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
ഇത്തവണത്തെ അല്ലീം ബിസിനസ് കോണ്‍ഗ്രസുകളില്‍ യുവതീയുവാക്കളില്‍ പരിസ്ഥിതി സൗഹൃദ അവബോധം വളര്‍ത്താന്‍ പ്രഭാഷണങ്ങളുണ്ട്. അഞ്ചു ദിവസമാണ് കോണ്‍ഗ്രസ് നീണ്ടുനില്‍ക്കുക. 500 പേര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും.
ആഗസ്റ്റ് 21 മുതല്‍ 25 വരെ ലീഡര്‍ഷിപ്പ് ആന്റ് മാനേജ്‌മെന്റും ഒക്‌ടോബര്‍ 23 മുതല്‍ 27വരെ മാര്‍ക്കറ്റിംഗ് ആന്റ് ബ്രാന്‍ഡിംഗ് കോണ്‍ഗ്രസും ഡിസംബര്‍ 11 മുതല്‍ 15 വരെ സുസ്ഥിര വികസന സെമിനാറുകളും നടത്തുമെന്നും അല്ലീം വ്യക്തമാക്കി. പ്രോജക്ട് മാനേജ്‌മെന്റ് വാരം കഴിഞ്ഞ ദിവസം തുടങ്ങി മെയ് 12ന് അവസാനിക്കും.