മുസ്‌ലിം വിരുദ്ധ പരാമര്‍ശം: ട്രംപിനെതിരെ ആഞ്ഞടിച്ച് ലണ്ടന്‍ മേയര്‍

Posted on: May 11, 2016 9:14 am | Last updated: May 11, 2016 at 11:15 am

sadiq khanലണ്ടന്‍: മുസ്‌ലിം വിരുദ്ധതയുടെയും അസഹിഷ്ണുത നിറഞ്ഞ പരാമര്‍ശങ്ങളുടെയും പേരില്‍ കുപ്രസിദ്ധനായ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലണ്ടന്‍ മേയര്‍ സ്വാദിഖ് ഖാന്‍. അമേരിക്കയില്‍ മുസ്‌ലിംകള്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുമെന്ന തന്റെ നിലപാടില്‍ നിന്ന് ലണ്ടന്‍ മേയറെ ഒഴിവാക്കിയിരിക്കുന്നുവെന്ന ട്രംപിന്റെ വിവാദ പരാമര്‍ശത്തെ ശക്തമായ ഭാഷയില്‍ മേയര്‍ വിമര്‍ശിച്ചു. ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്.

സ്വാദിഖ് ഖാന്‍ ലണ്ടന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷിക്കുന്നുവെന്നും അമേരിക്കയിലേക്ക് മുസ്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന തന്റെ നിലപാടില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുന്നുവെന്നുമാണ് ട്രംപിന്റെ പരാമര്‍ശം.
ട്രംപിന്റെ ഇത്തരം വാക്കുകള്‍ തീവ്രവാദികള്‍ മുതലെടുക്കും. ഇത് എന്നെ കുറിച്ച് മാത്രമല്ല, എന്റെ കൂട്ടുകാരെ കുറിച്ചും കുടുംബത്തെ കുറിച്ചും പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് മുന്നിലെത്തുന്ന ലോകത്തുള്ള മുഴുവന്‍ ആളുകളെ കുറിച്ചുമാണ് ഞാന്‍ പറയുന്നത്. ഇസ്‌ലാമിനെ കുറിച്ച് അജ്ഞത മൂലം വരുന്ന ട്രംപിന്റെ ഇത്തരം പരാമര്‍ശങ്ങള്‍ അമേരിക്കയെയും ബ്രിട്ടനെയും അരക്ഷിത മാക്കും. ലോകത്തുള്ള മുഴുവന്‍ മുസ്‌ലിംകളെയും അരികുവത്കരിക്കുകയും തീവ്രവാദികള്‍ക്ക് അവസരം നല്‍കുകയും ചെയ്യും. പടിഞ്ഞാറന്‍ ലിബറല്‍ മൂല്യങ്ങളും ഇസ്‌ലാമും ഒത്തുപോകില്ലെന്ന് ട്രംപും അദ്ദേഹത്തിന്റെ ചുറ്റുഭാഗത്തുമുള്ളവരും ചിന്തിക്കുന്നു. എന്നാല്‍ ലണ്ടന്‍ നഗരം ഇത് തെറ്റാണെന്ന് തെളിയിച്ചിരിക്കുന്നു. സ്വാദിഖ് ഖാന്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ താന്‍ ഹിലാരി ക്ലിന്റനെയാണ് പിന്തുണക്കുക. അവര്‍ ട്രംപിനെ മലര്‍ത്തിയടിക്കും. ലണ്ടന്‍ മേയര്‍ തിരഞ്ഞെടുപ്പ് സമയത്ത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ചിലരെല്ലാം ട്രംപിന്റെ ഈ ആശയങ്ങളെ സ്വീകരിച്ച് തനിക്കെതിരെ ആക്രമണത്തിന് മുതിര്‍ന്നിരുന്നുവെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്‍കാരനായ ബസ് ഡ്രൈറുടെ മകനായ സ്വാദിഖ് ഖാന്‍ കഴിഞ്ഞ വ്യാഴാഴ്ച നടന്ന ലണ്ടന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി സാക് ഗോള്‍ഡ് സ്മിത്തിനെ പരാജയപ്പെടുത്തിയിരുന്നു.