അല്‍ ഖോര്‍ ബസ് സ്റ്റേഷന്‍ നിര്‍മാണം അന്തിമഘട്ടത്തില്‍

Posted on: May 10, 2016 6:31 pm | Last updated: May 11, 2016 at 6:46 pm

Mowasalatദോഹ: അല്‍ ഖോറില്‍ നിര്‍മിക്കുന്ന പബ്ലിക് ബസ് സ്റ്റേഷന്‍ അന്തിമ ഘട്ടത്തിലാണെന്ന് മുവാസലാത്ത് അധികൃതര്‍ വ്യക്താക്കി. വെയിറ്റിംഗ് ടെര്‍മിനല്‍, ബസ് ജീവനക്കാരുടെ താമസസൗകര്യം, പെട്രോള്‍ സ്റ്റേഷന്‍ തുടങ്ങിയ വിപുലമായ സൗകര്യങ്ങളുള്ള ബസ് സ്റ്റേഷനാണ് അല്‍ ഖോറില്‍ നിലവില്‍ വരുന്നത്.
അല്‍ ഖോര്‍ സ്റ്റേഡിയത്തിനു സമീപമാണ് സ്റ്റേഷന്‍. രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലേക്കുള്ള പൊതുഗതാഗത സംവിധാനത്തിന്റെ ഹബ്ബായിരിക്കും അല്‍ ഖോര്‍ സ്റ്റേഷനെന്ന് മുവാസലാത്ത് അധികൃതരെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബസ് ഷെല്‍റ്ററുകളുടെ നിര്‍മാണം അടത്തു മാസങ്ങളിലായി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരുടെ ആവശ്യംകൂടി പരിഗണിച്ചാണ് ബസ് ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നത്. സ്വകാര്യ കമ്പനികള്‍ക്ക് അവരുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ബസ് ഷെല്‍റ്ററുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കുന്നതു പരിഗണിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി മുവാസലാത്ത് വൃത്തങ്ങള്‍ വ്യക്തമാക്കി. ബസ് യാത്രക്കാര്‍ക്ക് മികച്ച സൗകര്യമൊരുക്കുന്നതിന് എല്ലാ സാധ്യതകളും പരിഗണിക്കും.
സമീപ കാലത്ത് മാറ്റി സ്ഥാപിച്ച ഏഷ്യന്‍ രാജ്യങ്ങളുടെ എംബസി പ്രദേശങ്ങളിലേക്ക് ബസ് സര്‍വീസ് ആരംഭിക്കുന്നതു സംബന്ധിച്ചുള്ള നിര്‍ദേശം ഗതാഗത മന്ത്രാലയത്തിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും വൈകാതെ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. പുതിയ എംബസി പ്രദേശങ്ങളിലേക്ക് നിലവില്‍ ബസ് സര്‍വീസില്ല. യാത്രക്കാര്‍ കുറവുള്ള റൂട്ടുകളില്‍ നിന്ന് തിരക്കുള്ള റൂട്ടുകളിലേക്ക് സര്‍വീസുകള്‍ മാറ്റുന്നതും പരിഗണിക്കുന്നു. അടുത്ത മാസങ്ങളില്‍ കൂടുതല്‍ യാത്രക്കാരെ ബന്ധിപ്പിച്ചു കൊണ്ടുള്ള ബസ് റൂട്ടുകള്‍ നിലവില്‍ വരും. 301, 304 നമ്പര്‍ ബസുകളില്‍ കൂടുതല്‍ യാത്രക്കാരുണ്ടെന്നും ഊ റൂട്ടില്‍ ബസുകള്‍ വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.