Connect with us

Articles

സഖാഫി സംഗമം മുന്നോട്ട് വെക്കുന്നത്

Published

|

Last Updated

1978ലാണ് മര്‍കസുസ്സഖാഫത്തി സ്സുന്നിയ്യ ആരംഭിക്കുന്നത്. ലോകപ്രശസ്ത ഇസ്്‌ലാമിക പണ്ഡിതന്‍ സയ്യിദ് മുഹമ്മദ് അലവി മാലികി മക്ക മര്‍കസിന് ശില പാകുമ്പോള്‍ പുതിയൊരു സംസ്‌കാരത്തിന്റെയും വൈജ്ഞാനിക മുന്നേറ്റത്തിന്റെയും രൂപപ്പെടല്‍ കൂടിയാണ് നടന്നത്. മര്‍കസിന്റെ പ്രധാനപ്പെട്ടൊരു പദ്ധതിതന്നെ ഇസ്്‌ലാമിക വിജ്ഞാനത്തെ സജീവമാക്കുക എന്നതായിരുന്നു. ആ ലക്ഷ്യത്തോടെയാണ് മര്‍കസ് ശരീഅത്ത് കോളേജ് സ്ഥാപിക്കപ്പെടുന്നത്.
ഐതിഹാസികമായ മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ മര്‍കസ് പിന്നിട്ടു. എല്ലാത്തിനും രൂപം നല്‍കാനും വ്യത്യസ്തമായും സര്‍ഗാത്മകമായും നടപ്പിലാക്കാനും മര്‍കസിന് ഒരു നായകനുണ്ടായിരുവെന്നതാണ് ഏറ്റവും പ്രധാനം. കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ എന്ന ധിഷണാശാലിയായ ആഴമുള്ള ജ്ഞാനത്തിനുടമയായ പണ്ഡിതന്റെ കാഴ്ചപ്പാടുകള്‍ മര്‍കസിനെ വളര്‍ത്തിയത് ലോകത്തെ സമാനതയില്ലാത്ത ഇസ്്‌ലാമിക വിജ്ഞാന കേന്ദ്രമെന്ന നിലയിലായിരുന്നു. ഉസ്താദ് എല്ലായ്‌പ്പോഴും പറയാറുണ്ട്. മര്‍കസിന് പല സംരംഭങ്ങളുണ്ടെങ്കിലും ഏറ്റവും പ്രധാനം ശരീഅത്ത് കോളജാണ് എന്ന്. ഇസ്‌ലാമിക ശരീഅത്ത് കലര്‍പ്പില്ലാതെ ലോകത്ത് മുഴുവന്‍ പ്രചരിപ്പിക്കുകയെന്നത് സഖാഫികളിലൂടെ സാധ്യമാക്കാനാണ് മര്‍കസ് ലക്ഷ്യമിടുന്നത്. ഒന്‍പതിനായിരത്തോളം സഖാഫിമാര്‍ ബിരുദം നേടി പുറത്തിറങ്ങി. പല മേഖലകളിലാണ് അവരുടെ വ്യവഹാരങ്ങള്‍. ആസ്‌ത്രേലിയയിലും യൂറോപ്പിലുമൊക്കെ ഇസ്്‌ലാമിക പ്രബോധന മേഖലകളില്‍ തിളങ്ങി നില്‍ക്കുന്നവര്‍, കാശ്മീരും ഗുജറാത്തും ബംഗാളുമടക്കം മുസ്്‌ലിംകള്‍ അധിവസിക്കുന്ന ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും പോയി വിജ്ഞാനവും ധിഷണയുമുള്ള ഒരു തലമുറയുടെ സൃഷ്ടിപ്പിനായി അധ്വാനിക്കുന്നവര്‍. കേരളത്തിലെ തന്നെ വിവിധ മഹല്ലുകളില്‍ ദര്‍സും ദഅ്‌വത്തും നടത്തി മാതൃകാപരമായ സേവനം നടത്തുന്നവര്‍. വിവിധ ഭാഷകളില്‍ ഒരുപോലെ നൈപുണ്യം പുലര്‍ത്തി ഇസ്്‌ലാമിക സന്ദേശം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്ന പ്രബോധകര്‍. എഴുത്തിലും പ്രഭാഷണത്തിലും മികവ് കാണിച്ച് വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കുന്നവര്‍.
വിപുലമായ തലത്തില്‍ നടത്തുന്ന സഖാഫി സംഗമമാണ് ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങളില്‍ മര്‍കസ് ക്യാമ്പസില്‍ നടക്കുന്നത്. ഡോ. ഉസാമ അസ്ഹരിയെപോലുള്ള ലോക പ്രശസ്തരായ പല പണ്ഡിതരും ഈ സംഗമത്തിനെത്തുന്നു. വര്‍ത്തമാന കാലത്ത് ദീനീ പ്രബോധനം ക്രിയാത്മകമായി നിര്‍വഹിക്കുന്ന സഖാഫികള്‍ക്ക് പുതിയ കാലത്തിന്റെ വെല്ലുവിളികളെപ്പറ്റിയും ഇസ്്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനങ്ങളില്‍ ഉറച്ച് നിന്ന് ആ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച് പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനെപ്പറ്റിയുമുള്ള കൃത്യമായ മാര്‍ഗനിര്‍ദേശം സഖാഫി സംഗമത്തിലൂടെ നല്‍കും.
പുതിയ കലുഷമാണ് നമ്മുടെ കാലം. ഇസ്്‌ലാമിനെയും മുസ്്‌ലിംകളെയും തെറ്റിദ്ധരിപ്പിക്കാനുള്ള വ്യാപകമായ ശ്രമങ്ങള്‍ നടന്നുവരുന്നു. സത്യത്തില്‍ മുസ്്‌ലിംകളെ അവമതിക്കാനും ഇസ്്‌ലാമിന്റെ ആധ്യാത്മികവും വൈജ്ഞാനികവുമായ പാരമ്പര്യത്തെ ശിഥിലമാക്കാനും പടിഞ്ഞാറ് ആസൂത്രണം ചെയ്ത ചതിക്കുഴികളില്‍ ചില മുസ്്‌ലിംകള്‍ തന്നെ വീഴുന്നുവെന്നതാണ് ഖേദകരം. എന്ത് കൊണ്ടാണ് ചില മുസ്്‌ലിംകള്‍ പടിഞ്ഞാറില്‍ നിന്ന് മാതൃകകള്‍ കണ്ടെത്തുന്നത്? ഈ പ്രശ്‌നത്തിന് ഉത്തരം കണ്ടെത്താന്‍ പതിനേഴ്, പതിനെട്ട് നൂറ്റാണ്ടോളം ചരിത്രപരമായി സഞ്ചരിക്കേണ്ടി വരും. ആ കാലത്താണ് പടിഞ്ഞാറ് ശാസ്ത്രീയമായി വികസിക്കുന്നതും അധ്യാത്മികതയുടെ അടിത്തറയില്ലാത്ത ജമാലുദ്ദീന്‍ അഫ്ഗാനിയും മുഹമ്മദ് അബ്ദുവും റഷീദ് റിദയുമൊക്കെ പടിഞ്ഞാറിന്റെ വികാസത്തില്‍ ആകൃഷ്ടരായി അവര്‍ക്കനുസരിച്ച് ഇസ്്‌ലാമിനെ തിരുത്തിയെഴുതാന്‍ ശ്രമിച്ചതും. ഇസ്്‌ലാമിക് മോഡേണിസം എന്നൊരു വിജ്ഞാന ശാഖയുണ്ടിന്ന്. ആധുനികതക്കനുസരിച്ച് മതത്തെ വെട്ടിമാറ്റിയവരെയാണ് ഇസ്്‌ലാമിക് ആധുനികവാദികള്‍ എന്ന് വിളിക്കപ്പെടുന്നത്. അഫ്ഗാനിയാണ് ഈ ആശയധാരയുടെ പിതാവ് എന്ന നിലയില്‍ അറിയപ്പെടുന്നത്. ഇസ്‌ലാമിക ആധ്യാത്മികതയുടെ എല്ലാ മഹിമകളേയും തകര്‍ത്തെറിഞ്ഞ് യുക്തികേന്ദ്രീകൃതമായൊരു മതത്തെയാണ് അഫ്ഗാനിയും പിന്‍ഗാമികളും രൂപപ്പെടുത്തിയത്. ജമാഅത്തെ ഇസ്‌ലാമിയെയും മുജാഹിദുകളെയും സി എന്‍ അഹ്മദ് മൗലവി പോലുളള മതസന്ദേഹവാദികളെയുമെല്ലാം വളരെ സ്വാധീനിച്ച പ്രതൃയശാസ്ത്രമാണ് ഇസ്്‌ലാമിക് മോഡേണിസം.
ഭീകരവാദവുമായി ബന്ധപ്പെട്ടാണ് മറ്റൊരു കോണില്‍ നിന്ന് വിമര്‍ശമുയരുന്നത്. ഇസ്്‌ലാമിന്റെ തനതായ സഹിഷ്ണുതയേയും ബഹുസ്വരതയേയും നാമാവശേഷമാക്കി മതത്തിന് പരുക്കന്‍ ഭാവം നല്‍കി ഉത്പതിഷ്ണുക്കളാണ് ഭീകരതയുടെ സ്വഭാവം മുസ്്‌ലിംകള്‍ക്ക് അകത്തേക്ക് കൊണ്ടുവന്നത്. മഖ്ബറകള്‍ തകര്‍ത്തും സൂഫീ ശേഷിപ്പുകളെ നശിപ്പിച്ചും അനുഷ്ടാന ബന്ധിതമായ ഇസ്്‌ലാമിനെ സൃഷ്ടിച്ച ഇത്തരം ബിദഇകള്‍ക്ക് പാരമ്പര്യ മുസ്‌ലിംകളും മുസ്‌ലിം മതേതരവും തകര്‍ക്കപ്പെടേണ്ടവരായിരുന്നു. ഇസ്്‌ലാമിക ഭീകരതയെപ്പറ്റി അനേകം പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അവയെല്ലാം സൂചിപ്പിക്കുന്നത്, ഇസ്്‌ലാമിന്റെ മൗലികതയില്‍ തെന്നിമാറിയ ബിദഈ കക്ഷികളില്‍ നിന്നാണ് ഇത്തരം ചിന്തകളും പ്രവര്‍ത്തനങ്ങളും ഉണ്ടായതും തുടരുന്നതും എന്നാണ്. സൂഫീ ആധ്യാത്മികതയുടെ പിന്‍ബലമുള്ള യഥാര്‍ത്ഥ ഇസ്്‌ലാമിനെ ഇവര്‍ വെറുക്കുന്നു.
മുസ്്‌ലിംകള്‍ക്കിടയിലേക്ക് ഫലപ്രദമായ ദഅ്‌വത്ത് നടക്കേണ്ട കാലമാണിത്. ഉത്തരേന്ത്യയിലെയൊക്കെ മുസ്‌ലിംകള്‍ക്ക് കേവലം പേര് പോലും എഴുതാന്‍ കഴിയാത്ത സ്ഥിതിയാണ്. മര്‍കസിന്റെ നേതൃത്വത്തില്‍ നിരവധി സഖാഫിമാരുടെയും മറ്റു പ്രബോധകരുടെയും നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ വലിയ മാറ്റമുണ്ടാക്കുന്നുവെന്നത് ശുഭകരമാണ്. ഇസ്്്‌ലാമിക വിജ്ഞാനം യഥാവിധി നല്‍കപ്പെടുകയും അതിനനുസരിച്ച് കര്‍മങ്ങള്‍ ക്രമീകരിക്കുകയും ചെയ്യുമ്പോഴേ മുസ്‌ലിമിന്റെ ജീവിതം സമ്പന്നമാകുകയുള്ളൂ.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അപരലോകം സൃഷ്ടിക്കുന്ന ഭീഷണി എല്ലാ ഭാഗത്തുമുണ്ട്. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും സൃഷ്ടിക്കുന്ന സാധ്യതകളുടെയും നശീകരണത്തിന്റെയും വലിയ ലോകവുമാണ് നമ്മുടേത്. അഴിമതിയും സ്വജന പക്ഷപാതിത്വവും എങ്ങും വ്യാപകം. വ്യഭിചാരവും ബലാല്‍സംഗങ്ങളും വര്‍ധിക്കുന്നു. കുടുംബകലഹങ്ങള്‍ മൂലം കണ്ണീര്‍കുടിക്കുന്ന വിധവകളും കുട്ടികളും അനേകം. നിര്‍ഭയം കൊലപാതകം നടത്തുകയും പ്രതികളെ രാഷ്ട്രീയക്കാര്‍ സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം കേരളത്തില്‍ പോലും സജീവം.
ഈ വിധത്തില്‍ പ്രതിസന്ധികളും വെല്ലുവളികളും അസാധാരണമാം വിധം വര്‍ധിച്ച ഈ കാലത്ത് പണ്ഡിത്മാരുടെ ദൗത്യം വളരെ കൂടുതലാണ്. സഖാഫികള്‍ സൃഷ്ടിച്ച വ്യത്യസ്തമായൊരു ദഅ്‌വത്തിന്റെ സംസ്‌കാരമുണ്ട്. പല നാടുകളിലെയും അറിവിന്റെയും ആത്മീയതയുടെയും നേതൃത്വമാണ് സഖാഫി പണ്ഡിത്മാര്‍. പുതിയ കാലത്തിന്റെ വെല്ലുവിളികളോട് ഇസ്‌ലാമിന്റെ പക്ഷത്ത് നിന്ന് ആസൂത്രിതവും സര്‍ഗാത്മകവുമായി പ്രതികരിക്കാനുള്ള ശേഷിയാണ് സമ്പൂര്‍ണ സഖാഫി സംഗമം മര്‍കസ് പണ്ഡിത്മാര്‍ക്ക് നല്‍കുന്നത്. ലോകപ്രശസ്ത ഇസ്്‌ലാമിക പണ്ഡിതന്‍, ഐ എസിനെപ്പറ്റി മതനിലപാടുകളുടെ പിന്‍ബലത്തില്‍ ഗംഭീരമായി പുസ്തകമെഴുതിയ ഡോ. ഉസാമ അസ്ഹരി അടക്കം നിരവധി വിദേശ പണ്ഡിത്മാരും സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട ആയിരം പണ്ഡിതന്‍മാരെ മൂന്ന് ദിവസം മര്‍കസിലേക്ക് ക്ഷണിച്ചു വരുത്തി ലോക പണ്ഡിതന്‍മാര്‍ക്കൊപ്പം സംവദിക്കാനും ആദര്‍ശ പ്രചാരണ രംഗത്ത് ചര്‍ച്ചകള്‍ നടത്താനുമുള്ള വേദിയാണിത്. മര്‍കസ് ചാന്‍സലര്‍ കാന്തപുരം ഉസ്താദിന്റെ സ്വഹീഹുല്‍ ബുഖാരി ദര്‍സിന്റെ സമാപനമായി എല്ലാ ശഅ്ബാനിലും ഖത്മുല്‍ ബുഖാരി ജല്‍സയും സഖാഫി സംഗമവും നടക്കാറുണ്ട്. അത് നില നില്‍ക്കെ തന്നെയാണ് അതിന്റെ മുന്നോടിയായി അന്താരാഷ്ട്ര സഖാഫി സംഗമം നടക്കുന്നത്.
ഇന്നു മുതല്‍ 12 വരെ മര്‍കസ് ഇംഗ്ലീഷ് മീഡിയം ക്യാമ്പസിലാണ് അന്താരാഷ്ട്ര സഖാഫി കോണ്‍ഫറന്‍സ് നടക്കുന്നത്. 12ന് 7000 സഖാഫികള്‍ പങ്കെടുക്കുന്ന വിപുലമായ സഖാഫി സംഗമം മര്‍കസ് മെയിന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ നടക്കുന്ന സഖാഫി സംഗമത്തിന് സമാപനമായി വൈകീട്ട് അഞ്ച് മുതല്‍ 9 മണിവരെ നടക്കുന്ന ഖത്മുല്‍ ബുഖാരി ആത്മീയ പൊതു സമ്മേളനത്തില്‍ നാടിന്റെ നാനാ ഭാഗത്ത് നിന്നും പതിനായിരങ്ങള്‍ പങ്കെടുക്കും. പൊതു സമ്മേളനത്തില്‍ ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും വരുന്ന സൂഫി വര്യന്‍മാരും അന്താരാഷ്ട്ര പണ്ഡിതന്‍മാരും വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരും പങ്കെടുക്കും.

Latest