വികസനം ചൂണ്ടിക്കാണിച്ചാണ് യു ഡി എഫ് ഭരണത്തുടര്‍ച്ച തേടുന്നത്‌

Posted on: May 9, 2016 8:35 pm | Last updated: May 9, 2016 at 8:35 pm
സവാദ് വെളിയങ്കോട്(കെ എം സി സി )
സവാദ് വെളിയങ്കോട്(കെ എം സി സി )

അഞ്ചു വര്‍ഷം കൊണ്ട് കേരളത്തിലെ സാമൂഹിക രംഗത്തും അടിസ്ഥാന സൗകര്യമേഖലയിലും ഉണ്ടാക്കിയ വികസനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് യു ഡി എഫ് സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച തേടുന്നതെന്നും ഒരു മത്സരത്തിന്റെ സാധ്യത പോലും ഇല്ലാതാക്കിയ സാഹചര്യം യു ഡി എഫ് വികസനമാണെന്നും കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജന. സെക്രട്ടറി സവാദ് വെളിയങ്കോട് അഭിപ്രായപ്പെട്ടു.
സ്മാര്‍ട്ട്‌സിറ്റി, വിഴിഞ്ഞം, കണ്ണൂര്‍ എയര്‍പോര്‍ട്ട്, കൊച്ചി മെട്രോ തുടങ്ങി വന്‍കിട പദ്ധതികള്‍ക്കൊപ്പം പ്രാദേശികമായി റോഡുകളും പാലങ്ങളും വികസിപ്പിച്ചു. 400 ദിവസം കൊണ്ട് 100 പാലങ്ങള്‍ നിര്‍മിച്ച് റെക്കോര്‍ഡിട്ട സര്‍ക്കാറാണിത്. സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വെക്കാന്‍ കഴിഞ്ഞു. വലിയ ചുവടുവെപ്പാണിത്. സ്മാര്‍ട്ട് സിറ്റി സംരംഭകരായി ദുബൈ ടീകോം റിയല്‍ എസ്റ്റേറ്റ് കമ്പനിയാണെന്നും പാപ്പരായ കമ്പനിയാണെന്നും ആക്ഷേപിക്കുകയായിരുന്നു പ്രതിപക്ഷം. ഗ്രാമീണ മേഖലയില്‍ വരെ ഐ ടി പാര്‍ക്ക് ആശയം യു ഡി എഫ് കൊണ്ടു വന്നു.
സാമൂഹിക വികസന വകുപ്പിനെ ജനങ്ങള്‍ക്കിടയില്‍ പരിചയപ്പെടുത്തി. കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയാണ് ഇതു സാധ്യമായത്. സാമൂഹികക്ഷേമം സാമൂഹിക വികസനത്തിന്റെ ഭാഗമായി കണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. സംസാരിക്കാന്‍ കഴിയാത്തവരും കേള്‍വിശക്തിയില്ലാത്തവരുമായ കുട്ടികള്‍ക്ക് ജീവിതത്തിലേക്ക് പ്രതീക്ഷ നല്‍കിയാണ് ചികിത്സയും ശ്രവണ സഹായികളും നല്‍കിയത്. രാജ്യാന്തര തലത്തില്‍ വരെ അംഗീകാരം നേടുകയും പ്രാധനമന്ത്രിയുടെ അവാര്‍ഡ് നേടുകയും ചെയ്ത പദ്ധതികളാണിത്. 600 കോടി രൂപയുടെ ജീവകാരുണ്യ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ വര്‍ധിപ്പിച്ചു. വിവാഹം കഴിക്കുന്ന യുവതികള്‍ക്ക് ധനസഹായം തുടങ്ങിയ സ്ത്രീ ശാക്തീകരണത്തിനു കുടുംബശ്രീ സഹായവും ഷീ ടാക്‌സി പോലുള്ള പദ്ധതികളും കൊണ്ടു വന്നു.
വ്യവസായ സ്ഥാപനങ്ങളുടെ ഉപകരണങ്ങളും മറ്റും വിറ്റഴിച്ച് ആ പണം ലാഭമായി തെറ്റിദ്ധരിപ്പിച്ച് കണക്കുകളുടെ ഗിമ്മിക്കുകള്‍ കൊണ്ട് ലാഭം പ്രകടിപ്പിക്കുകയായിരുന്നു മുന്‍കാലങ്ങളിലെങ്കില്‍ പല സ്ഥാപനങ്ങളും യഥാര്‍ഥ ലാഭത്തിലേക്കു കൊണ്ടുവരാന്‍ ഈ സര്‍ക്കാറിനു സാധച്ചു. എല്ലാ മണ്ഡലങ്ങളിലും കോളജുകളും കോഴ്‌സുകളും കൊണ്ടു വന്ന് വിദ്യാഭ്യാസ രംഗത്ത് വികസനം നടപ്പിലാക്കി. മെഡിക്കല്‍ കോളജുകള്‍ വര്‍ധിപ്പിച്ചു. യു ഡി എഫ് സര്‍ക്കാര്‍ എക്‌സ്പ്രസ് ഹൈവേ ആവിഷ്‌കരിച്ചപ്പോള്‍ അതിനെ വിമര്‍ശിച്ച ഇടതുപക്ഷം ഇപ്പോള്‍ തെക്കുവടക്കു പാതയുമായി വരികയാണ്. വിദ്യാഭ്യാസ രംഗത്ത് ലീഗ് ഒന്നും ചെയ്യുന്നില്ല എന്ന് ആക്ഷേപിച്ചവര്‍ അധികാരത്തിലിരുന്നപ്പോള്‍ ഫലപ്രദമായി ഒന്നും ചെയ്യാനായില്ല. ഐ ടി വകുപ്പ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നുപോലും തിരിച്ചറിയാത്ത സ്ഥിതിയായിരുന്നു ഇടതു ഭരണകാലത്ത്.
യു ഡി എഫ് തുടങ്ങി വെച്ച പദ്ധതികളുടെ പൂര്‍ത്തീകരണം ആവശ്യമാണ്. അതിനാണ് മുന്നണി തുടര്‍ച്ച ആവശ്യപ്പെടുന്നത്. ഇടതു മുന്നണി വന്നാല്‍ വീണ്ടും സംസ്ഥാനം വികസന മുരടിപ്പിലേക്കു പോകും. പദ്ധതികള്‍ പലതും തടസപ്പെടും. കണ്ണൂര്‍ വിമാനത്താവളമുള്‍പ്പെടെയുള്ള പദ്ധതികളുടെ പൂര്‍ത്തീകരണം നടക്കേണ്ടതുണ്ട്. സംസ്ഥാനത്തെ സമഗ്രമായ സാമൂഹിക, സൗകര്യ വികസന സംസ്ഥാമാക്കുക എന്ന നിലപാടാണ് യു ഡി എഫിന്റെത്.