Connect with us

Gulf

അടിസ്ഥാന സൗകര്യങ്ങളിലും കൃഷിയിലും സുസ്ഥിര വികസനമാണ് എല്‍ ഡി എഫ് ലൈന്‍

Published

|

Last Updated

ശ്രീകുമാര്‍ എസ് പിള്ള(യുവകലാ സാഹിതി )

കാര്‍ഷിക മേഖലയില്‍ പുതിയ ഉണര്‍വും ഒട്ടേറെ പദ്ധതികളും കൊണ്ടു വരാന്‍ മുന്‍ എല്‍ ഡി എഫ് സര്‍ക്കാറിനു കഴിഞ്ഞുവെന്നും അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരെ പോലും കൃഷിയിലേക്ക് ആകര്‍ഷിക്കാനായെങ്കിലും യു ഡി എഫ് സര്‍ക്കാര്‍ വന്നതോടെ അത് അട്ടിമറിക്കപ്പെടുകായിയരിന്നുവെന്ന് യുവകലാ സാഹിതി ഖത്വര്‍ കമ്മിറ്റി അംഗം ശ്രീകുമാര്‍ എസ് പിള്ള അഭിപ്രായപ്പെട്ടു.
ഭരണമില്ലാതിരുന്നിട്ടു പോലും ജൈവകൃഷി മാതൃക കേരളത്തില്‍ വികസിപ്പിച്ചെടുക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും ഇടതുമുന്നണിക്കു കഴിഞ്ഞു. പ്രത്യേകിച്ച് തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നടന്ന കാര്‍ഷിക വിപ്ലവം എക്കാലത്തെയും മാതൃകയാണ്. ഐസക്കിനു പുറമേ മുല്ലക്കര രത്‌നാകരന്‍, പി പ്രസാദ് എന്നിവര്‍ ജയിക്കുകയും മന്ത്രിസഭയില്‍ വരികയും ചെയ്താല്‍ കേരളത്തില്‍ കാര്‍ഷിക രംഗത്ത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനാകും. നാടിന്റെ വികസനത്തിനു വേണ്ടി കാഴ്ചപ്പാടുള്ള പ്രതിനിധികളെയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥികളായി നിര്‍ത്തിയിരിക്കുന്നത്.
സുസ്ഥിര വികസനം എന്നതാണ് എല്‍ ഡി എഫ് ലൈന്‍. താത്കാലികമായ വികസനമല്ല നാടിന്റെ നിലനില്‍പ്പിനു വേണ്ടത്. പാടം നികത്തിയും ഫഌറ്റുകള്‍ പണിതും വികസനം വന്നിട്ടു കാര്യമില്ല. പ്രകൃതിയെ നശിപ്പിച്ചിട്ട് എയര്‍പോര്‍ട്ടും റോഡുകളും വന്നിട്ടും കാര്യമില്ല. പ്രകൃതി സമ്പത്തും സന്തുലിതാവസ്ഥയും നിലനിര്‍ത്തിക്കൊണ്ടുള്ള വികസനമാണ് ഇടതുപക്ഷം മുന്നോട്ടു വെക്കുന്നത്. യു ഡി എഫ് ഇത്തരം കാര്യങ്ങളില്‍ തീരേ ശ്രദ്ധ പുലര്‍ത്തുന്നില്ല. കൃഷിഭൂമി നികത്തുന്നതിനും വനനശീകരണത്തിനും അനിയന്ത്രിതമായി അനുമതി നല്‍കുകയായിരുന്നു അവര്‍. നമുക്കു റോഡുകളും പാലങ്ങളുമെല്ലാം വേണം. നിലവിലുള്ളവ തന്നെ ഗതാഗതയോഗ്യമാക്കുകയും വികസിപ്പിക്കുകയും ചെയ്താല്‍ ഒരുവിധം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍കൂടി പരിഗണിച്ചു വേണം വികസനം കൊണ്ടുവരാന്‍. ശുദ്ധജല ലഭ്യതക്ക് ബദല്‍ മാര്‍ഗങ്ങള്‍ ആരായണം. നീര്‍ത്തടങ്ങളുടെ സംരക്ഷണവും ജല ശുദ്ധീകരണവും വികസന പ്രവര്‍ത്തനം തന്നെയാണ്. ഇത്തരം മേഖകളിലേക്ക് ശ്രദ്ധ തിരിയുന്നില്ല. വികസനം എന്നാല്‍ അത് മെട്രോ പൊളിറ്റന്‍ വികസനമാണ് എന്ന രീതിയിലേക്ക് മെട്രോ, എയര്‍പോര്‍ട്ട് തുടങ്ങിയ പദ്ധതികളിലൂടെ ജനങ്ങളുടെ ആശയത്തെ രൂപപ്പെടുത്തുകയാണ് യു ഡി എഫ് ചെയ്തത്. നഗരവികസനവും ഐ ടി രംഗത്തെ വികസനവും അനിവാര്യതയാണ്. എല്‍ ഡി എഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യത്തില്‍ മുന്‍കാലങ്ങളില്‍ പോരായ്മകളുണ്ടായിട്ടുണ്ടെങ്കില്‍ അതു ശരിയാക്കും എന്നു കൂടിയാണ് അര്‍ഥമാക്കുന്നത്.
വ്യാവസായിക വികസനത്തിന് എല്‍ ഡി എഫ് എതിരാണ് എന്ന ഒരു തെറ്റിദ്ധാരണ പൊതുവേ പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഐ ടി മേഖലയുള്‍പ്പെടെ ആധുനിക വികസനത്തിന്റെ കാഴ്ചപ്പാടുകള്‍ എല്‍ ഡി എഫ് രൂപപ്പെടുത്തിയിട്ടുണ്ട്. ഒപ്പം പരമ്പരാഗത വ്യവസായ മേഖലയില്‍ക്കൂടി ആധുനികവത്കരണം കൊണ്ടു വരികയാണ് എല്‍ ഡി എഫ് നയം. കശുവണ്ടി മേഖലയുള്‍പ്പെട ആധുനികവത്കരിക്കപ്പെടണം. പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതുമേഖലയില്‍ തന്നെ തുടരണമെന്നാണ് നിലപാട്. എന്നാല്‍, യു ഡി എഫ് പൊതുമേഖലയെ നിരുത്സാഹപ്പെടുത്തുകയും സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വ്യാവസായിക രംഗത്തു മാത്രമല്ല, വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തുമെല്ലാം ആധുനികവത്കരണം വരണം. ഇതെല്ലാം വികസനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടേണ്ട മേഖലകളാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമായ സംസ്ഥാനമാണ് കേരളമെങ്കിലും ഇനിയും നില മെച്ചപ്പെടണം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക എന്നതും വികസനത്തിന്റെ മറ്റൊരു വശമാണ്. തൊഴിലില്ലാത്ത യുവാക്കള്‍ വര്‍ധിക്കുകയാണ്. ഈ സ്ഥിതിക്കു മാറ്റം വരണം. യു ഡി എഫ് കൊണ്ടുവന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ജോലി ഇന്ന് ഒരു ആകര്‍ഷകമല്ലാതായി മാറിയിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്ന് എല്‍ ഡി എഫ് പ്രകടന പത്രികയില്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ വികസനം എന്നത് എല്ലാ വിഭാഗം ജനങ്ങളുടെയും സുസ്ഥിരവുമാകുക എന്നതാണ് എല്‍ ഡി എഫ് നിലപാട്.