ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ് ഫേസ്ബുക്കില്‍

Posted on: May 9, 2016 7:40 pm | Last updated: May 10, 2016 at 9:53 am

VSതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കേരള രാഷ്ട്രീയ ഭൂപടത്തില്‍ വേരുറപ്പിക്കാനാകാതെ നിന്ന ബി.ജെ.പി.യെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയത് സി.പി.എം. ആണ്’ എന്ന താങ്കളുടെ കണ്ടുപിടുത്തം വളരെ വിചിത്രമാണെന്ന് വിഎസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം………..

വഴിവെട്ടി ഉമ്മന്‍ ചാണ്ടി കുഴിവെട്ടി ജനങ്ങള്‍!
ശ്രീ ഉമ്മന്‍ ചാണ്ടി,

09-05-2016ല്‍ താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റ് ഞാന്‍ വായിച്ചു. താങ്കള്‍ കേരളത്തിന്റെ മതേതര മൂല്യങ്ങളെ പുച്ഛിക്കുകയല്ലേ? ‘കേരള രാഷ്ട്രീയ ഭൂപടത്തില്‍ വേരുറപ്പിക്കാനാകാതെ നിന്ന ബി.ജെ.പി.യെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയത് സി.പി.എം. ആണ്’ എന്ന താങ്കളുടെ കണ്ടുപിടുത്തം വളരെ വിചിത്രമാണ്. താങ്കളുടെ മന്ത്രിസഭയുടെ വര്‍ഗീയ പ്രീണന നയമാണ് ഇവിടെ ബി.ജെ.പിയെ ഇന്നത്തെ നിലയിലെത്തിച്ചത്. താങ്കളും താങ്കളുടെ മന്ത്രിസഭയിലെ കൂട്ടാളികളായ മുസ്ലീംലീഗും, കേരളാകോണ്‍ഗ്രസും കൂടി നടത്തിയ വര്‍ഗീയ പ്രീണനമാണ് ബി.ജെ.പിക്ക് വളമായത്. ഇവയൊന്നും എണ്ണിയെണ്ണി പറയാന്‍ ഞാന്‍ ഇപ്പോള്‍ തയ്യാറാകുന്നില്ല. താങ്കളും, എ.കെ. ആന്റണിയും പുറപ്പെടുവിക്കുന്ന ഇത്തരം പ്രസ്താവനകള്‍ വര്‍ഗീയത വര്‍ദ്ധിപ്പിക്കാനേ സഹായിക്കൂ എന്ന് മനസ്സിലാക്കുന്നത് നന്ന്. ന്യൂനപക്ഷ വോട്ടുകളെല്ലാം യു.ഡി.എഫ്.ന് സ്വന്തമെന്ന താങ്കളുടെയും കൂട്ടാളികളുടെയും പരോക്ഷമായ അവകാശവാദം ഉണ്ടാക്കാന്‍ പോകുന്ന വര്‍ഗീയവികാരം നിങ്ങള്‍ക്കു തന്നെ വിനയാകും. 16ാം തീയതിയിലെ തെരഞ്ഞെടുപ്പില്‍ പ്രബുദ്ധരായ കേരള ജനത ഇതിനു മറുപടി നല്‍കും.