പിണറായിയുടെ പ്രചരണ ബോര്‍ഡുകള്‍ അജ്ഞാതര്‍ കത്തിച്ചു

Posted on: May 9, 2016 10:31 am | Last updated: May 11, 2016 at 1:11 pm

കണ്ണൂര്‍: സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും ധര്‍മ്മടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സ്ഥാപിച്ച കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് അജ്ഞാതര്‍ തീയിട്ടു നശിപ്പിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ധര്‍മ്മടം ടൗണില്‍ പിണറായിയുടെ വീട്ടില്‍ നിന്ന് 20 മീറ്റര്‍ അകലെ മാത്രം സ്ഥാപിച്ചിരുന്ന 300 മീറ്റര്‍ നീളമുള്ള ഫ്‌ളക്‌സ് ബോര്‍ഡാണ് കത്തിച്ചത്. സി.പി.എമ്മിന്റെയും പിണറായിയുടേയും ചരിത്രം രേഖപ്പെടുത്തിയിരുന്ന ഫ്‌ളക്‌സാണ് നശിപ്പിക്കപ്പെട്ടത്.ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ഫ്‌ളെക്‌സ് ബോര്‍ഡിന് തീവച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അക്രമത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു. സംഭവ സ്ഥലം പിണറായി വിജയന്‍ സന്ദര്‍ശിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നേരത്തേ ട്രെയിനില്‍ സ്ഥാപിച്ചിരുന്ന എല്‍.ഡി.എഫിന്റെ പ്രചരണ ബോര്‍ഡും നശിപ്പിക്കപ്പെട്ടിരുന്നു.അതേസമയം ഫ്‌ളെക്‌സുകള്‍ കത്തിച്ചതിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആണെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലും അമിത് ഷാ മോഡി ദ്വന്ദ്വം പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ തെളിവാണിത്. ഫ്‌ളെക്‌സുകള്‍ നശിപ്പിക്കുവാന്‍ കാരണം ഉദ്ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്തതിനാലാണെന്നും, മോഡിയുടെ ആഹ്വാനമാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മിന്റെ പ്രചാരണ ബോര്‍ഡുകള്‍ക്ക് നേരെ നീളാന്‍ ശക്തിയുളള കൈകളൊന്നും ഇവിടെയില്ലെന്നും ഇതുകൊണ്ടൊന്നും എല്‍ഡിഎഫിന്റെ പ്രചാരണത്തെ തടയാനാകില്ലെന്നും പിണറായി വ്യക്തമാക്കി.