കാറില്‍ ബള്‍ഗേറിയന്‍ യുവതിക്ക് പീഡനം; ഓല കാബ് ഡ്രൈവര്‍ അറസ്റ്റില്‍

Posted on: May 8, 2016 11:44 pm | Last updated: May 9, 2016 at 9:45 am

rapeന്യൂഡല്‍ഹി: കാറില്‍ ബല്‍ഗേറിയന്‍ യുവതിയെ പീഡിപ്പിച്ച ഓല ക്യാബ് ഡ്രൈവര്‍ അറസ്റ്റില്‍. വെള്ളിഴാഴ്ച രാത്രിയാണ് സംഭവം. ഡല്‍ഹിയുടെ വടക്കു കിഴക്കന്‍ ഭാഗമായ സി ആര്‍ പാര്‍ക്ക് പ്രദേശത്ത് വെച്ചാണ് യുവതിയെ പീഡിപ്പിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം പ്രതി രാജസ്ഥാന്‍ സ്വദേശി രാജ് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഓല കമ്പനി പുറത്താക്കിയിട്ടുണ്ട്.

ഗുഡ്ഗാവില്‍ നിന്നാണ് യുവതി കാറില്‍ കയറിയത്. യാത്രക്കിടെ ഡ്രൈവര്‍ തന്നെ ചുംബിക്കാന്‍ ശ്രമിച്ചുവെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. തെറ്റായ ദിശയിലൂടെയാണ് ഡ്രൈവര്‍ വണ്ടിയോടിച്ചത് ഇത് യുവതി ചോദ്യം ചെയ്തതോടെ ഫോണ്‍ വാങ്ങുകയും ഓലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഫോണില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു. ജി പി എസ് സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്ന് പറഞ്ഞ് യുവതിയോട് മുന്‍ സീറ്റിലേക്ക് കയറിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മുന്‍സീറ്റിലേക്ക് കയറിയിരുന്ന യുവതിയെ ഡ്രൈവര്‍ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി ഫെബ്രുവരി മുതല്‍ രാജ്യത്ത് നില്‍ക്കുന്നുണ്ടെന്നും ഉടന്‍ തന്നെ അവര്‍ രാജ്യം വിടുമെന്നും പോലീസ് പറഞ്ഞു.
സി ആര്‍ പാര്‍ക്ക് പ്രദേശത്ത് ഇറക്കി വിട്ടതോടെ യുവതി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഡ്രൈവറെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായും ഇത്തരം പ്രവൃത്തികള്‍ തങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉപഭോക്താവിന്റെ സുരക്ഷിതത്വത്തിനായി എല്ലാ നടപടികളും കൈകൊള്ളുമെന്നും ഓല കമ്പനി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.