Connect with us

National

വേണ്ടത്ര ന്യായാധിപന്മാരില്ല; ആശങ്ക പ്രകടിപ്പിച്ച് വീണ്ടും ചീഫ് ജസ്റ്റിസ്

Published

|

Last Updated

കട്ടക്ക്: ന്യായാധിപന്മാരുടെ ക്ഷാമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ വീണ്ടും. വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ എഴുപതിനായിരത്തിലധികം ജഡ്ജിമാര്‍ ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കട്ടക്കില്‍ നിയമജ്ഞരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമ പരിഹാരത്തിനുള്ള പൗരന്മാരുടെ അവകാശം മൗലികമാണ്. അത് നിഷേധിക്കുന്നത് സ്വാഭാവിക നീതിക്ക് വിരുദ്ധവുമാണ്. നീതിന്യായ മേഖലയില്‍ ആവശ്യമായ ആള്‍ബലവും സംവിധാനങ്ങളും ഒരുക്കുകയെന്നത് രാഷ്ട്രത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതേ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്നിഹിതനായ വേദിയില്‍ ചീഫ് ജസ്റ്റിസ് വികാരാധീനനായി പ്രതികരിച്ചിരുന്നു. രാജ്യത്ത് കേസുകള്‍ കെട്ടിക്കിടക്കുന്നതിന് ജുഡീഷ്യറിയെ മാത്രമായി കുറ്റപ്പെടുത്തരുതെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് വികാരാധീനനായത്. എല്ലാ ഭാരവും ജുഡീഷ്യറിയുടെ മുകളിലേക്കു കയറ്റിവെക്കാന്‍ ശ്രമിക്കരുത്. കേസുകള്‍ കെട്ടിക്കിടക്കുന്നതിന് ജുഡീഷ്യറിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജുഡീഷ്യല്‍ നിയമന കമ്മീഷനെ ചൊല്ലി കേന്ദ്രവും സുപ്രീം കോടതിയും തമ്മിലുള്ള തര്‍ക്കം തുടരവെയാണ് ജഡ്ജിമാരുടെ കുറവ് നീതിന്യായ വ്യവസ്ഥക്കുമേല്‍ ഭാരമാകുന്നുവെന്ന് പറഞ്ഞ് ടി എസ് ഠാക്കൂര്‍ വിങ്ങിപ്പൊട്ടിയത്. മുഖ്യമന്ത്രിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും യോഗത്തിലായിരുന്നു സംഭവം.

ജഡ്ജിമാരുടെ നിയമന പ്രക്രിയ വേഗത്തിലാക്കണമെന്ന് നിരന്തരം ആവശ്യപ്പെടുമ്പോഴും നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. ഇക്കാര്യം ഈയിടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പക്ഷേ, പരിഹാരമൊന്നും ആയിട്ടില്ല. വിവിധ ഹൈക്കോടതികളില്‍ തൊള്ളായിരം ജഡ്ജിമാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഇതില്‍ 450 ഒഴിവുകള്‍ എത്രയും വേഗം നികത്തേണ്ടതാണ്. രാജ്യത്തെ ജനസംഖ്യാ- ജഡ്ജ് അനുപാതം പരിതാപകരമായ നിലയില്‍ താഴെയാണ്. കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ 44,000 ജഡ്ജിമാരെങ്കിലും വേണമെന്നാണ് 1987ല്‍ നിയമ കമ്മീഷന്‍ നിര്‍ദേശിച്ചത്. എന്നാല്‍, രാജ്യത്ത് ഇപ്പോഴുള്ളത് 18,000 ജഡ്ജിമാര്‍ മാത്രമാണെന്ന് ജസ്റ്റിസ് ഠാക്കൂര്‍ പറഞ്ഞു.

മുപ്പത് വര്‍ഷമായി കോടതികള്‍ പ്രവര്‍ത്തിക്കുന്നത് ആവശ്യത്തിന് ന്യായാധിപരില്ലാതെയാണ്. ജനസംഖ്യയിലുണ്ടായ വര്‍ധന കൂടി കണക്കിലെടുക്കുമ്പോള്‍ രാജ്യത്ത് എഴുപതിനായിരത്തിലധികം ന്യായാധിപരെ വേണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രാജ്യത്തെ വിവിധ കോടതികളിലായി മൂന്ന് കോടി കേസുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ വിരമിച്ച ജഡ്ജിമാരെ അഡ്‌ഹോക് ജഡ്ജിമാരായി നിയമിക്കുന്നതിനുള്ള പ്രമേയം പാസ്സായിരുന്നു.

Latest