ഹെലികോപ്ടര്‍ എന്ന് കേള്‍ക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് മുട്ടിടിക്കുന്നു: മോദി

Posted on: May 8, 2016 11:52 pm | Last updated: May 9, 2016 at 12:18 pm

MODIതിരുവനന്തപുരം: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ യു പി എ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇപ്പോള്‍ ഹെലിക്കോപ്റ്റര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഭയമാണ്. കോപ്ടര്‍ ഇടപാടില്‍ വലിയ കമ്മീഷനാണ് കോണ്‍ഗ്രസ് നേതാക്കള്‍ വാങ്ങിയതത്. കമ്മീഷന്‍ നല്‍കിയ ആള്‍ ഇറ്റലിയില്‍ പിടിയിലായി. ഇനി ആ കമ്മീഷന്‍ വാങ്ങിയ ആള്‍ പിടിയിലാകുന്നത് എപ്പോഴാണെന്ന് കാത്തിരിക്കാമെന്നും മോദി പറഞ്ഞു. എന്‍ ഡി എ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് പൊതുസമ്മേളനത്തില്‍ താന്‍ ഹെലികോപ്ടറിനെ കുറിച്ച് പരാമര്‍ശിക്കാത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശ്വാസമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം ഹെലികോപ്ടര്‍ അഴിമതിയെക്കുറിച്ച് സംസാരിച്ചത്. അഴിമതിക്കേസില്‍ താന്‍ ആരെയും ഇതുവരെ പേരെടുത്തു പറഞ്ഞിട്ടില്ല. ഇക്കാര്യത്തെ കുറിച്ച് ജനങ്ങള്‍ക്ക് അറിയണമെന്നുണ്ട്. കേരളത്തിലുള്ള ആര്‍ക്കെങ്കിലും ഇറ്റലിയില്‍ പരിചയക്കാരോ ബന്ധുക്കളോ ഉണ്ടോ? ഇറ്റലിയില്‍ ബന്ധുക്കളുള്ളത് ആര്‍ക്കാണെന്ന് എല്ലാവര്‍ക്കും അറിയാം. അവിടെ പണം കൊടുത്തവന്‍ അകത്തായി. ഇനി വാങ്ങിയവര്‍ അകത്താകുന്നത് കാണാമെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്തും മലയാളത്തിലാണ് മോദി സംസാരിച്ചുതുടങ്ങിയത്.
ആഹാരത്തിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനമാണ് ഇന്ന് കേരളം. കണ്ണൂര്‍ പേരാവൂര്‍ പഞ്ചായത്തില്‍ ചപ്പുചവറുകള്‍ക്കുള്ളില്‍ നിന്ന് ദളിത് ബാലന്‍ ഭക്ഷണം കഴിക്കുന്ന കാഴ്ചയും നമുക്ക് കാണേണ്ടി വന്നു. ശബരിമല ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ല. എന്നാല്‍, പുറ്റിങ്ങല്‍ അപകടം നടന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം തന്റെ സര്‍ക്കാര്‍ എത്തി. പെരുമ്പാവൂരില്‍ ജിഷയുടെ മരണമുണ്ടായപ്പോള്‍ സുരേഷ്‌ഗോപി എം പി അവിടെ അവരുടെ അമ്മയുടെ അരികിലേക്ക് ഓടിയെത്തിയെന്നും മോദി പറഞ്ഞു.