വിമാന ടിക്കറ്റ് വില കൈയെത്താദൂരത്തേക്ക് പ്രവാസികള്‍ വിഷമത്തില്‍

Posted on: May 8, 2016 3:18 pm | Last updated: May 8, 2016 at 3:18 pm

airindia express b737-8hjഷാര്‍ജ: വിമാനടിക്കറ്റ് വില കൈയെത്താ ദൂരത്തേക്ക് എത്തിയതോടെ നാട്ടില്‍ പോകാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന മലയാളികളടക്കമുള്ള പ്രവാസികള്‍ കടുത്ത വിഷമത്തില്‍.
വേനലവധിക്കു നാട്ടില്‍ പോകാന്‍ ഒരുങ്ങുന്ന പ്രവാസികളാണ് അമിത ടിക്കറ്റ് വില കാരണം ദുഃഖത്തിലായത്. വേനലവധി അടുക്കുംതോറുമാണ് ടിക്കറ്റ് നിരക്കും കുതിച്ചത്. അടുത്ത മാസമാണ് വേനലവധി ആരംഭിക്കുക. മൂന്നാം വാരത്തോടെ രണ്ടു മാസത്തെ അവധിക്കു രാജ്യത്തെ വിദ്യാലയങ്ങള്‍ അടക്കും. ഇതോടെ കുടുംബങ്ങളടക്കമുള്ളവരുടെ ഒഴുക്കു നാട്ടിലേക്ക് ആരംഭിക്കും. ഇതുമുതലെടുത്താണ് നിരക്കുകുത്തനെ കൂട്ടിയിരിക്കുന്നത്.
കേരളത്തിലേക്കും മംഗലാപുരത്തേക്കും മടക്കയാത്ര അടക്കമുള്ള ടിക്കറ്റിന്റെ നിരക്കില്‍ വലിയ മാറ്റമില്ല. 2,600 ദിര്‍ഹത്തിനു മുകളിലാണ് നിരക്ക്. എയര്‍ ഇന്ത്യ, എക്‌സ്പ്രസ്, ഇന്റിഗോ തുടങ്ങി കേരളത്തിലേക്കും മംഗലാപുരത്തേക്കും സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കെല്ലാം പൊള്ളുന്ന നിരക്കാണ്. എമിറേറ്റ്‌സ്, എയര്‍ അറേബ്യ, ഇത്തിഹാദ്, കുവൈത്ത് എയര്‍വേയ്‌സ് തുടങ്ങിയ വിമാനങ്ങളുടെയും നിരക്ക് വ്യത്യസ്തമല്ല. വേനലവധി ആരംഭിക്കുന്ന ജൂണ്‍ അവസാനവാരത്തിലാണ് ഏറ്റവും അധികം നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്കാണ് 2,600 ദിര്‍ഹം. മടക്കയാത്ര അടക്കമുള്ള യാത്രക്കാണ് ഈ നിരക്ക്. ഓരോ ദിവസവും ഓണ്‍ലൈനില്‍ പരിശോധിക്കുമ്പോഴും, ട്രാവല്‍ ഏജന്‍സികളില്‍ അന്വേഷിക്കുമ്പോഴും വ്യത്യസ്തമായ നിരക്കാണ് കാണിക്കുന്നത്. ചില ട്രാവല്‍സ് ജീവനക്കാരാകട്ടെ നിരക്കു ഉപഭോക്താക്കളോട് പറയാന്‍ തന്നെ പേടിക്കുകയാണ്. താങ്ങാനാവാത്ത നിരക്കാണെന്നതിനാല്‍ പറയാന്‍ വിഷമമുണ്ടെന്ന ആമുഖത്തോടെയാണ് ജീവനക്കാര്‍ മറുപടി പറയുന്നത്. നിരക്കില്‍ കുറവിനു സാധ്യതയില്ലെന്നും ജീവനക്കാരന്‍ സൂചിപ്പിച്ചു. ജൂണ്‍ കഴിഞ്ഞാലും നിരക്കില്‍ വലിയ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയും ഇല്ല. ചെറിയ പെരുന്നാളിനു ശേഷവും കൂടിയ നിരക്കാണ് ഓണ്‍ലൈനുകളില്‍ പ്രകടമാകുന്നത്.
കേരളത്തിലേക്കു മാത്രമല്ല, ബംഗളൂരു, മുംബൈ, പൂന, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കും നിരക്കില്‍ വലിയ കുറവൊന്നുമില്ല. കഴിഞ്ഞകാലങ്ങളില്‍ കേരളത്തിലേക്ക് നിരക്കു കൂടുമ്പോള്‍ ഈ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കാറുണ്ടായിരുന്നു. അതിനാല്‍ സാധാരണക്കാരായ പ്രവാസികള്‍ ഇവിടങ്ങളിലേക്കാണ് യാത്ര ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ ഇതിനുള്ള അവസരവും അടഞ്ഞിരിക്കുകയാണ്.
മുന്‍വര്‍ഷങ്ങളില്‍ കേരളത്തിലേക്കും മംഗലാപുരത്തേക്കും 2000 ദിര്‍ഹമില്‍ താഴെ വിലക്കു ടിക്കറ്റ് ലഭിച്ചിരുന്നു. അന്നാകട്ടെ ഇന്ധനത്തിനു ഉയര്‍ന്ന വിലയായിരുന്നു. ഇപ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് വിമാന ഇന്ധനത്തിനുള്ളത്. എന്നിട്ടും നിരക്കു കൈയെത്താദൂരത്താണ്. ടിക്കറ്റ് വിലകുതിച്ചതോടെ സങ്കടത്തിലായ പല പ്രവാസികളും നാട്ടില്‍പോകാനുള്ള നീക്കം ഉപേക്ഷിക്കാനുള്ള ആലോചനയിലാണ്. കുറഞ്ഞവരുമാനമുള്ളവര്‍ക്ക് ഒരിക്കലും താങ്ങാനാവാത്ത നിരക്കായതിനാല്‍ ഉപേക്ഷിക്കുകയില്ലാതെ മറ്റു മാര്‍ഗങ്ങളില്ലാത്തസ്ഥിതിയാണ്.
കുടുംബമായി പോകാനൊരുങ്ങുന്നവരാണ് ഏറ്റവും അധികം വിഷമിക്കുന്നത്. രണ്ടുമക്കളും രക്ഷിതാക്കളുമടങ്ങുന്ന കുടുംബത്തിനു നാട്ടിലേക്ക് ടിക്കറ്റെടുക്കണമെങ്കില്‍ ചുരുങ്ങിയത് 10,000 ദിര്‍ഹമെങ്കിലും വേണ്ടിവരും. ഒരു സാധാരണ കുടുംബത്തിനു ചിന്തിക്കാന്‍ പോലും കഴിയാത്ത തുകയാണിത്. പൊതുവെ ഭാരിച്ച ജീവിതച്ചിലവിനിടെയാണ് താങ്ങാനാവാത്ത വിമാനടിക്കറ്റ് നിരക്ക്. അതേസമയം നിരക്കു കുറയുമെന്ന പ്രതീക്ഷയിലാണ് പലപ്രവാസികളും. അതുകൊണ്ടുതന്നെ നാടെന്ന മോഹവുമായി അവര്‍ കഴിയുന്നു.